Connect with us

Gulf

സ്വകാര്യ ബേങ്ക് ദിയാ ധനം നല്‍കി സഹായിച്ചു; പാലക്കാട് സ്വദേശി നാടണയുന്നു

Published

|

Last Updated

ഷാര്‍ജ: പാലക്കാട് സ്വദേശി എസ് ശങ്കര നാരായണ ശര്‍മ (61) കഴിഞ്ഞ എട്ട് വര്‍ഷമായി നേരിട്ട് വരുന്ന നിയമ നടപടികളും, ദുരിത ജീവിതവും അവസാനിക്കുന്നു. 2009ല്‍ താന്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്ന കമ്പനിയിലെ ബംഗ്ലാദേശ് സ്വദേശിയായ ഒരു തൊഴിലാളി താമസ സ്ഥലത്തെ കുളിമുറിയില്‍ ഇലക്ട്രിക് ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. അതില്‍ കമ്പനി ഉടമക്കെതിരെ ഷാര്‍ജ കോടതിയിലുണ്ടായ കേസില്‍ ശങ്കര നാരായണ ശര്‍മ ഹാജരാവുകയും, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തോടെയാണ് ദുരിതം ആരംഭിച്ചത്. കമ്പനി ഉടമക്ക് ഇടക്കിടെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടതിനെ തുടര്‍ന്ന് തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നിന്നും പിന്‍വലിച്ചു ശങ്കര നാരായണ ശര്‍മയുടെ പാസ്‌പോര്‍ട്ട് പകരം വെക്കുകയായിരുന്നു.

എന്നാല്‍ 2010ല്‍ കോടതി വിധി വന്നതോടെ രണ്ടു ലക്ഷം ദിര്‍ഹം മരണപ്പെട്ട തൊഴിലാളിയുടെ അവകാശികള്‍ക്ക് ദിയാ ധനമായി നല്‍കാന്‍ ശങ്കര നാരായണനോട് കോടതി കല്‍പിച്ചു. ഇതിന്‍മേല്‍ കമ്പനി ഉടമ തന്നെ അപ്പീല്‍ ബോധിപ്പിക്കാമെന്നും അല്ലെങ്കില്‍ സംഖ്യ കമ്പനി തന്നെ കൊടുത്തു കൊള്ളുമെന്നും വാക്ക് കൊടുത്തിരുന്നതുമായിരുന്നു. എന്നാല്‍ 2013 ല്‍ കമ്പനി ഉടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയും അദ്ദേഹത്തിന്റെ മകന്‍ കമ്പനിയുടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എല്ലാ കാര്യങ്ങളും നന്നായി അറിയാമായിരുന്നിട്ടും മകന്‍ ശങ്കര നാരായണന്റെ തലയില്‍ വെച്ച് കമ്പനിയുടെ ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും തൊഴില്‍ അനുകൂല്യങ്ങള്‍ മുഴുവന്‍ കമ്പനി ഇതേവരെ നല്‍കിയിട്ടില്ലെന്നും ശങ്കര നാരായണന്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് കോടതിയില്‍ നിന്നും കൈ പറ്റാന്‍ കഴിയാത്തിനെ തുടര്‍ന്ന് ഇത്ര കാലമായി നാട്ടില്‍ പോകാന്‍ സാധിക്കാതെ സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞു വരികയായിരുന്നു.

ശങ്കര നാരായണന് വന്ന ദുരവസ്ഥ അറിഞ്ഞ ദുബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ബേങ്ക് തങ്ങളുടെ സകാത്ത് ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം ദിര്‍ഹം നല്‍കി സഹായിച്ചിരിക്കുകയാണ്. അലി ഇബ്‌റാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയെയാണ് കേസ് ഏല്‍പിച്ചത്. ദുബൈ അല്‍ അവീര്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഇദ്ദേഹത്തിന് എത്രയും പെട്ടെന്ന് നാട്ടില്‍ പോകാന്‍ വേണ്ട അനുമതി ആവശ്യപ്പെട്ടു കൊണ്ടും ആറ് വര്‍ഷമായിട്ടുള്ള പിഴ ഒഴിവാക്കിതരാന്‍ ആവശ്യപ്പെട്ടുകൊണ്ടും മാപ്പ് അപേക്ഷ ഷാര്‍ജ കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. ഈ അപേക്ഷയില്‍ അനുമതി കിട്ടിയാലുടന്‍ ശങ്കരനാരായണന് നാട്ടിലേക്ക് പോകാന്‍ കഴിയും.

---- facebook comment plugin here -----

Latest