നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

Posted on: July 29, 2017 1:12 pm | Last updated: July 29, 2017 at 7:38 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി ഇടവേള ബാബുവിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് ബാബു ചോദ്യം ചെയ്യലിനെത്തിയത്. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നും ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും ഇടവേള ബാബു പറഞ്ഞു.
ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.

അതേസമയം, കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകില്ലെന്ന് അപ്പുണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.