വാഹനാപകടത്തില്‍ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ മന്ത്രിയുടെ ധനസഹായം

Posted on: August 1, 2017 8:10 pm | Last updated: August 1, 2017 at 8:10 pm

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞ പട്ടികജാതി യുവാവിന്റെ മൃതദേഹം പണമടയ്ക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചു. വിഷയം സ്ഥലം എംഎല്‍എ പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി സഹായം വാഗ്ദാനം ചെയ്തത്.

കോഴിക്കോട് മലാപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ രേണുകയുടെ മകന്‍ അര്‍ജുന്‍കിഷന്‍ (18) ജൂലൈ 22 ന് രാവിലെ ഏഴ് മണിക്ക് കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാര്‍ നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും വൈകിട്ടോടെ യുവാവ് മരിച്ചു. 83,234 രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. യുവാവിന്റെ പിതാവ് നേരത്തെ മരണമടഞ്ഞു. യുവാവാണ് കുടുംബത്തിന്റെ വരമാന മാര്‍ഗം. വാസയോഗ്യമായ ഒരു വീട് പോലും കുടുംബത്തിനില്ല. ഈ സാഹചര്യത്തില്‍ തുക കണ്ടെത്താന്‍ കുടുംബത്തിന് ആകുമായിരുന്നില്ല. കോഴിക്കോട് മേയര്‍ ആശുപത്രിയുമായി ബന്ധപ്പെടുകയും നാട്ടുകാര്‍ പതിനായിരം രൂപ സമാഹരിച്ച് നല്‍കുകയും ബാക്കി തുക രണ്ട് ദിവസത്തിനകം അടക്കാമെന്ന മേയറുടെ ഉറപ്പിന്‍മേല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കി.

കുടുംബത്തിന്റെ സ്ഥിതി സ്ഥലം എംഎല്‍എ പ്രദീപ് കുമാര്‍ ഉടന്‍ മന്ത്രി എ കെ ബാലന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപേക്ഷ നല്‍കിയാല്‍ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അടിയന്തിരമായി തുക നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. 25 ന് മാതാവ് അപേക്ഷ നല്‍കി. 27 ന് 83,234 രൂപ അനുവദിച്ച് മന്ത്രി ഉത്തരവിട്ടു. 31 ന് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങി.