പാനമ രേഖകളും ഇന്ത്യന്‍ സ്രാവുകളും

Posted on: August 1, 2017 10:52 am | Last updated: August 1, 2017 at 10:52 am
SHARE

പാനമ രേഖകളുടെ ചോര്‍ച്ച അയല്‍ രാജ്യമായ പാകിസ്ഥാനില്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രകമ്പനത്തിന് പിന്നാലെ ലിസ്റ്റില്‍ പേരുള്ള ഇന്ത്യക്കാരെ സംബന്ധിച്ച അന്വേഷണം എവിടെ എത്തി എന്ന ചോദ്യം ഉയരുന്നു. ലോകത്ത് നൂറിലേറെ പത്രപ്രവര്‍ത്തകരുടെ മാസങ്ങള്‍ നീണ്ട കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ പുറത്തുവന്ന കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യക്കാരുടെയും കൂട്ടത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായികളും ബോളിവുഡ് താരങ്ങളും ഉള്‍പ്പെടെ 500 ലേറെ ഇന്ത്യക്കാരും ഉള്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മുന്നൂറോളം ഇന്ത്യന്‍ വിലാസങ്ങള്‍ തങ്ങള്‍ പരിശോധിച്ചു ഉറപ്പുവരുത്തിയതായി ജേര്‍ണലിസ്റ്റ് കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന ഇന്ത്യന്‍ എക്‌സ്പ്രസ്സ് വെളിപ്പെടുത്തുന്നു. ഇക്കാര്യം പുറത്തു വന്നതോടെ പ്രധാനമന്ത്രി മോദി നേരിട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും റിട്ട. ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തില്‍ സി ബി ഐ, റോ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവയുടെ ഡയറക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. സമഗ്ര അന്വേഷണത്തിലൂടെ കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തുമെന്ന് ജസ്റ്റിസ് ഷാ പ്രഖ്യാപിക്കുകയുമുണ്ടായി. അക്കാലത്ത് തന്നെയാണ് ഇതുസംബന്ധിച്ച പാക്കിസ്ഥാനിലെ അന്വേഷണ നടപടികളും ആരംഭിച്ചത്. അവിടെ അന്വേഷണവും കോടതി നടപടികളുമെല്ലാം പൂര്‍ത്തിയാകുകയും തുടര്‍ന്ന് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അധികാരം തെറിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യയിലെ കള്ളപ്പണക്കാരെക്കുറിച്ചു നടക്കുന്ന അന്വേഷണം സംബന്ധിച്ചു പിന്നീടൊരു വിവരവുമില്ല.

വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ വന്‍തോതില്‍ നികുതിയിളവ് നല്‍കുന്ന സ്ഥാപനങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്. ബേങ്കുകളുടെ നിയന്ത്രണ സംവിധാനങ്ങള്‍ക്കും നികുതി നിയമങ്ങള്‍ക്കുമപ്പുറത്തായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ വ്യാജ പേരുകളിലാണ് അറിയപ്പെടുന്നത്. നികുതി നിരക്ക് വളരെ കുറഞ്ഞ ഇത്തരം സ്ഥാപനങ്ങള്‍ പാനമയില്‍ പത്തിലേറെയുണ്ട്. ഉപഭോക്താവിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ലോകത്തെ സമ്പന്നരില്‍ നല്ലൊരു പങ്കും തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ ഇത്തരം സംവിധാനങ്ങളെയാണ് ഉപയോഗപ്പെടുത്തുന്നത്. സ്വന്തം രാജ്യത്ത് നികുതി നിരക്ക് കൂടുതലാകുമ്പോള്‍, നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ പണം നിക്ഷപിക്കുന്നതിന്റെ നിയമസാധുതയെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അനധികൃതമല്ലാത്ത സമ്പാദ്യങ്ങള്‍ അങ്ങനെ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു പക്ഷം. പാനമയിലെയും മറ്റും ഇത്തരം സ്ഥാപനങ്ങള്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നവയാണെന്ന്ആഗോള പണം വെളുപ്പിക്കല്‍ നിരീക്ഷണ കേന്ദ്രങ്ങളും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്‌സും അവകാശപ്പെടുകയും ചെയ്യുന്നു. എങ്കിലും അനധികൃതമായി സമ്പാദിക്കുന്ന പണം നിക്ഷേപിക്കാനും നിയമത്തിന്റെ കുരുക്കുകളില്‍ നിന്നു രക്ഷപ്പെടാനുമാണ് പലരും ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. നികുതിവെട്ടിക്കാന്‍ വിദേശത്ത് നിക്ഷേപം നടത്തുന്നതിനെതിരെ ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാല്‍ നമ്മുടെ സര്‍ക്കാറിന്റെ കണ്ണില്‍ ഇവര്‍ നോട്ടപ്പുള്ളികളാണ്. ആ നിലയില്‍ പാനമ രേഖകളിലൂടെ പുറത്തുവന്ന നിക്ഷേപകരുടെ സമ്പാദ്യങ്ങളുടെ കണക്കും ആ പണത്തിന്റെ ഉറവിടവും കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ്, വ്യവസായ പ്രമുഖരായ ഗൗതം കരണ്‍ താപ്പൂര്‍, സതീഷ് ഗോവിന്ദ് സംതാനി, വിനോദ് രാമചന്ദ്ര ജാദവ്, ഗൗതം അദാനിയടെ സഹോദരന്‍ വിനോദ് അദാനി, ഐ ടി കമ്പനി പ്രമുഖന്‍ ഗൗതം സീങ്കല്‍, സ്വര്‍ണ വ്യാപാരി അശ്വിന്‍കുമാര്‍ മെഹ്‌റ, മഹാരാഷ്ട്രയിലെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രഭാഷ് ശങ്കല്‍, മുന്‍ ക്രിക്കറ്റ് താരം അശോക് മല്‍ഹോത്ര, ബോളിവുഡ് താരങ്ങളായ അമിതാബച്ചന്‍, ഐശ്വര്യറായ് തുടങ്ങിയവരാണ് ലിസ്റ്റിലുള്ള ഇന്ത്യാക്കാര്‍. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇന്ത്യക്കാരുടെ വിദേശ നിക്ഷേപം 29 ലക്ഷം കോടിയാണ്. 100 ലക്ഷം കോടിയോളം വരുമെന്നാണ് അനൗദ്യോഗിക കണക്ക്. ഈ സമ്പാദ്യങ്ങള്‍ തിരിച്ചെത്തിച്ചു ഓരോ ഇന്ത്യന്‍ പൗരന്റെയും അക്കൗണ്ടുകളില്‍ എത്തിക്കുമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. രാഷ്ട്രീയ പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് ഒരു മാസം മുമ്പ് ചാര്‍ട്ടേഡ് അക്കൗണ്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപക ദിന ചടങ്ങില്‍ അദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരുടെ ലിസ്റ്റ് സര്‍ക്കാറിന് കൈമാറാമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ് സമ്മതിച്ചതുമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ക്കൊന്നും മുതിരാത്തത് ബി ജെ പി നേതാവ് രമണ്‍സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ തുടങ്ങിയവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് കൊണ്ടായിരിക്കുമോ? എതായാലും നോട്ട് നിരോധത്തിന്റെ പേരിലും പാനമ പേപ്പേഴ്‌സിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നും ബി ജെ പി സര്‍ക്കാര്‍ പ്രഖ്യാപിച്ച കള്ളപ്പണവേട്ട പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ ആസ്തിയിലുണ്ടായ അമ്പരപ്പിക്കുന്ന വര്‍ധനവ് സ്വത്തുക്കളുടെ ഇനം തിരിച്ചുള്ള കണക്കുകള്‍ സഹിതം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന സാഹചര്യത്തില്‍ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകുന്നത് മോദി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here