ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിച്ച തെലങ്കാന എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

Posted on: August 2, 2017 9:04 am | Last updated: August 2, 2017 at 11:47 am

ഹൈദരാബാദ്: ടോള്‍ പ്ലാസയില്‍ പണം ചോദിച്ചതിന് ജീവനക്കാരനെ തെലങ്കാന എംഎല്‍എ റാംമോഹന്‍ ഗൗഡിന്റെ മകന്‍ മനീഷ് ഗൗഡ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ലാല്‍ ബഹാദൂര്‍ നഗറില്‍നിന്നുള്ള ജനപ്രതിനിധിയാണ് റാംമോഹന്‍ ഗൗഡ്.

സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് വാഹനമോടിച്ച മനീഷ് ഗൗഡ്, അടച്ചിട്ടിരുന്ന ടോള്‍ പ്ലാസ ഗേറ്റിലൂടെ കടന്നു പോകാന്‍ ശ്രമിച്ചു. കഡ്ഗല്‍ ടോള്‍ പ്ലാസയില്‍ പണം ആവശ്യപ്പെട്ട ജീവനക്കാരനെ മനീഷ് ഗൗഡും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. രണ്ടുപേരെ മര്‍ദ്ദിക്കുകയും ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജീവനക്കാരിലൊരാള്‍ പകര്‍ത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ടോള്‍ പ്ലാസ ജീവനക്കാനു നേരെ കത്തി വീശുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന്, പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെടി രാമറാവു വ്യക്തമാക്കി. പ്രതികളായ അഞ്ചുപേരേയും അറസ്റ്റ് ചെയ്തതായി കഡ്ഗല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.