Connect with us

Ongoing News

അടുത്ത ലോകസഭാതിരഞ്ഞെടുപ്പില്‍ മോഡിയെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ലെന്ന് നിതീഷ്‌കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ നേരിടാനുള്ള ശേഷി ആര്‍ക്കുമില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് നരേന്ദ്രമോദിയെന്നും മാദ്ധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറിലെ മഹാസഖ്യത്തെ നിലനിറുത്താന്‍ താന്‍ വളരെയധികം പരിശ്രമിച്ചിരുന്നു. തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ആദ്യം അവഗണിച്ചു. എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ ആര്‍.ജെ.ഡിയുമായുളള സഖ്യം ഒഴിവാക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നെന്നും നിതീഷ് കുമാര്‍ പറഞ്ഞു
അഴിമതി ആരോപണങ്ങളില്‍ ലാലു പ്രസാദും തേജസ്വി യാദവും വ്യക്തമായ വിശദീകരണം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അക്കാര്യം നിഷേധിച്ചു.

അതിനാലാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായെതെന്നും നിതീഷ് പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന നിലപാടിനെ ജനങ്ങള്‍ ചോദ്യംചെയ്തു തുടങ്ങി. അത്തരമൊരു സാഹചര്യത്തിലാണ് താന്‍ എന്ത് ചെയ്യണമായിരുന്നെന്നും നിതീഷ് കുമാര്‍ ചോദിച്ചു. ജനങ്ങളെ സേവിക്കുന്നതിനാണു ജനവിധി, അല്ലാതെ പണമുണ്ടാക്കാനല്ല, മഹാസഖ്യത്തെ സംരക്ഷിക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും അഴിമതിക്കറ മായ്ച്ചു തിരിച്ചുവരാനുള്ള തന്റെ അഭ്യര്‍ത്ഥന ആര്‍.ജെ.ഡി നേതൃത്വം തള്ളിക്കളഞ്ഞെന്നും നിതീഷ് ചൂണ്ടിക്കാട്ടി