Connect with us

Ongoing News

മരുന്നുകളുടെ ഗുണനിലവാരം

Published

|

Last Updated

ആരോഗ്യ സംരക്ഷണത്തിനാണ് ആളുകള്‍ ആശുപത്രികളെ സമീപിക്കുന്നത്. എന്നാല്‍ ഉള്ള ആരോഗ്യവും നശിപ്പിക്കുന്നവയാണ് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഏറിയ പങ്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഡ്രഗ്‌സ് സര്‍വേ വെളിപ്പെടുത്തുന്നത്. ഗുണനിലവാര പരിശോധനയില്‍ അഞ്ചിലേറെ സാമ്പിളുകളില്‍ പരാജയപ്പെട്ട 66 മരുന്ന് കമ്പനികളുടെ പേര് വിവരം ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സംസ്ഥാത്തെ സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും ജീവന്‍ രക്ഷാ മരുന്നുകളുള്‍പ്പെടെ വന്‍തോതില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ എസ് ഡി പി ഉത്പാദിപിക്കുന്നതും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖാന്തിരം സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നതുമായ മരുന്നുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റിനേക്കാള്‍ മൂന്നിരട്ടി ഗുണനിലവാരമില്ലാത്തതാണെന്നും പരിശോധന വെളിപ്പെടുത്തുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഇ എസ് ഐ ഡിസ്‌പെന്‍സറികള്‍ തുടങ്ങിയയിടങ്ങളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളാണ് സര്‍വേയുടെ ഭാഗമായി പരിശോധനാ സാമ്പിളുകളായി ശേഖരിച്ചത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജിക്കല്‍സ് രണ്ടു വര്‍ഷം കൊണ്ടാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നടപടി രൂപത്തില്‍ കമ്പനികളുടെ പേരുകള്‍ പരസ്യപ്പെടുത്തുന്നത് ഇപ്പോഴാണ്.
സംസ്ഥാനത്തെ മരുന്നുകളുടെ ഗുണനിലവാരമില്ലായ്മ പല അന്വേഷണ സമിതികളും മുമ്പും കണ്ടെത്തിയതാണ്. 2012ല്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി നടത്തിയ അന്വേഷണത്തില്‍ നിലവാരമില്ലാത്ത മരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്് കേരളത്തിലാണെന്ന് കണ്ടെത്തിയിരുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ റീലേബല്‍ ചെയ്തുവരെ വിപണിയിലെത്തിക്കുന്നുണ്ട്. വില നിയന്ത്രണ നിയമം നടപ്പിലായതോടെ മരുന്ന് വിപണിയില്‍ ചൈനീസ് കടന്നുകയറ്റം വര്‍ധിച്ചതോടെയാണ് ഈ പ്രവണത വര്‍ധിച്ചത്. പല കമ്പനികളുടെയും മരുന്നു നിര്‍മാണം ചൈനയില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ്.

മരുന്നു തീറ്റയില്‍ കേരളീയര്‍ ഏറെ മുന്നിലാണ്. രാജ്യത്ത് മാത്തം വിറ്റഴിക്കുന്ന മരുന്നുകളുടെ 10 ശതമാനവും ജനസംഖ്യയില്‍ മൂന്ന് ശതമാനം മാത്രം വരുന്ന കേരളീയരാണ് ഉപയോഗിക്കുന്നത്. ഒരു വര്‍ഷം ഏകദേശം 2000 കോടി രൂപയുടെ അലോപ്പതി മരുന്ന് കേരളത്തില്‍ വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവയുടെ ഗുണനിലവാരം പരിശോധിക്കാനാവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. 80,000 ബ്രാന്‍ഡഡ് മരുന്നുകളുടെ നാലും അഞ്ചും ബാച്ച് മരുന്നുകള്‍ ഒരു വര്‍ഷം വിറ്റഴിക്കപ്പെടുമ്പോള്‍, രണ്ടു ലാബുകളിലായി പ്രതിവര്‍ഷം 8,000 സാബിളുകള്‍ പരിശോധിക്കാനുളള സംവിധാനമേ സംസ്ഥാനത്തുള്ളൂ. ബാക്കി ഭൂരിഭാഗം വരുന്ന മരുന്നുകളും യാതൊരു പരിശോധനയുമില്ലാതെയാണ് വിപണികളിലെത്തുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ഇക്കാര്യം വി ഡി സതീഷന്‍ നിയമസഭയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് വില്‍ക്കുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കര്‍ശന സംവിധാന ങ്ങളൊരുക്കുമെന്നും തട്ടിപ്പ് കണ്ടെത്താന്‍ ആവശ്യമെങ്കില്‍ പോലീസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. മരുന്നുകളുടെ പരിശോധനക്ക് നിലവില്‍ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് ലബോറട്ടറികളുള്ളത്. ഇതിന് പുറമെ തൃശൂര്‍, കോഴിക്കോട്, കോന്നി എന്നിവിടങ്ങളില്‍ ലബോറട്ടറികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അത്പ്രഖ്യാപനത്തിലൊതുങ്ങി.
ഗുണനിലവാരം ഇല്ലാത്തതിനാല്‍ പല മരുന്നുകളും നിരോധിച്ചതായി ഇടക്കിടെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ അറിയിപ്പ് വരാറുണ്ട്. രണ്ടു വര്‍ഷത്തോളം വിപണിയില്‍ കറങ്ങിയശേഷമാണ് മിക്കവാറും നിരോധന അറിയിപ്പ് വരുന്നത്. പരിശോധനയിലെ കാലതാമസമാണ് കാരണം. മാത്രമല്ല, നിരോധിച്ച മരുന്നുകള്‍ മറ്റു കമ്പനികളുടെ പേരില്‍ വീണ്ടും വിപണിയില്‍ എത്തുന്നതും അപൂര്‍വമല്ല. ഇതു പരിശോധിച്ച് പുതിയ ഫലം വരുമ്പോഴേക്കും പിന്നെയും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും.

ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും വിപണിയിലെ മരുന്നുകളുടെ പരിശോധന യഥാസമയം നിര്‍വഹിക്കാനുള്ള സംവിധാനമൊരുക്കുകയും വേണം. അതോടൊപ്പം പരിശോധനക്ക് വിധേയമാക്കിയ മരുന്നുകള്‍ തന്നെയാണ് വിപണിയില്‍ എത്തുന്നത് എന്ന് ഉറപ്പാക്കുകയും വേണം.