Connect with us

Articles

കൊച്ചു ടി വികളും കൂട്ടുകാരും

Published

|

Last Updated

ടി വി ചാനലുകളുടെ പ്രധാന ഗുണഭോക്താക്കള്‍ സ്ത്രീകളും കുട്ടികളുമായിരുന്നു. സ്ത്രീകളില്‍ നിന്ന് ചാനലുകള്‍ കുട്ടികളിലേക്ക് ലക്ഷ്യം മാറ്റിക്കൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കുട്ടികളെ ഉദ്ദേശിച്ചു കൊണ്ടുള്ള എപ്പിസോഡുകളാണ് ആധുനിക ചാനലുകളുടേത്. കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പൊതു ചാനലുകളിലെ പ്രോഗ്രാമുകള്‍ക്കു പുറമെ കുട്ടികള്‍ക്കായി നിരവധി ചാനലുകളാണ് രംഗത്തുള്ളത്.
എത്ര കളിച്ചിട്ടും മതിവരാതെ ഇരുട്ടിനെ കുറ്റം പറഞ്ഞ് മുറ്റത്ത് നിന്ന് കണ്ണീരോടെ മടങ്ങിയിരുന്ന കുട്ടിക്കാലമാണ് മുമ്പുണ്ടായിരുന്നത്. ക്രിക്കറ്റും ഫുട്‌ബോളും മാത്രമായിരുന്നില്ല കളികള്‍. സാറ്റും കൈപ്പന്തും തലപ്പന്തും കുട്ടിയും കോലും കള്ളനും പോലീസും ഗോലിയും ഷട്ടിലും വോളിബോളുമെല്ലാം കളികളായിരുന്നു. എന്നാല്‍ ടെലിവിഷന്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ മതിമറന്ന ഇന്നത്തെ കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ അഭിരമിക്കുകയാണ്. വൈകുന്നേരം കളിക്കണമെന്ന് കൊതിക്കുന്ന കുട്ടികള്‍ക്ക് റിമോട്ടും നല്‍കി വീട്ടില്‍ അടക്കിയിരുത്തുന്ന രക്ഷിതാക്കളാണ് ഏറ്റവും വലിയ ദുരന്തം. കുട്ടികളുടെ കരച്ചില്‍ നിര്‍ത്താനുള്ള എളുപ്പമേറിയ വഴിയാണ് റിമോട്ട്. കളിക്കോപ്പുകള്‍, കളിപ്പാവകള്‍ എന്നിവയില്‍ നിന്നും കുട്ടികള്‍ തന്നെ വഴിമാറിയിരിക്കുന്നു. കുട്ടികളുടെ മനസ്സില്‍ പുതിയ ദൃശ്യ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ വിജയിച്ചിരിക്കുന്നു.

കലകള്‍ക്കും ആരോഗ്യത്തിനും ഭീഷണിയാണ് ടെലിവിഷന്‍ എന്ന് പറഞ്ഞത് മാര്‍ക്കോ വെല്ലോക്കെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മാനുഷിക മുഖമുള്ള കലകള്‍ ടി വിയിലെ അര്‍ഥശൂന്യമായ കോമഡി സീനുകള്‍ കാരണമായി നശിക്കുന്നു. കുട്ടികളെ ചിരിക്കാന്‍ പഠിപ്പിച്ചത് ചാനലുകളാണെന്ന് ഒരു ചാനല്‍ മാഗസിന്‍. വീട്ടില്‍ കോമഡി സീന്‍ കണ്ടിട്ട് രംഗം മറന്ന് ചിരിക്കുന്ന കുട്ടികളെ കണ്ട് അടുക്കളയില്‍ നിന്ന് മാതാവ് സന്തോഷിക്കുന്ന രംഗങ്ങള്‍ സാധാരണയാണ്. സത്യത്തില്‍ ഈ ചിരി ഒരു നല്ല സൂചനയാണോ?
ദൃശ്യരംഗത്ത് ചാനലുകള്‍ സജീവമായതോടെ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ ആനിമേഷന്‍ഗ്രാഫിക് ഡിസൈനിന്റെ വരവോടെ തുല്യതയില്ലാത്ത വിപ്ലവമാണ് ഈ രംഗത്ത് അരങ്ങേറിയത്. ഡിജിറ്റല്‍ ദൃശ്യങ്ങള്‍ കൊണ്ടുള്ള ചിത്രീകരണങ്ങള്‍ കുട്ടികളുടെ മനസ്സില്‍ പുതിയ ഫ്രെയിമുകള്‍ സമ്മാനിക്കുകയാണ്. ഭാവന ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും ചിത്രീകരിക്കാന്‍ കഴിയുന്ന ഇത്തരം കാര്‍ട്ടൂണ്‍, ഗ്രാഫിക്‌സ് ചിത്രങ്ങള്‍ ഭാവനാശേഷിയെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്.

കുട്ടികളുടെ ആര്‍പ്പുവിളികള്‍ കൊണ്ടും ഉല്ലാസങ്ങള്‍ കൊണ്ടും തിമിര്‍പ്പുകള്‍ കൊണ്ടും ഉല്ലാസ പൂര്‍ണമായിരുന്നു നമ്മുടെ വീടുമുറ്റങ്ങള്‍ ശൂന്യമായത് കൊച്ചു ടി വികളുടെ കടന്നു വരവോടെയാണ്. ഗ്രാഫിക് ഡിസൈന്‍ കൊണ്ട് വര്‍ണാഭമാര്‍ന്ന അമാനുഷിക കഥാപാത്രങ്ങള്‍ക്ക് മുമ്പില്‍ ശ്വാസം അടക്കിപ്പിടിച്ച് കൊണ്ടിരിക്കുകയാണ് ഇന്നത്തെ കുട്ടികള്‍. കമ്പ്യൂട്ടര്‍ നിര്‍മ്മിതമായ ഇത്തരം കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടികളും.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ചാനലുകളുടെ നീണ്ട നിരയുണ്ട് നമ്മുടെ ടെലിവിഷന്‍ നെറ്റുവര്‍ക്കുകളില്‍. കുട്ടികളെ കുടുകുടാ ചിരിപ്പിക്കുകയും സാങ്കല്‍പിക ലോകത്തേക്ക് എത്തിക്കുകയും ചെയ്യുകയാണിപ്പോള്‍. ലഭ്യമായ സാങ്കേതിക സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട് ടെലിവിഷന്‍ ചാനലുകള്‍ മുന്നേറുമ്പോള്‍ നശിക്കുന്നത് നമ്മുടെ കുട്ടികളുടെ ഭാവി കൂടിയാണെന്ന് മറക്കരുത്.

ശിശു കേന്ദ്രീകൃത ചാനല്‍ വ്യവസായം പൊടിപൊടിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചാനലുകളില്‍ പ്രധാനപ്പെട്ടവയാണ് ടോം ആന്‍ഡ് ജെറി,ചോട്ടാ ഭീം, കിഡ്‌സ്, ഡിസ്‌നി എക്‌സ്, ഡിസ്‌നി ജൂനിയര്‍, കലൈഞ്ചര്‍ ചിത്തിരം, ഖുഷി ടി വി, ചൂടി ടി വി, റാ ജൂനിയര്‍, കൊച്ചു ടി വി, നിക് ജൂനിയര്‍, നിക് ജൂനിയര്‍ ഇന്ത്യ, ആനിമിക്‌സ്, കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്, പോഗോ എന്നീ ചാനലുകള്‍. നമ്മള്‍ പലരും കേട്ടിട്ടു പോലുമില്ലാത്ത ഈ ചാനലുകളെയെല്ലാം കുട്ടികള്‍ക്ക് സുപരിചിതമാണ്. ഇത്തരം ചാനലുകളുടെ ഉയര്‍ന്ന റേറ്റിംഗ് സൂചിപ്പിക്കുന്നത് കുട്ടികളുടെ ടി വി ഉപയോഗമാണ്. കുട്ടി പരിപാടികള്‍ക്കിടയില്‍ പരസ്യം നല്‍കാന്‍ വന്‍ കമ്പനികള്‍ മത്സരിക്കുകയും ചെയ്യുന്നു. നിലനില്‍പ്പ് മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം ചാനലുകള്‍ പഠനത്തിന് ഉപകരിക്കുന്ന എപ്പിസോഡുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തയ്യാറല്ല. ചാനലുകള്‍ക്ക് തങ്ങളുടെ കമ്പോളം വീര്‍പ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണ് കുട്ടികളും.

അമാനുഷികമായ അനിമേഷന്‍ സൗകര്യങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചുണ്ടാക്കിയ കഥാപാത്രങ്ങള്‍ കുട്ടികളുടെ മസ്തിഷ്‌കത്തെ പ്രചോദനം ചെയ്യുന്നതാണ്. ഇത്തരം കഥാപാത്രങ്ങള്‍ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. കുങ്ഫു പാണ്ട, ബാംബു ബോയ്‌സ്, മോഗ്ലി, പോപ്പോയി, ടോം ആന്റ് ജെറി, സൊണാള്‍ഡക്ക്, മിക്കി മൗസ്, സൂപ്പര്‍മാന്‍, ഫാന്റം, സ്‌പൈഡര്‍മാന്‍, ശക്തിമാന്‍, അയണ്‍മാന്‍, പിങ്ക് പാന്തര്‍, ഷേര്‍ഖാന്‍, റണ്‍സിംഗറൂണ്‍, സ്റ്റുവര്‍ട്ട് ലിറ്റല്‍ തുടങ്ങിയ കാഥാപാത്രങ്ങളെല്ലാം കുട്ടികള്‍ക്ക് പരിചിതമാണ്.

ഒരു കാലത്ത് കാട്ടിലെ മൃഗങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ അധ്യാപകര്‍ക്ക് ഏറെ പ്രയാസമായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി. കുട്ടികള്‍ അധ്യാപകര്‍ക്ക് മുമ്പേ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ്. അധ്യാപകര്‍ പറയുന്നതില്‍ അവര്‍ക്ക് പുതുമയോ കൗതുകമോ ഇല്ല. ഇത് ക്ലാസുകളെ അരോചകമാക്കുന്നു. ടി വി ചാനലുകള്‍ നിരന്തരം കാണുന്ന കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം തെളിയിക്കുന്നത് കുട്ടികള്‍ എഴുതാന്‍ മടിയുള്ളവരായി മാറുന്നുവെന്നതാണ്. എഴുത്തിനോടും വായനയോടും മടിയുള്ള കുട്ടികളെയാണ് ഈ ചാനലുകള്‍ സൃഷ്ടിക്കുന്നത്. കൈയ്യക്ഷരം മോശമായ നൂറ് കുട്ടികളില്‍ 76 ശതമാനം പേരും ടി വിയുടെ അടിമകളാണ് എന്നാണ് കണക്കുകള്‍.
ആധുനിക ഫോട്ടോഗ്രാഫിയും ആനിമേഷന്‍ ചിത്രങ്ങളും കുട്ടികളുടെ പഠനത്തെയും ജീവിതത്തെയും വലിയ തോതില്‍ ബാധിക്കും. ഒരു ലക്ഷണമൊത്ത സിനിമ ചിത്രീകരിക്കണമെങ്കില്‍ കോടികള്‍ ആവശ്യമാണ്. ഒരു കാര്‍ട്ടൂണ്‍ പ്രോഗ്രാം, ആനിമേഷന്‍ ചിത്രം തയ്യാറാക്കാന്‍ ഒരു നല്ല കമ്പ്യൂട്ടര്‍ മാത്രം മതി. അതുകൊണ്ട് തന്നെ കൂടുതല്‍ മുതല്‍ മുടക്കില്ലാത്ത ആ ഏര്‍പ്പാടാണ് കുട്ടികള്‍ക്കുള്ള ചാനല്‍ എപ്പിസോഡുകള്‍. ഒരു കമ്പ്യൂട്ടര്‍ കൊണ്ട് തയ്യാറാക്കാന്‍ പറ്റുന്ന ഇത്തരം ചിത്രങ്ങള്‍ക്കുള്ള നിലവാരത്തെക്കുറിച്ചോ ഉദ്ദേശ ശുദ്ധിയെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. ഒരു ഡിസൈനര്‍ക്ക് തോന്നുന്ന ഏത് രൂപത്തിലും കഥാപാത്രങ്ങള്‍ നിര്‍മിക്കാം. പല ആനിമേറ്റ്ഡ് കഥാപാത്രങ്ങളും രസികന്‍ ചിത്രങ്ങളും സാഹസിക ചിത്രീകരണങ്ങളും കുട്ടികളുടെ ബുദ്ധിയെ നശിപ്പിക്കുന്നവയാണ്. കുട്ടികളെ ഇത്തരം കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ക്ക് മുന്നിലേക്ക് തള്ളിയിട്ട് അതിനടിമയാക്കി കുട്ടികളെ നശിപ്പിക്കരുത്.

സ്‌ഫോടനാത്മകമായ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചാനല്‍ നെറ്റ്‌വര്‍ക്കുകളും മുന്നേറിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെയും സ്ത്രീകളെയും കൂടെ നിര്‍ത്താന്‍ തങ്ങള്‍ക്കാവുന്ന വഴികളെല്ലാം ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളെ കൂടെ നിര്‍ത്താനാവശ്യമായ ചേരുവകള്‍ കലര്‍ത്തി കുട്ടി ചാനലുകള്‍ പണം വാരിക്കൊണ്ടിരിക്കുന്നു. കുട്ടികളെ കൂടെ കൂട്ടിയാല്‍ മാത്രമേ ചാനലുകള്‍ക്ക് നിലനില്‍പ്പുള്ളൂ എന്നതാണ് സത്യം. കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുക എളുപ്പമായതിനാലും ഇളം പ്രായത്തില്‍ തന്നെ ടെലിവിഷന്‍ പ്രേമം കുത്തിക്കയറ്റല്‍ നിലനില്‍പ്പിന്ന് ആവശ്യമായതിനാലുമാണ് ചാനലുകള്‍ കുട്ടികളിലേക്ക് നേരെ തിരിഞ്ഞത്. ഇത്തരം ശ്രമങ്ങള്‍ക്ക് ചാനല്‍ തമ്പുരാക്കന്‍മാര്‍ ശ്രമിച്ചു കൊണ്ടിരിക്കും.

ചില ചാനലുകള്‍ വിജ്ഞാന പ്രദമായ പ്രോഗ്രാമുകളുമായി രംഗത്തുണ്ട് എന്ന വസ്തുത നിഷേധിക്കുന്നില്ല. ചുരുക്കം ചില ഗുണപാഠങ്ങളും ജനറല്‍ നോളജിനെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുമായി ചില ചാനലുകള്‍ ഉണ്ടെങ്കിലും അത് ആരും മുഖവിലക്കെടുക്കുന്നില്ല. ലാറ്റിനമേരിക്കയിലും യൂറോപ്പിലും കുട്ടി ചാനലുകള്‍ അധികവും വിജ്ഞാന പ്രദമാക്കി മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരം ശ്രമങ്ങളാണ് ഇനി വേണ്ടത്.

---- facebook comment plugin here -----

Latest