വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പിതാവിന്റെ വക വാഴത്തൈ

Posted on: August 1, 2017 11:30 am | Last updated: August 1, 2017 at 11:32 am
ചെറവന്നൂര്‍ നീര്‍ക്കാട്ടില്‍ അലവിയുടെ മകള്‍ അനീഷ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്ക് വാഴത്തൈ നല്‍കുന്നു

കല്‍പകഞ്ചേരി: മക്കളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരെ ടിഷ്യുകള്‍ച്ചര്‍ വാഴതൈ നല്‍കി സ്വീകരിച്ചത് പിതാവും സുഹ്യത്തുക്കളും. വളവന്നൂര്‍ ചെറവന്നൂരിലെ നീര്‍ക്കാട്ടില്‍ അലവി എന്ന കുഞ്ഞിപ്പ-മറിയാമു ദമ്പതികളുടെ മകനും ജി സി സി പ്രവര്‍ത്തകനുമായ അഫ്‌സലും തിരുനാവായ വെള്ളാടത്ത് കോയ ഹാജിയുടെ മകള്‍ റാഷിദയും നീര്‍ക്കാട്ടില്‍ അലവിയുടെ മകള്‍ അനീഷയും മയ്യേരിച്ചിറയിലെ കുഴിക്കാട്ട്‌ചോല കുഞ്ഞാലി മകന്‍ മുഹമ്മദ് ശരീഫും തമ്മില്‍ കൂറുക്കോള്‍കുന്നിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിലാണ് ഈ പുതുമയാര്‍ന്ന അതിഥി സ്വീകരണം നടന്നത്.

ഇതിനായി തവനൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്ന് 2000 വാഴതൈകളാണ് എത്തിച്ചത്. ഒരാഴ്ച മുമ്പ് ജി സി സി സെക്രട്ടറിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്ക് പച്ചക്കറി വിത്ത് നല്‍കിയും ഇതേ വാട്‌സ്ആപ്പ് കൂട്ടായ്മ മാതൃക കാട്ടിയിരുന്നു. വളവന്നൂര്‍, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ സന്നദ്ധ ജീവകാരുണ്യ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് ജി സി സി ക്ലോസ് ഫ്രണ്ട്‌സ് സഖാക്കള്‍. സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് വിവാഹ സത്കാരത്തിന് അതിഥികളെ സ്വീകരിക്കാന്‍ ഈ വാട്‌സ്ആപ്പ് കൂട്ടായ്മക്ക് കീഴില്‍ അംഗങ്ങളായവരുടെയും മക്കളുടെയും വിവാഹ ചടങ്ങുകളില്‍ തൈകളും വിത്തുകളും നല്‍കിയത്.