ഷാര്‍ജയില്‍ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധന

Posted on: August 1, 2017 8:06 pm | Last updated: August 1, 2017 at 8:06 pm

ഷാര്‍ജ: ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ധന. നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 3,108 പുതിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ ഷാര്‍ജ ചേംബറിന് കീഴില്‍ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണം 67,796 ആയി. മൊത്തം സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 4.8 ശതമാന വളര്‍ച്ചയാണ് നടപ്പുവര്‍ഷം ഉണ്ടായത്. ആശാവഹമായ വളര്‍ച്ച ഷാര്‍ജ നഗരത്തെ മികച്ച വിദേശ നിക്ഷേപകരുടെ ശ്രദ്ധാ കേന്ദ്രമാക്കുന്നതിന് കരുത്തുപകര്‍ന്നിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

നിലവിലെ സ്ഥാപനങ്ങളുടെ പുതുക്കിയ രജിസ്‌ട്രേഷന്‍ പ്രക്രിയ 99 ശതമാനവും പൂര്‍ത്തീകരിച്ചത് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ്. മികച്ച വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അത്യാധുനികമായ ഇ- സര്‍വീസ് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതല്‍ സുരക്ഷിതമായ ചുറ്റുപാടുകളൊരുങ്ങുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. സ്വകാര്യ മേഖലക്ക് ഉന്നതമായ സൗകര്യങ്ങളാണ് ഷാര്‍ജ ചേംബര്‍ ഒരുക്കുന്നത്.
ഷാര്‍ജയെ മേഖലയിലെ മികച്ച കമ്പോളമായി ഉയര്‍ത്തുന്നതിന് അത്യാധുനിക ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ ഉള്‍പെടുത്തുന്നതിലൂടെ മികച്ച സംരംഭക കേന്ദ്രമായി വളര്‍ത്തുന്നതിന് കഴിഞ്ഞുവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ വ്യപാര മേഖലയില്‍ വെല്ലുവിളികള്‍ നേരിട്ടപ്പോഴും ഷാര്‍ജ വ്യാപാര മേഖലയെ ബാധിച്ചിരുന്നില്ല. വെല്ലുവിളികള്‍ നേരിടുന്നതിനൊപ്പം കൂടുതല്‍ സംരംഭകരെയും നിക്ഷേപകരെയും ഷാര്‍ജയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. യു എ ഇ ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ധിഷണാപരമായ നേതൃപാടവത്തിലൂടെയാണ് ഷാര്‍ജയുടെ വ്യാപര വളര്‍ച്ച മികവുറ്റതാക്കാന്‍ കഴിഞ്ഞതെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍
അല്‍ ഒവൈസ് പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ വ്യാപാര സ്ഥാപനങ്ങളുടെ വളര്‍ച്ച 70,000 എന്നതിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതിനാണ് തങ്ങളുടെ പരിശ്രമം. വിദേശ രാജ്യങ്ങളില്‍ വ്യാപാര സംബന്ധിയായ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. നിക്ഷേപക, വ്യാപാര മേഖലയിലെ കൂടുതല്‍ പ്രതിനിധികളെ ആകര്‍ഷിക്കുന്നതിന് ഷാര്‍ജയില്‍ വ്യത്യസ്തങ്ങളായ കാമ്പയിനുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.