Connect with us

International

പതിനൊന്ന് വര്‍ഷത്തില്‍ എച്ച്-1ബി വിസക്ക് അപേക്ഷിച്ചത് 21 ലക്ഷം ഇന്ത്യക്കാര്‍

Published

|

Last Updated

വാഷിംഗ്ടണ്‍: കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ 21 ലക്ഷത്തിലധികം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ എച്ച്-1ബി വിസക്ക് അപേക്ഷിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്. യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ആണ് കണക്ക് പുറത്തുവിട്ടത്.

വിസക്ക് അപേക്ഷിച്ചവര്‍ക്ക് ഉയര്‍ന്ന യോഗ്യതയില്ലെന്ന ആക്ഷേപം യു എസ് സി ഐ എസ് നിഷേധിച്ചു. 11 വര്‍ഷത്തിനിടയില്‍ ഇവരുടെ ശരാശരി ശമ്പളം 92,317 ഡോളറാണ്. ഇവരില്‍ ഭൂരിഭാഗവും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുണ്ട്.

2007 മുതല്‍ ഈ വര്‍ഷം ജൂണ്‍വരെയുള്ള കണക്ക് പ്രകാരം യു എസ് സി ഐ എസിന് 34 ലക്ഷം വിസ അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷിച്ചവരില്‍ 12 ലക്ഷം പേര്‍ ഇന്ത്യക്കാരാണ്. ഇതേ കാലയളവില്‍ അമേരിക്ക 26 ലക്ഷം പേര്‍ക്ക് എച്ച്-1ബി വിസ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയില്‍ നിന്ന് എച്ച്-1ബി വിസക്കായി 296,313 അപേക്ഷ ലഭിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സ്-85918, ദക്ഷിണ കൊറിയ- 77,359, കാനഡ- 68,228 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കണക്ക്. എച്ച്- 1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ 25 നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. 20 ലക്ഷം പേര്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ വിഭാഗത്തില്‍പ്പെടുന്നവരാണ്. ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിംഗ്, സര്‍വെയിംഗ്, വിദ്യാഭ്യാസം, ഭരണവിഭാഗം, ഔഷധം, ആരോഗ്യം തുടങ്ങിയ മേഖലയില്‍ നിന്നുള്ളവരുണ്ടന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Latest