Connect with us

Ongoing News

വ്യാപക പരിശോധന; വന്‍ ലോട്ടറി ശേഖരം കണ്ടെത്തി

Published

|

Last Updated

ഇതര സംസ്ഥാന ലോട്ടറിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി ആരംഭിച്ചതോടെ കേരളത്തില്‍ ലോട്ടറി തുടങ്ങുന്ന കാര്യം അറിയിച്ച് മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. മിസോറാം ചീഫ്‌സെക്രട്ടറിയാണ് സംസ്ഥാന സര്‍ക്കാറിന് ഔദ്യോഗികമായി കത്ത് നല്‍കിയത്. എന്നാല്‍, കത്ത് അപൂര്‍ണ്ണമാണെന്നും മിസോറാം നിയമസഭയില്‍ വെച്ച സി എ ജി റിപ്പോര്‍ട്ട് ക്രമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ കരാര്‍ അനുസരിച്ചാണ് കേരളത്തില്‍ ലോട്ടറി തുടങ്ങുന്നതെന്നും കാണിച്ച് കേരളം മറുപടി നല്‍കി. സാന്റിയാഗോ മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ടീസ്റ്റ ഏജന്‍സി വഴി ലോട്ടറി നടത്തുന്നത് നിയമവിരുദ്ധമാണെന്നും കേരളം ചൂണ്ടിക്കാട്ടി. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.
അതേസമയം, നികുതി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മിസോറാം ലോട്ടറിയുടെ വന്‍ശേഖരം കണ്ടെത്തി. കഞ്ചിക്കോട്ടെ മിസോറം ലോട്ടറിയുടെ ഗോഡൗണില്‍ നിന്നാണ് അഞ്ച് കോടിയിലേറെ ടിക്കറ്റുകള്‍ പിടിച്ചെടുത്തത്. കേരളത്തിലെ മൊത്തവിതരണക്കാരായ ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ മേത്ത, കണ്ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കരുതെന്ന് ഏജന്‍സികള്‍ക്കെല്ലാം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ പത്താം വകുപ്പ് പ്രകാരം 2011 ല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലര്‍ അനുസരിച്ച് ലോട്ടറി വില്‍പ്പനയുടെയും വിപണന സംവിധാനങ്ങളുടെയും വിശദാംശങ്ങള്‍ ലോട്ടറി വില്‍ക്കാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളെ അറിയിക്കേണ്ടതുണ്ട്. എന്നാല്‍, ടീസ്റ്റ ഏജന്‍സിയെ വിതരണക്കാരായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമാണ് മിസോറാം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കത്ത് അപൂര്‍ണ്ണമാണെന്നും വിശദാംശങ്ങള്‍ തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേരളം ഇന്നലെ തന്നെ മറുപടി നല്‍കിയത്.
ടീസ്റ്റ ഏജന്‍സിയുമായി നേരത്തെ ഒപ്പുവെച്ച കരാര്‍ മൂന്ന് വര്‍ഷത്തേക്ക് പുതുക്കിയെന്നാണ് മിസോറാം സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്ന വാദം. ഈ കരാറിന്റെ കോപ്പിയും കത്തിനൊപ്പം കേരളത്തിന് നല്‍കിയിരുന്നു. കരാര്‍ അനുസരിച്ച് മിനിമം ഗ്യാരണ്ടി തുക സര്‍ക്കാറിന് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍, ജി എസ് ടി അനുസരിച്ച് ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും അതാത് സംസ്ഥാനങ്ങളുടെ ട്രഷറിയിലേക്ക് പൂര്‍ണ്ണമായി കൈമാറണം. ഏജന്‍സി കമ്മീഷനും പരസ്യതുകയും ലാഭവുമെല്ലാം ട്രഷറിയില്‍ നിന്നാണ് നല്‍കേണ്ടത്. ഇതിനായി ബജറ്റ് വിഹിതം തന്നെ നീക്കിവെക്കേണ്ടതുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ലെന്നും അതിനാല്‍ മിസോറാം ലോട്ടറി തന്നെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനും കത്തയച്ചിട്ടുണ്ട്.
മിസോറാം ലോട്ടറി നടത്തിപ്പില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന സി എ ജിയുടെ കണ്ടെത്തലും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 2011 മുതല്‍ 2015 വരെയുള്ള കാലയളവില്‍ അക്കൗണ്ട് ചെയ്ത കണക്ക് പ്രകാരം 11834.22 കോടി രൂപയാണ് മിസോറാം ലോട്ടറിയില്‍ നിന്നുള്ള വരുമാനം. എന്നാല്‍, മിനിമം ഗ്യാരണ്ടി പ്രകാരം 25.45 കോടി രൂപ മാത്രമാണ് മിസോറാം ട്രഷറിയില്‍ അടച്ചിരിക്കുന്നത്. ബാക്കി 11808.77 കോടി രൂപ വിനിയോഗക്കാരുടെ കീശയിലെത്തിയെന്നാണ് സി എ ജി റിപ്പോര്‍ട്ട്. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അടക്കമുള്ള ഏജന്‍സികളുമായി ഉണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണ്. ടിക്കറ്റ് വില്‍പ്പനയിലും വില്‍ക്കാതെ തിരിച്ചുവരുന്ന ടിക്കറ്റിന്റെ കാര്യത്തിലും നടക്കുന്ന കള്ളകളികളും സി എ ജി റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
അതേസമയം, നികുതി വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കോടികളുടെ ടിക്കറ്റ് പല ഗോഡൗണുകളിലും ശേഖരിച്ചതായി കണ്ടെത്തി. പാലക്കാട്ടെ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു. മിസോറാം ലോട്ടറി വില്‍ക്കരുതെന്ന് കേരള ലോട്ടറി ഏജന്റുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

 

Latest