Connect with us

Gulf

ഉര്‍ദുഗാന്റെ ചുമര്‍ചിത്രവും ഹിറ്റാകുന്നു

Published

|

Last Updated

മാള്‍ ഓഫ് ഖത്വറില്‍ സ്ഥാപിച്ച
ഉര്‍ദുഗാന്റെ ചുമര്‍ചിത്രം

ദോഹ: “തമീം അല്‍ മജ്ദ്” ചുമര്‍ചിത്രം രാജ്യം ഏറ്റെടുത്തതിന് സമാന രീതിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ചിത്രവും ജനകീയമാകുന്നു. ഖത്വറിനെതിരെ ഉപരോധം ആരംഭിച്ചത് മുതല്‍ രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രതിസന്ധി പരിഹരിക്കുന്നതിന് ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യുന്ന തുര്‍ക്കി പ്രസിഡന്റിന് നന്ദി പ്രകടിപ്പിക്കുന്നതിന് “തമീം അല്‍ മജ്ദ്” മാതൃകയില്‍ ചുമര്‍ ചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുകയാണ്. ഈ ചിത്രങ്ങളില്‍ പലരും സന്ദേശങ്ങള്‍ എഴുതുകയും ഒപ്പ് വെക്കുകയും ചെയ്യുന്നുണ്ട്.

മാള്‍ ഓഫ് ഖത്വറില്‍ സ്ഥാപിച്ച ഉര്‍ദുഗാന്റെ ചുമര്‍ചിത്രം നൂറുകണക്കിന് അഭിപ്രായങ്ങളും ഒപ്പുകളും കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഖത്വറിനൊപ്പം നിന്നതില്‍ തുര്‍ക്കി നേതാവിന് നന്ദി പ്രകാശിപ്പിക്കുന്നതാണ് അധികവും. പ്രതിസന്ധി പരിഹരിക്കുന്നതിനും ഉപരോധത്തിന്റെ ആഘാതം കുറക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണ് ഈ സന്ദേശങ്ങള്‍. ഉപരോധം പ്രഖ്യാപിച്ച ഉടനെ തന്നെ ഖത്വരി വിപണിയിലേക്ക് അവശ്യസാധനങ്ങള്‍ അടിയന്തരമായി വിതരണം ചെയ്തതിനെ പലരും പുകഴ്ത്തി. “അഗ്നിപരീക്ഷയുടെ നിമിഷങ്ങളില്‍ ഖത്വറിനൊപ്പം നിന്നതില്‍ തുര്‍ക്കി നേതാവും ആ രാജ്യവും എല്ലാ ആദരവും നന്ദിയും അര്‍ഹിക്കുന്നു”വെന്ന് മര്‍യം അല്‍ കുവാരി എഴുതി.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഖത്വറിനെ പിന്തുണച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരുടെ ചിത്രങ്ങളും മാള്‍ ഓഫ് ഖത്വറില്‍ സ്ഥാപിച്ചിട്ടുണ്ട്.

 

Latest