ഗ്യാസ് സബ്‌സിഡി

Posted on: August 2, 2017 6:01 am | Last updated: August 2, 2017 at 10:47 am

രാജ്യത്തെ 18 കോടി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2018 മാര്‍ച്ചോടെ സബ്‌സിഡി നിറുത്തലാക്കാനും അതുവരെ ഓരോ മാസവും നാല് രൂപ വീതം സിലിണ്ടറിന് വിലവര്‍ധിപ്പിക്കാനുമാണ് തീരുമാനം. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച രേഖാമൂലം നല്‍കിയ മറുപടിയില്‍ ലോക്‌സഭയെ ഇക്കാര്യം അറിയിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ വിലവര്‍ധനവ് നിലവില്‍ വന്നിട്ടുണ്ട്. അന്ന് മുതല്‍ സിലിണ്ടറിന് നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതുമാണ്. തിരുമാനം സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചതായിരുന്നു. ഇതടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിന് ശേഷം പത്തിലധികം തവണ സിലിണ്ടറിന് വില വര്‍ധിച്ചു. കഴിഞ്ഞ മാസാദ്യത്തില്‍ ഒറ്റയടിക്ക് 32 രൂപയാണ് കൂട്ടിയത്. ഒരു വര്‍ഷം മുമ്പ് 420 രൂപയുണ്ടായിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 480 രൂപയാണ് വില. ഒരു കുടുംബത്തിന് 12 സിലിണ്ടറാണ് വര്‍ഷത്തില്‍ സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നത്. യു പി എ ഭരണ കാലത്ത് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും ബി ജെ പിയുള്‍പ്പെടെ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടക്കാതെ പോയത്. എണ്ണം വെട്ടിക്കുറക്കരുതെന്ന് അന്ന് ശക്തിയായി വാദിച്ച ബി ജെ പി നേതൃത്വം നല്‍കുന്ന സര്‍ക്കാറാണിപ്പോള്‍ സബ്‌സിഡി പാടേ നിര്‍ത്തലാക്കുന്നതെന്നതാണ് വിരോധാഭാസം. ഈ തീരുമാനത്തിനെതിരെ പാര്‍ലിമെന്റില്‍ ഇന്നലെ പ്രതിപക്ഷം ഒറ്റക്കെട്ടായി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍, അനര്‍ഹര്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കിയതെന്നും പാവപ്പെട്ടവര്‍ക്കുള്ളത് തുടരുമെന്നും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തിരുത്തിയെങ്കിലും ഇത് ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അടവാണെന്നാണ് കരുതപ്പെടുന്നത്.

ഗ്യാസിന് നല്‍കി വരുന്ന സബ്‌സിഡി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ കുറച്ചുകൊണ്ട് വരികയായിരുന്നു. ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി വിതരണം ബേങ്ക് അക്കൗണ്ട് വഴിയാക്കിയായിരുന്നു തുടക്കം. രണ്ടാം ഘട്ടത്തില്‍ ഉയര്‍ന്ന വരുമാനക്കാരോട് സബ്‌സിഡി സ്വയം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു ഒരു കോടിയോളം പേര്‍ നിര്‍ത്തലാക്കി. തുടര്‍ന്നും പല സമ്പന്നരും സബ്‌സിഡി ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുവെന്നറിഞ്ഞ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ സബ്‌സിഡി എടുത്തുകളഞ്ഞു. ഇനിയിപ്പോള്‍ എണ്ണ വിലയുടെ കാര്യത്തില്‍ ചെയ്തത് പോലെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കി വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയാണ്.
സബ്‌സിഡിയുള്ള ഗ്യാസ് സിലിണ്ടറിന്റെ ഡല്‍ഹിയിലെ നിലവിലെ വില 477.46 രൂപയാണ്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 564രൂപയും. സബ്‌സിഡി പൂര്‍ണമായും എടുത്തു കളയുന്നതോടെ വിപണി വിലക്ക് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരാകുകയും അവരുടെ ജീവിതച്ചെലവ് ഉയരുകയും ചെയ്യും. റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്ന ആരോപണമുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിപണിവിലയില്‍ സിലിണ്ടര്‍ വില്‍പ്പന തുടങ്ങുന്നതോടെ മൊബൈല്‍ഫോണ്‍ വിപണിയില്‍ പയറ്റിയത് പോലെ റിലയന്‍സ് സൗജന്യങ്ങള്‍ വാഗ്ദാനംചെയ്തു ഗ്യാസ് ഉപയോക്താക്കളെ ആകര്‍ഷിക്കുകയും കമ്പോളത്തില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തേക്കാം. വിപണി പിടിച്ചടക്കുന്നതോടെ വില കുത്തനെ ഉയര്‍ത്തും. സ്വകാര്യ കമ്പനികളുടെ വിപണന തന്ത്രങ്ങളെ ചെറുത്തു നില്‍ക്കാന്‍ പൊതുമേഖലാ കമ്പനികള്‍ക്കാകില്ല.

സബ്‌സിഡിക്കായി സര്‍ക്കാര്‍ വന്‍തുകയാണ് പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നതെന്നും സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ ഈ പണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാകുമെന്നുമാണ് സര്‍ക്കാര്‍ ന്യായവാദം. സബ്‌സിഡി ബേങ്ക് വഴി ആക്കിയതിലൂടെയും അനര്‍ഹരായവര്‍ ഉപേക്ഷിച്ചതിലൂടെയും 2014 മുതല്‍ 2016 വരെയുള്ള കാലയളവിനിടെ മാത്രം 22,000 കോടി രൂപയുടെ ലാഭം നേടാനായെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് കണക്കുകള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും മേല്‍ക്കാലയളവില്‍ പൊതുഖജനാവിന് കൈവന്ന ലാഭം 2,000 കോടി രൂപ മാത്രമാണെന്നും സി എ ജിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 2014-15 കാലഘട്ടത്തില്‍ 36,571 കോടി രൂപയായിരുന്ന എല്‍ പി ജി ഇറക്കുമതിച്ചെലവ് 2015-16 കാലയളവില്‍ 25,626 ആയി കുറഞ്ഞിരുന്നു. ഇതിലൂടെ സര്‍ക്കാറിന് 10.945 കോടി രൂപയുടെ ലാഭമുണ്ടായി. കൂടാതെ എല്‍ പി ജി ഇറക്കുമതി 500 ടി എം ടി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതു വഴിയെല്ലാം കൈവന്ന വന്‍ ലാഭമാണ് കേന്ദ്രപെട്രോളിയം മന്ത്രാലയം എല്‍ പി ജി സബ്‌സിഡി ഇനത്തിലെ ലാഭമാക്കി പെരുപ്പിച്ചു കാട്ടിയതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോര്‍പറേറ്റുകള്‍ക്കും അതിസമ്പന്നര്‍ക്കും സഹസ്രകോടികള്‍ നികുതിയിളവ് നല്‍കുന്നതും ബേങ്ക് കുടിശ്ശിക എഴുതിത്തള്ളുന്നതും ഒരു ഭാരമായി തോന്നാത്ത ഭരണ വര്‍ഗത്തിന് എന്തുകൊണ്ടാണ് സാധാരണക്കാരുടെ ജീവിത ഭാരം കുറക്കാന്‍ മാറ്റിവെക്കുന്ന ഏതാനും കോടികള്‍ വന്‍ഭാരമായി അനുഭവപ്പെടുന്നത്? ഈ ജനദ്രോഹ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.