Connect with us

International

അവര്‍ നിലവിളിക്കുകയല്ല; തഖ്ബീര്‍ മുഴക്കുകയാണ്

Published

|

Last Updated

ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ റോഹിംഗ്യന്‍ കുടുംബം

മാനവരാശിയുടെ വിമോചനത്തിന്റെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി ലോക മുസ്‌ലിംകള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ബംഗ്ലാദേശ് – മ്യാന്മര്‍ അതിര്‍ത്തിയില്‍ തക്ബീര്‍ ധ്വനികള്‍ നിലവിളികളാകുകയാണ്. വിശപ്പിന്റെയും വേര്‍പാടിന്റെയും വേദന കടിച്ചമര്‍ത്താനായി അവര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിശന്ന് കരയുന്ന കുട്ടികള്‍ക്ക് മുമ്പില്‍, പൊള്ളലേറ്റതും ബുള്ളറ്റ് തറച്ചതുമായ ശരീരങ്ങള്‍ വേദനകൊണ്ട് പുളയുമ്പോള്‍, ജീവിതത്തിനും മരണത്തിനുമിടയിലെ അവസാന ആശ്രയമായ ബംഗ്ലാദേശ് അതിര്‍ത്തി തുറക്കുന്നതും നോക്കിക്കൊണ്ടുള്ള കാത്തിരിപ്പ് അസഹ്യമായിക്കൊണ്ടിരിക്കുമ്പോള്‍ റാഖിനെയില്‍ നിന്നെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പെരുന്നാള്‍ ദിനം പോലും ഭീതിതമാണ്. ഇവര്‍ മുഴക്കുന്ന തക്ബീര്‍ ധ്വനികളില്‍ ആഹ്ലാദമല്ല; നെഞ്ചുരുകിയുള്ള പ്രാര്‍ഥനയാണുള്ളത്.
ഭീതിയുടെ മുനമ്പില്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ മലയോരങ്ങള്‍ താണ്ടിയാണ് മ്യാന്മര്‍ സൈന്യത്തിന്റെ കൊടുംക്രൂരതയില്‍ നിന്ന് ഇവര്‍ രക്ഷനേടിയത്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മ്യാന്മര്‍ സൈന്യവും ബുദ്ധതീവ്രവാദികളും നടത്തുന്ന വംശഹത്യാ ആക്രമണങ്ങളെ തുടര്‍ന്ന് 20000ത്തോളം പേര്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലെ മോംഗ്‌ഡോവിലെത്തിയിട്ടുണ്ട്. നാഫ് നദി കടന്ന് മലകള്‍ താണ്ടിയാണ് ഇവര്‍ അന്ത്യാശ്രയം എന്ന നിലക്ക് ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം 80,000ത്തോളം റോഹിംഗ്യകള്‍ക്ക് അഭയം നല്‍കിയ ബംഗ്ലാദേശ് സര്‍ക്കാറിന് ഇനിയും റോഹിംഗ്യകളെ സ്വീകരിക്കാനാകില്ലെന്ന നിലപാടാണുള്ളത്. എങ്കിലും ആറ് ദിവസത്തിനിടെ 18,500 റോഹിംഗ്യകള്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നും നാല് ലക്ഷത്തിലധികം റോഹിംഗ്യകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നും ബംഗ്ലാദേശ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
റോഹിംഗ്യകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനയായ അറാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി (എ ആര്‍ എസ് എ)യുമായി കഴിഞ്ഞയാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് റാഖിനെയില്‍ വ്യാപകമായി വംശഹത്യാ ആക്രമണങ്ങള്‍ അരങ്ങേറിയത്. സൈന്യവും പോലീസും നടത്തുന്ന ആക്രമണത്തിനൊപ്പം ബുദ്ധതീവ്രവാദികളും ആയുധങ്ങളേന്തി റാഖിനെയെ ദുരന്തഭൂമിയാക്കുകയാണ്. റോഹിംഗ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സംഘടിച്ചുള്ള ആക്രമണങ്ങളാണ് സൈന്യം നടത്തുന്നത്. കുടിലുകള്‍ അഗ്നിക്കിരയാക്കിയും സ്ത്രീകളെന്നോ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ റോഹിംഗ്യകളെയും തുരത്തിയോടിച്ചും അവര്‍ നരനായാട്ട് തന്നെ നടത്തുകയാണ്.
റോഹിംഗ്യന്‍ വംശജരുടെ വിമോചനം ഉയര്‍ത്തി ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന സലഫിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധ സംഘമാണ് അറാകന്‍ ആര്‍മി. താലിബാനില്‍ നിന്നും ലിബിയയിലെ സലഫിസ്റ്റ് തീവ്രവാദി സംഘടനകളില്‍ നിന്നും പരിശീലനം നേടിയ അതാഉല്ലയെന്ന പാക് പൗരനായ റോഹിംഗ്യന്‍ വംശജനാണ് സൈനിക സംഘത്തിന്റെ മേധാവി. കഴിഞ്ഞ വര്‍ഷം എ ആര്‍ എസ് എയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണമാണ് ഒരുലക്ഷത്തോളം റോഹിംഗ്യകളുടെ കൂട്ടപ്പലായനത്തിന് കാരണമായത്. കഴിഞ്ഞ ഒക്ടോബറിലുണ്ടായ ഈ ആക്രമണങ്ങളെ കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് യു എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തിലുള്ള സംഘം പുറത്തുവിട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണവുമായി എ ആര്‍ എസ് എ രംഗത്തെത്തിയത്. റോഹിംഗ്യകളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത മ്യാന്മര്‍ സര്‍ക്കാറിന് കൃത്യ സമയത്ത് ലഭിച്ച ആയുധമായിരുന്നു അറാക്കന്‍ ആര്‍മിയുടെ ആക്രമണം. 12 സുരക്ഷാ സൈനികരും 77 സായുധ സംഘവും കൊല്ലപ്പെട്ട മോംഗ്‌ഡോവിലെ ആക്രമണത്തിന്റെ പേര് പറഞ്ഞ് റാഖിനെയിലെ റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ സൈന്യം ചുട്ടുചാമ്പലാക്കി. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പത്തോളം റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കിയതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിട്ടുണ്ട്. അഭയാര്‍ഥികള്‍ക്ക് സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന ബിസ്‌കറ്റുകളുടെ പാക്കറ്റ് സായുധ സൈന്യത്തിന്റെ പരിശീലനം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയെന്ന് ആരോപിച്ച് റോഹിംഗ്യകള്‍ക്കിടയില്‍ നടത്തുന്ന വിവിധ സന്നദ്ധ സംഘടനകളുടെ ഭക്ഷ്യവിതരണവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. സമാധാന നോബെല്‍ സമ്മാന ജേതാവും നിലവില്‍ മ്യാന്മര്‍ ചാന്‍സലറുമായ ആംഗ് സാന്‍ സൂക്കിയുടെ ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ക്ക് നല്‍കിയത്. ഭക്ഷണം ലഭിക്കാതെയാണ് തങ്ങളിപ്പോള്‍ ജീവിക്കുന്നതെന്ന് ടൈം റിപ്പോര്‍ട്ടറോട് 20കാരനായ റോഹിംഗ്യന്‍ വംശജന്‍ വ്യക്തമാക്കി. സൈന്യത്തെ ഭയന്ന് മലമുകളില്‍ കയറിയ സംഘം പച്ചിലകള്‍ കഴിച്ചാണത്രെ പശിയടക്കുന്നത്.
അതിനിടെ, റോഹിംഗ്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിചിത്രമായ വിശദീകരണവുമായി മ്യാന്മര്‍ സര്‍ക്കാര്‍ രംഗത്തെത്തി. വീടിന് സ്വയം തീവെച്ച് അവര്‍ വീടുവിട്ടിറങ്ങുകയാണെന്നാണ് വിദേശികളായ റിപ്പോര്‍ട്ടറോട് സാമുഹിക ക്ഷേമ മന്ത്രി വിന്‍ മ്യാത് അയെ വ്യക്തമാക്കിയത്. തങ്ങള്‍ക്കെതിരായി വന്ന യു എന്‍ റിപ്പോര്‍ട്ടിനെയും ഇതേതുടര്‍ന്നുള്ള ചര്‍ച്ചകളും വഴിതിരിച്ചുവിടാന്‍ എ ആര്‍ എസ് എയുടെ ആക്രമണത്തെ മ്യാന്മര്‍ ഉപയോഗിച്ചുവെന്ന് വേണം കരുതാന്‍.

Latest