നിച് വിപണിയിലേക്ക് പ്രവേശിച്ച് ഹോട്ടലുകള്‍ സഞ്ചാരികളെ ആകര്‍ഷിക്കണമെന്ന് വിദഗ്ധന്‍

Posted on: August 1, 2017 11:22 pm | Last updated: August 1, 2017 at 11:22 pm

ദോഹ: ഒരു പ്രത്യേക ഉത്പന്നത്തെ മാത്രം കേന്ദ്രീകരിച്ചുള്ള നിച് വിപണിയിലേക്ക് രാജ്യത്തെ ഹോട്ടലുകള്‍ പ്രവേശിച്ച് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാമെന്ന് വിദഗ്ധന്‍. ഖത്വര്‍ ടൂറിസം അതോറിറ്റി (ക്യു ടി എ) പുതിയ വിപണികള്‍ തുറക്കുന്നത് സാധ്യതയായി ഹോട്ടലുകള്‍ കാണണം. പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് നിച് വിപണിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കേണ്ടതെന്നും ഷെറാട്ടണ്‍ ഗ്രാന്‍ഡ് ദോഹ ജനറല്‍ മാനേജര്‍ സഈദ് ഹൈദരി ചൂണ്ടിക്കാട്ടി.

കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും യാത്രാകേന്ദ്രമായി സ്ഥാപിക്കാനും ഖത്വറിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ നിലവിലുണ്ട്. കായികം, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യം, എണ്ണ- വാതക വ്യവസായം തുടങ്ങി ഭാവിയില്‍ ഒരുപാട് അവസരങ്ങളുള്ള രാഷ്ട്രമാണ് ഖത്വര്‍. യാത്രയിലും പുതിയ അനുഭവങ്ങളിലും താത്പര്യമുള്ള ജനങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ വ്യത്യസ്ത നിച് വിപണികള്‍ ഉള്‍ക്കൊള്ളും. ക്യു ടി എയുടെ അന്താരാഷ്ട്ര റോഡ് ഷോകളിലൂടെ വിവിധ തരത്തിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും. പ്രത്യേക ഓഫറികളൂടെ രാജ്യത്ത് പുതിയ നിച് വിപണിക്ക് പിന്നാലെ പോകാന്‍ സാധിക്കും.

ഹോട്ടല്‍ വിപണിക്ക് വളരാനുള്ള വലിയ അവസരങ്ങളാണ് ഇവ തുറന്നിടുന്നത്.
ലോകത്തെ വലിയ യാത്രാ വിപണിയിലൊന്നാണ് ചൈന. ചൈനീസ് യാത്ര വിപണിയുടെ 0.1- 0.2 ശതമാനം മാത്രം ലഭിച്ചാല്‍ മതി ഖത്വറിന്. രാജ്യത്ത് അതിന് മാത്രം പോന്ന ഹോട്ടലുകള്‍ ഇല്ലെങ്കിലും വിസ ഉദാരമാക്കിയത് സഹായിക്കും. എല്ലാവരും വാരാന്ത്യങ്ങളില്‍ മാത്രം യാത്ര ചെയ്യുന്നവരല്ല. അതിനാല്‍ പ്രാദേശിക വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രാദേശിക വിപണി സംബന്ധിച്ച കര്‍മപദ്ധതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രാദേശിക ഉത്പന്നങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. സംരംഭകര്‍ക്കും പ്രാദേശിക വ്യവസായികള്‍ക്കും വലിയ സാധ്യതകളുള്ള സമയമാണിത്. ഇത് പ്രാദേശിക വിപണികള്‍ക്ക് ഗുണപ്രദമാകും. പുതിയ വിപണികളും പുതിയ ആശയങ്ങളും കടന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.