ഫിഫ അണ്ടര്‍ 17 ലോകകപ്പ് സെപ്പി കൊച്ചിയില്‍; ഒരുക്കങ്ങളില്‍ തൃപ്തി

Posted on: August 1, 2017 10:47 am | Last updated: August 1, 2017 at 10:47 am

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. പ്രധാന സ്റ്റേഡിയത്തിലെയും പരിശീലന വേദികളിലേയും ജോലികളില്‍ 80 ശതമാനം പൂര്‍ത്തിയായതായി സെപ്പി പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായുള്ള പരിശോധനക്കായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന അനുവദിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാന വേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ പെയിന്റിംഗ് പോലുള്ള ചെറിയ ജോലികള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഗ്രൗണ്ടില്‍ ഫിഫ നിലവാരത്തില്‍ ടര്‍ഫ് ഒരുക്കുകയും ഗ്യാലറിയില്‍ കാണികളുടെ എണ്ണത്തിനനുസരിച്ചുള്ള ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കോംപറ്റീഷന്‍ ഏരിയയില്‍ കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനുമുള്ള മുറികള്‍ സജ്ജമാണ്. അഗ്നിസുരക്ഷാ സംവിധാനവും വൈദ്യുതീകരണവുമൊക്കെ ഏര്‍പ്പെടുത്തി. ഫിഫ ഏറ്റവുമധികം പ്രാമുഖ്യം കൊടുക്കുന്നതു സുരക്ഷക്കാണ്.

ടിക്കറ്റ് വില്‍പ്പനയില്‍ കൊച്ചി മുന്നിലാണ്. ആദ്യ രണ്ടു ഘട്ടങ്ങളില്‍ 100 ശതമാനവും വിറ്റുകഴിഞ്ഞു. ഒക്ടോബര്‍ അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പനയിലും കൊച്ചി 100 ശതമാനം പൂര്‍ത്തീകരിക്കുന്നതില്‍ സംശയമില്ല.
അടിസ്ഥാനവും അത്യാവശ്യവുമായ കാര്യങ്ങള്‍ മാത്രമേ ഫിഫ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ആവശ്യപ്പെടുകയുള്ളൂ. സ്റ്റേഡിയത്തിനു പുറത്തു വഴിവിളക്കുകള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് സെപ്പി നിര്‍ദേശിച്ചു. സെപ്റ്റംബറിനുള്ളില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കാമെന്ന് ജിസിഡിഎയും സര്‍ക്കാരും ഉറപ്പു നല്‍കിയതായും മാധ്യമങ്ങളുമായി നടത്തിയ ആശയ വിനിമയ പരിപാടിയില്‍ സെപ്പി പറഞ്ഞു.
ഫിഫ ലോകകപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികളും സര്‍ക്കാര്‍ ആരംഭിക്കണം. ലോകകപ്പിനു മാത്രമായല്ല, ഇന്ത്യയില്‍ ഫുട്ബോളിന്റെ വളര്‍ച്ചക്കു വേണ്ടിയുള്ള പ്രചാരണങ്ങളാണ് നടത്തേണ്ടത്. ഒരുക്കങ്ങള്‍ക്കായി 17 കോടി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച സെപ്പി സൗന്ദര്യവത്കരണത്തോടൊപ്പം സുരക്ഷാ കാര്യങ്ങള്‍ക്കും ഈ തുക ചെലവഴിക്കണമെന്നും വ്യക്തമാക്കി.