‘നല്ല കോഴിക്കോട്ടുകാരന്‍…’

Posted on: August 2, 2017 6:54 am | Last updated: August 9, 2017 at 8:03 pm

ബാപ്പയുടെ മേല്‍വിലാസം മാത്രമല്ല, അദ്ദേഹം പറഞ്ഞേച്ചു പോയ വാക്കുകളും വലിയ ശമനൗഷധമാണ്. പ്രാസമൊപ്പിച്ച് പറയാനും അണികളെ ആവേശം കൊള്ളിക്കാനും കഴിയുന്ന ആളായിരുന്നല്ലോ. ബഹറില്‍ മുസല്ലയിയിട്ട് നിസ്‌കരിക്കേണ്ടിവന്നാലും… എന്നമട്ടിലുള്ള എത്രയെത്ര പ്രഖ്യാപനങ്ങള്‍… വരും തലമുറക്ക് തക്ക സമയത്ത് യുക്തമായി ഉപയോഗിക്കാന്‍ പാകത്തിലുള്ള ഗഡാഗഡിയന്‍ ഡോസുകള്‍. ഒന്നാം തരം പാരസെറ്റാമോള്‍ പോലെ. മൂപ്പരെന്നല്ല, ഏതൊരു പിതാവും മക്കള്‍ക്കു വേണ്ടി ഇത്തരം ചില അത്യാവശ്യ മരുന്നുകള്‍ വീട്ടില്‍ കരുതുമല്ലോ. തലവേദനയോ പനിയോ ഇനി മറ്റു വല്ല വേദനയോ എന്തുമാകട്ടെ, ആവശ്യാനുസരണം എടുത്തു കുടിക്കാം. ആവശ്യത്തിനും അത്യാവശ്യത്തിനും വേണ്ട മരുന്നുകള്‍ ഏതൊക്കെ എന്നു ഒരു ഡോക്ടര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. രോഗി ഡോക്ടര്‍ തന്നെയാകുമ്പോള്‍ പ്രത്യേകിച്ചും.

അസഹിഷ്ണുത അന്തരീക്ഷത്തില്‍ പുക പടര്‍ത്തിയ സമയം. ഉത്തരേന്ത്യന്‍ തെരുവുകളില്‍ പാവപ്പെട്ട മുസ്‌ലിംകള്‍ കശാപ്പു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭം. ഉത്തരേന്ത്യയിലെ പശു ഗുണ്ടകളുടെ കൊല വിളികളല്ല, കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളാണ് ദേശീയ ശ്രദ്ധയില്‍ വരേണ്ടത് എന്നാണ് ഗോ രക്ഷകരുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന് തോന്നിയത്. ആര്‍ എസ് എസ് മുഖപത്രം കേരളത്തില്‍ പരിപാടികള്‍ വെച്ചു. കോഴിക്കോട്ടെ പരിപാടിയിലേക്ക് മുസ്‌ലിംകളെ പ്രതിനിധീകരിച്ച് ക്ഷണിച്ചത് പ്രതിപക്ഷ ഉപനേതാവും കലാകാരനും ഡോക്ടറും ഗായകനും ചിത്രകാരനും സര്‍വോപരി ‘ഫാസിസവും സംഘ്പരിവാറും’ എന്ന പുസ്തകത്തിന്റെ കാത്തിബുമായ നേതാവിനെ. ബി ജെ പിയുടെ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു വനിതാ ലീഗ് അധ്യക്ഷ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഊര്‍ജിതമാക്കിയ സന്ദര്‍ഭമായതുകൊണ്ടോ എന്തോ അപകടം മണത്തിട്ടാകണം, ഉടനെ വന്നു ഡോക്ടറുടെ നിഷേധ കുറിപ്പ്. തന്നെ ക്ഷണിച്ചിട്ടില്ല, സമ്മതം ചോദിക്കാതെയാണ് ക്ഷണക്കത്തില്‍ പേര് വെച്ചത്. ഫാസിസ്റ്റ് വിരുദ്ധനാണ്. ഞങ്ങളുടെ പാരമ്പര്യമതാണ്….എന്നിങ്ങനെ തുടര്‍ന്നു വിശദീകരണം. അപ്പോഴും ബാപ്പയുടെ ബഹറിലെ മുസല്ലയെ ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല. എന്തുകൊണ്ടോ, ശിവസേനയോളം വരില്ലല്ലോ ഓര്‍ഗനൈസറിലിട്ടത് എന്നൊന്നും ആരും തിരിച്ച് ചോദിച്ചതുമില്ല.

സംഗതിയതല്ല. ടിയാന്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ എന്തായിരിക്കും ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ ഓര്‍ഗനൈസറിന്റെ കാര്യപരിപാടിയില്‍ പേര് വെക്കാന്‍ മാത്രം ഇവര്‍ തമ്മിലുള്ള അടുപ്പം? എന്തായിരിക്കും ആ സൗഹൃദത്തിന്റെ രസതന്ത്രം? ശിവസേനയുടെ ഗണേശോത്സവത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്തതിന് കാരണമായി ഈ ഫാസിസ്റ്റ് വിരുദ്ധ പുസ്തകക്കാരന്‍ പറഞ്ഞത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ക്ഷണിച്ചതുകൊണ്ടാണ് എന്നാണ്. മണ്ഡലത്തിലെ ചില ഇനം വോട്ടര്‍മാര്‍ പറഞ്ഞാല്‍ നിരസിക്കാന്‍ പറ്റാത്തതായി ഫാസിസവും സംഘ്പരിവാറും എന്ന കിതാബിന്റെ രചയിതാവിന് പലതും ഉണ്ടാകുന്നത് എന്തുകൊണ്ടെന്നല്ലേ? അതിനുള്ള ഉത്തരം പ്രമുഖ പത്രത്തിലെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലില്‍ ഉണ്ട്. ബി ജെ പി കോഴയുടെ പശ്ചാത്തലത്തില്‍ വന്ന പരമ്പരയിലാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന ചില ഇടപാടുകളെ കുറിച്ച് എന്‍ ഡി എ സ്ഥാനാര്‍ഥി തന്നെ തുറന്നടിക്കുന്നത്. സമ്മതിദാനാവകാശം ഇതിന് ഇത്ര മേല്‍ മൂല്യമുണ്ടെന്ന് താമരക്കാരെക്കാള്‍ മനസ്സിലാക്കിയവര്‍ ആരെങ്കിലുമുണ്ടോ?
ബി ഡി ജെ എസിന്റെ ആളായിരുന്നു കോഴിക്കോട് സൗത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി. മലബാറില്‍ ‘ഇടപാടു’കളുള്ള മണ്ഡലങ്ങള്‍ മിക്കതും ബി ഡി ജെ എസിനായിരുന്നു എന്ന് അന്നേ കേട്ടതാണ്. എതിര്‍ സ്ഥാനാര്‍ഥിയുടെ കൈയില്‍ നിന്ന് 15 ലക്ഷം വാങ്ങി ജില്ലാ നേതാവ് വോട്ട് മറിച്ചെന്നാണ് സ്ഥാനാര്‍ഥിയുടെ പരിഭവം. പ്രചാരണത്തിന് എന്ന പേരില്‍ മണ്ഡലം ചുറ്റി വോട്ട് മറിക്കലായിരുന്നത്രേ പരിപാടി. തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടി പ്രമുഖ നേതാവ് മണ്ഡലത്തില്‍ പോലുമുണ്ടായില്ലത്രേ. 15 ലക്ഷം വാങ്ങിയതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും തെളിവായി സാക്ഷികളെ ഹാജരാക്കാന്‍ തയ്യാറായിട്ടും ചോദ്യവും ഉത്തരവും ഉണ്ടായില്ല. പാവം സ്ഥാനാര്‍ഥി. അങ്ങ് ഡല്‍ഹിയില്‍ ‘ഓര്‍ഗനൈസറി’ല്‍ പിടിപാടുള്ള പൊന്നോമനകള്‍ ഇങ്ങു കോഴിക്കോട്ടു തന്നെ ഉണ്ടാകുമ്പോള്‍ ബി ജെ ഡി സ്ഥാനാര്‍ഥിയുടെ നൊമ്പരമൊക്കെ ആരു കേള്‍ക്കാന്‍? ഏതായാലും കേരളത്തിലെ ബി ജെ പിക്കാരെ സമ്മതിക്കണം. പടച്ചോനെ പേടിച്ചില്ലെങ്കില്‍ പോകട്ടെ, ആ അമിത്ഷായെയെങ്കിലും ഒന്ന് പേടിക്കേണ്ടേ?
ഇതുകൊണ്ടൊക്കെ ഉപനേതാവിന്റെ ഫാസിസ്റ്റ് വിരുദ്ധതക്ക് വല്ല കോട്ടവും സംഭവിച്ചോ? ഇല്ലേയില്ല. ബേങ്കായ ബേങ്കുകളില്‍ നിന്നൊക്കെ ലോണെടുത്തും ഫാസിസത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയല്ലേ നമ്മുടെ പൂമാന്‍. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തില്ലെങ്കിലെന്താ, മാധ്യമ സ്വാതന്ത്ര്യത്തിനു ഒരു കോട്ടവും പറ്റരുതെന്നു വാശിയുള്ള മാധ്യമ മുതലാളിക്ക് മുന്നില്‍ ധനലക്ഷ്മി ബേങ്കിന്റെ ജപ്തി നോട്ടീസൊക്കെ വെറും കടലാസ് പുലി. മുസ്‌ലിം ലീഗിന്റെ സാക്ഷാല്‍ പുലിക്കുട്ടിക്ക് പണ്ട് കെണിവെച്ചവനാ. പിന്നെയല്ലേ കടലാസ് പുലികള്‍. ഇനിയിപ്പോള്‍ മറ്റൊരു വഴിയുണ്ട്. ഫാസിസത്തെയും സംഘ് പരിവാറിനെയും പ്രതിരോധിക്കാന്‍ വേണ്ടി അച്ചുനിരത്തിയതിന്റെ പകതീര്‍ക്കുകയാണ് ജപ്തി നോട്ടീസിലൂടെ ബേങ്ക് ചെയ്യുന്നത് എന്നൊരു കാച് കാച്ചുക. ജപ്തിയില്‍ നിന്നും രക്ഷപ്പെടാം. കച്ചവടവും പൊടിപൊടിക്കാം. വീണിടം വിഷ്ണുലോകം. അതാണ് കല. അതാകണം കലാകാരന്‍. അല്ലെങ്കിലും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റമെന്നൊക്കെ പറഞ്ഞാല്‍, പഴയ ആ ജിന്നാ തൊപ്പി പോലെ ആവശ്യാനുസരണം എടുത്തണിയാനും അഴിച്ചുവെക്കാനുമുള്ള ഒന്നാണല്ലോ. എഴുതാനും പ്രസംഗിക്കാനും പുസ്തകക്കച്ചവടം പൊടിപൊടിപ്പിക്കാനും മാത്രം ഫാസിസ്റ്റുവിരുദ്ധരാവുക എന്നത് മലയാളി സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ പണ്ടുമുതലേയുള്ള മുഖമുദ്രയാണല്ലോ. അത് വിട് ‘ഫാസിസവും സംഘ്പരിവാറും’ പുസ്തകത്തിന്റെ എത്രാമത്തെ എഡിഷനാണ് ഇപ്പോള്‍ വിപണിയില്‍ എന്നാണ് പറഞ്ഞത്? ഏതായാലും കേരള വഗേലക്ക് പൊന്നുമോന്‍ കൂട്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് നഗരത്തിന്റെ ചുമരുകള്‍ അലംകൃതമാക്കിയ പോസ്റ്ററിലെ ആ ക്യാച്ച്‌വേഡ് ഓര്‍മയില്ലേ; നല്ല കോഴിക്കോട്ടുകാരന്‍… ശരിയാണ്. നല്ല കോഴിക്കോട്ടുകാരും ചീത്ത കോഴിക്കോട്ടുകാരും എന്ന ദ്വന്ദം പണ്ടേ ഉള്ളതാണല്ലോ. ചാലപ്പുറത്തെ പഴയ ഗണേശോത്സവ സംഘാടകരെ സുഖിപ്പിക്കുന്ന മാഞ്ഞാളം വര്‍ത്തമാനം പറയാത്തത് കൊണ്ടാണല്ലോ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പലര്‍ക്കും ചീത്ത കോഴിക്കോട്ടുകാരനായത്. നല്ല കോഴിക്കോട്ടുകാര്‍ എന്നും അങ്ങനെയാണ്. അവര്‍ ചാലപ്പുറത്തുകാരെ വേദനിപ്പിക്കില്ല. അവിടുത്തെ ഒരാഘോഷത്തിലും പങ്കെടുക്കാതെയിരിക്കില്ല. സമ്മതം പോലും ചോദിക്കാതെ പോസ്റ്ററില്‍ തന്റെ പേരുവെക്കാന്‍ ആര്‍ എസ് എസ്സിന് ആത്മവിശ്വാസം നല്‍കും. വേണ്ട സമയത്ത് വേണ്ടത് പോലെ പണക്കിഴി നല്‍കി തമ്പ്രാന്‍മാരെ സന്തോഷിപ്പിക്കും. അറിവും അന്നവും തേടി മുക്കം യതീംഖാനയിലേക്കു വിരുന്നുവന്ന ഉത്തരേന്ത്യയിലെ ദരിദ്ര മുസ്‌ലിം കുട്ടികളോട് ആധാര്‍ നമ്പര്‍ എവിടെയെന്നു ഒച്ചയിടും. അവരെ ഇവിടെയെത്തിക്കാന്‍ ഉറക്കൊഴിഞ്ഞവര്‍ക്കുമേല്‍ പോസ്‌കോ ചുമത്തും. കുട്ടികളെ ഹരിയാനയിലെ ഗോരക്ഷകര്‍ക്കു വേട്ടയാടാന്‍ പാകത്തിന് വണ്ടികയറ്റിവിടും. മുസ്‌ലിം സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ മനുഷ്യക്കടത്തെന്ന് ഓര്‍ഗനൈസര്‍ അലമുറയിടുമ്പോള്‍ അതെയെന്ന് കോഴിക്കോട്ടിരുന്നു ഒപ്പനമുട്ടും. അതുകൊണ്ടൊക്കെ തന്നെ നിര്‍ണായക സമയങ്ങളില്‍ ചാലപ്പുറത്തുകാര്‍ നല്ലകോഴിക്കോട്ടുകാരെ തങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയും ചെയ്യും. മുസ്‌ലിം സമുദായം ബഹ്‌റില്‍ മുസല്ലയിട്ടു നിസ്‌കരിക്കേണ്ടി വന്നാലും ആ നല്ല കോഴിക്കോട്ടുകാര്‍ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല.

**** ******** *****
അഡ്വ. ജയശങ്കറിന്റെ പഴയ ഒരു ഉദ്ധരണി ഇവിടെ ചേര്‍ക്കാം. അദ്ദേഹത്തിന്റെതാകുമ്പോള്‍ ആര്‍ക്കും പരിഭവം ഉണ്ടാകില്ലല്ലോ. ”ബി ജെ പി വോട്ട് വിജയികളെ നിര്‍ണയിക്കുന്ന മണ്ഡലങ്ങളാണ് കോഴിക്കോട് ഒന്നും രണ്ടും. ബി ജെ പിക്കാര്‍ താമരക്ക് കുത്തിയാല്‍ ഇടതു മുന്നണി ജയിക്കും. വോട്ട് മറിച്ചാല്‍ ഐക്യമുന്നണിയും. കോഴിക്കോട് രണ്ടില്‍ (ഇപ്പോള്‍ സൗത്ത്) ബി ജെ പി 12383 വോട്ട് പിടിച്ച 1987ല്‍ സി പി എം സ്ഥാനാര്‍ഥി സി പി കുഞ്ഞ് 2277 വോട്ടിന് ജയിച്ചു. 1991ല്‍ ബി ജെ പിയുടെ വോട്ട് 5563 ആയി കുറഞ്ഞപ്പോള്‍ ലീഗിലെ എം കെ മുനീര്‍ 3883 വോട്ടിന്റെ ഭൂരിപക്ഷം നേടി. 1996ല്‍ ബി ജെ പി വോട്ട് 10782 ആയി ഉയര്‍ന്നപ്പോള്‍ സഖാവ് എളമരം കരീം ലീഗിലെ കമറുന്നിസ അന്‍വറിനെ 8766 വോട്ടിന് തോല്‍പ്പിച്ചു. ഖമറുന്നിസ അന്‍വറിനെ അരങ്ങത്തു നിന്ന് അടുക്കളയിലേക്ക് മടക്കിയയച്ച് ലീഗ് നേതൃത്വം കോഴിക്കോട് രണ്ടാം മണ്ഡലം വ്യവസായ പ്രമുഖനായ ടി പി എം സാഹിറിന് നല്‍കി. അതിന് ഫലവുമുണ്ടായി ബി ജെ പിയുടെ വോട്ട് 7345ലേക്ക് താണു. 787 വോട്ടിന് സാഹിര്‍ ജയിച്ചു.”
ഫാസിസ്റ്റുകള്‍ക്കും സംഘ്പരിവാറിനും 15 ലക്ഷം കൊടുത്താലെന്താ. ജനാധിപത്യം വിജയിച്ചില്ലേ. ബലേ ഭേഷ്.