സെല്‍ഫിയില്‍ ‘കുടുങ്ങി’; വിവാഹചടങ്ങിനിടെ 80 പവന്‍ കവര്‍ന്ന പ്രതി പിടിയില്‍

Posted on: July 29, 2017 9:41 am | Last updated: July 29, 2017 at 9:41 am

കോഴിക്കോട്: ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയുടെ 80 പവന്‍ സ്വര്‍ണാഭരവും 50,000 രൂപയും കവര്‍ന്ന പ്രതി അറസ്റ്റില്‍. കൊടുവള്ളി കിഴക്കോത്ത് മഹസൂഫ് ഹനൂക്ക് (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി കോയമ്പത്തൂരില്‍വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.

ഗള്‍ഫില്‍ നിന്നും അടുത്തിടെയാണ് മഹസൂഫ് നാട്ടിലെത്തിയതെന്നും ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു. ക്ഷണിക്കാത്ത കല്ല്യാണത്തിന് എത്തിയ പ്രതിയുടെ ഫോട്ടോ മോഷണം നടന്ന അന്നുതന്നെ പോലീസിന് ലഭിച്ചിരുന്നു. വിവാഹസത്കാരം നടന്ന ഓഡിറ്റോറിയത്തില്‍ സി സി ടി വി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ വച്ച് ഒരു പെണ്‍കുട്ടി എടുത്ത സെല്‍ഫിയില്‍ ഇയാളുടെ ഫോട്ടോ പതിഞ്ഞിരുന്നു. ഇതാണ് അന്വേഷണത്തില്‍ തുമ്പായത്. ഈ പെണ്‍കുട്ടിതന്നെയാണ് ഒരാള്‍ ബാഗുമായി ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തേക്ക് പൊകുന്നതു കണ്ടുവെന്ന് മൊഴി നല്‍കിയത്.

പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തില്‍ മൂന്ന് ദിവസം മുമ്പ് രാത്രി നടന്ന വിവാഹത്തിനിടെയാണ് മോഷണം നടന്നത്. തങ്ങള്‍സ് റോഡില്‍ താമസിക്കുന്ന പൊന്നമ്പത്ത് ജിനാന്‍ എന്ന യുവതിയുടെ ആഭരണങ്ങളും പണവുമായിരുന്നു മോഷ്ടിക്കപ്പെട്ടത്. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ അവിടെ സൂക്ഷിക്കാതെ ആഭരണം ബാഗിലിട്ട് വിവാഹം നടന്ന ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുവരികയായിരുന്നു. വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിക്കാനായി മറ്റൊരു കസേരയിലേക്ക് മാറി ഇരുന്നപ്പോള്‍ അഞ്ജാതന്‍ ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ചടങ്ങിലെ വീഡിയോകളും ഫോട്ടോകളും പരിശോധിച്ചതില്‍ കറുത്ത ഷര്‍ട്ടിട്ട ആള്‍ യുവതിയെ നിരന്തരം നിരീക്ഷിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ ബാഗുമായി പോകുന്നത് കണ്ടതായി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത മറ്റൊരു യുവതി മൊഴി നല്‍കുകയും കൂടി ചെയ്തതോടെ പ്രതിയെ പന്നിയങ്കര പോലീസ് ഉറപ്പിക്കുകയായിരുന്നു.