Connect with us

Kerala

മിസോറം ലോട്ടറിയുടെ ഗോഡൗണില്‍ പോലീസ് റെയ്ഡ്; അഞ്ച് കോടി ടിക്കറ്റുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

പാലക്കാട്: മിസോറം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പോലീസ് റെയ്ഡ്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കോടി ടിക്കറ്റുകള്‍ പോലീസ് പിടിച്ചെടുത്തു. പാലക്കാട് കസബ പോലീസാണ് റെയഡ് നടത്തിയത്. 18 ലക്ഷം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

വിതരണക്കാരുടെ പ്രതിനിധികളില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിച്ചുവരികയാണ്. നിയമ വിരുദ്ധമായി വിതരണം നടത്തുന്ന ലോട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പോലീസ് റെയ്ഡ് നടത്തിയത്.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ് മിസോറാം ലോട്ടറിക്ക് പിന്നിലെന്ന് സംസ്ഥാന ധനവകുപ്പ് കണ്ടെത്തിയിരുന്നു. കേരള ലോട്ടറി ഏജന്‍സികള്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന നടത്തരുതെന്ന് സംസ്ഥാന ലോട്ടറി വകുപ്പും നിര്‍ദേശിച്ചു. ചരക്ക് സേവന നികുതി പ്രാബല്ല്യത്തിലായതോടെ അന്യസംസ്ഥാന ലോട്ടറികളെ തടഞ്ഞ് നിര്‍ത്തിയിരുന്ന കേരള ലോട്ടറി നിയമം റദ്ദായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് മിസോറാം ലോട്ടറിയുമായി മാര്‍ട്ടിന്‍ സംഘത്തിന്റെ രണ്ടാം വരവ്. നിയമവും ചട്ടങ്ങളും ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ വില്‍പ്പനക്കൊരുങ്ങുന്നതെന്ന് കാണിച്ച് കേന്ദ്ര ധനമന്ത്രിക്കും മിസോറാം സര്‍ക്കാറിനും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.

Latest