ഇനിയൊരു സമരം ഉണ്ടാകാതിരിക്കട്ടെ

നഴ്‌സുമാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും? ആശുപത്രി ഉടമകളുടെ സ്വാധീനം പരിഗണിക്കുമ്പോള്‍ അത്ര ശുഭ പ്രതീക്ഷ പുലര്‍ത്താനാകില്ല. നഴ്‌സുമാരുടെ മറ്റു സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ എന്ന് പാലിക്കും? അവര്‍ ആരൊക്കെയാകും? അങ്ങനെ ഒരു സമിതി തീരുമാനിച്ചാല്‍ തന്നെ അതെല്ലാം നടപ്പാക്കുമെന്നു എന്തുറപ്പാണുള്ളത്?
Posted on: July 29, 2017 8:20 am | Last updated: July 28, 2017 at 11:29 pm

തീര്‍ത്തും ന്യായമെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരാവശ്യത്തിന് വേണ്ടി നഴ്‌സുമാര്‍ സമരം ചെയ്യുമ്പോള്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്? ഒരു ഇടതുപക്ഷ കക്ഷി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? മിനിമം കൂലി നിരക്ക് നിശ്ചയിക്കാന്‍ വേണ്ടി മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എത്ര വഞ്ചനാപരമായ തീരുമാനമാണ് എടുത്തത് എന്ന് നമുക്കറിയാം. ക്ഷാമബത്ത അടക്കമുള്ള എല്ലാ അലവന്‍സുകളും അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചു അത് ഇരട്ടിയായിരിക്കുന്നു എന്ന് മന്ത്രി തന്നെ പറഞ്ഞു. അത്തരം ചതിക്കുഴികളില്‍ അവര്‍ വീണില്ല.
പക്ഷേ, ആ ചര്‍ച്ച പല പാഠങ്ങളും നഴ്‌സുമാരുടെ സംഘടനകള്‍ക്കും കേരളീയ സമൂഹത്തിനും നല്‍കി. നഴ്‌സുമാരൊഴിച്ചുള്ള മറ്റു ആശുപത്രി ജീവനക്കാരുടെ സംഘടനകളും ആ യോഗത്തില്‍ ഉണ്ടായിരുന്നു. ഭരണപ്രതിപക്ഷ കക്ഷികളുടെ സ്വാധീനത്തിലുള്ള യൂനിയനുകള്‍ ആയിരുന്നു അവരെ പ്രതിനിധീകരിച്ചത്. ആ സംഘടനകളുടെ നേതാക്കളാണ് ചര്‍ച്ചക്കെത്തിയത്. അവര്‍ക്കിത് മറ്റേതു സമരവും പോലെ ഒരു ഒത്തു തീര്‍പ്പിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം അതുകൊണ്ട് മന്ത്രിക്കൊപ്പം അവര്‍ നിന്ന്. പക്ഷേ നഴ്‌സ്മാരുടെ പ്രതിനിധികളായി എത്തിയത് അവര്‍ തന്നെ യായിരുന്നു. അതുകൊണ്ട് കണ്ണില്‍ പൊട്ടിയിടുന്ന ഒരു ഒത്തുതീര്‍പ്പുമായി പോകാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ആ ഘട്ടത്തിലാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ നഴ്‌സുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ ഇടതു പക്ഷത്തിന്റെ വിശേഷിച്ചും സി പി എമ്മിന്റെ മുഖം തന്നെ മാറി. തങ്ങളുടെ കരുത്തുറ്റ തട്ടകത്ത് ഇങ്ങനെ ഒരു സമരം വരുന്നത് തന്നെ അവര്‍ക്കു ഏറെ വിമ്മിഷ്ടമുണ്ടാക്കി. ആ സമരത്തെ നേരിടാന്‍ തന്നെയാണ് അവര്‍ ഒരുങ്ങിയത്. സ്വാകാര്യ ആശുപത്രിക്കാരുടെ ബുദ്ധിമുട്ടു നിങ്ങള്‍ തിരിച്ചറിയണമെന്നു പറയുന്നത്ര എത്തി മന്ത്രി. കണ്ണൂര്‍ ജില്ലാ കലക്ടര്‍ സമരം തടയാന്‍ 144 വകുപ്പനുസരിച്ചു നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി പി എമ്മിന്റെ അനുവാദമില്ലാതെ ഇങ്ങനെ ഒന്ന് ചെയ്യാന്‍ കലക്ടര്‍ തയാറാകില്ലെന്നു വ്യക്തം.
ഇതൊക്കെ ഒരു ഉദ്യോഗസ്ഥന്റെ കൈത്തെറ്റെന്നു

വാദിക്കുകയെങ്കിലും ചെയ്യാം. എന്നാല്‍, പാര്‍ട്ടി എന്ന നിലയില്‍ എടുത്ത പ്രത്യക്ഷ സമീപനം ആരെയും ഞെട്ടിക്കുന്നതായിരുന്നു. പണിമുടക്കുന്ന നഴ്‌സുമാര്‍ക്ക് പകരം പുതിയവരെ ദിവസക്കൂലിക്കെടുക്കാനുള്ള ഉടമകളുടെ ശ്രമങ്ങളെ പാര്‍ട്ടി എതിര്‍ത്തില്ല. അതിലുമപ്പുറത്ത് നഴ്‌സിംഗ് വിദ്യാര്‍ഥികളെ ഇവര്‍ക്ക് പകരം നിയോഗിക്കാനുള്ള തീരുമാനത്തിനു പാര്‍ട്ടി തുറന്ന പിന്തുണ നല്‍കി. എ കെ ജി യുടെ പേരില്‍ നടത്തുന്ന നഴ്‌സിംഗ് വിദ്യാലയത്തില്‍ നിന്നും പാര്‍ട്ടിയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും വരെ കുട്ടികളെ കരിങ്കാലികളായി ഇറക്കാന്‍ തയ്യാറായി എന്ന് പറയുമ്പോള്‍ ഇവര്‍ക്ക് ഇനി എന്ത് ന്യായം പറയാനുണ്ടാകും? പണിമുടക്ക് പരാജയപ്പെടുത്താന്‍ കരിങ്കാലികളെ ഇറക്കുന്നത് ശരിയാണെങ്കില്‍ നാളെ ഒരു പണിമുടക്ക് പോലും വിജയിക്കില്ല. കേവല ചെറിയ അറിവ് വച്ച് ചെയ്യേണ്ട ഒരു ജോലിയല്ല നഴ്‌സുമാരുടേത്. അവര്‍ക്കുണ്ടാകാവുന്ന ചെറിയ തെറ്റുകള്‍ മനുഷ്യജീവന് തന്നെ നഷ്ടപ്പെടുത്തതാവുന്നവയാണ്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിയുന്നത് വരെ പ്രധാന നഴ്‌സിംഗ് ജോലികള്‍ ഏല്‍പ്പിക്കരുതെന്നു സര്‍ക്കാര്‍ നിയമമുള്ള ഇവിടെ പഠനം പോലും പൂര്‍ത്തിയാക്കാത്തവരെ നിയോഗിച്ചാല്‍ അവര്‍ മൂലം ഉണ്ടാകാവുന്ന ആപത്തുകള്‍ക്കു ആരാകും ഉത്തരവാദി? നാളെ കെ എസ് ആര്‍ ടി സിയിലെ പണിമുടക്ക് നേരിടാന്‍ ഡ്രൈവിംഗ് വിദ്യാര്‍ഥികളെയോ വൈദ്യുതി ബര്‍ഡിലെ തൊഴിലാളികള്‍ക്ക് പകരം സാങ്കേതിക വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെയോ നിയോഗിച്ചാല്‍ അതിനെ എതിരിക്കാന്‍ കഴിയുമോ? അത്തരം കരിങ്കാലികളെ സംരക്ഷിക്കാനനാണ് 144 പ്രഖ്യാപിച്ചത്. അവശ്യ സേവന നിയമം (എസ്മ) പ്രയോഗിക്കണമെന്ന കോടതിയുടെ നിര്‍ദേശം നടപ്പാക്കില്ലെന്നു പറഞ്ഞവര്‍ തന്നെയാണിത് ചെയ്തത്.
പക്ഷേ, ശക്തരായ രാഷ്ട്രീയ നേതൃത്വങ്ങളെ കടുത്ത അവജ്ഞയോടെ തള്ളിക്കൊണ്ട് പരിയാരം അടക്കമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കരിങ്കാലികളാകാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയും അവര്‍ സമരത്തിന് തുറന്ന പിന്തുണയുമായി എത്തുകയും ചെയ്തു. ഇങ്ങനെ നിലപാടെടുത്ത വിദ്യാര്‍ഥിയാക്കളെ ശിക്ഷിക്കാന്‍ പോലും ഇടതു പക്ഷമെന്നവകാശപ്പെടുന്ന പാര്‍ട്ടി തയാറായി എന്ന് കൂടി പറഞ്ഞാല്‍ ചിത്രം വ്യക്തം. പക്ഷേ, ഇതോടെ സര്‍ക്കാര്‍ വഴങ്ങാന്‍ തയ്യാറായി. അന്നുവരെ 17,500 രൂപക്കപ്പുറം ഒരു പൈസ പോലും ശമ്പളം വര്‍ധിപ്പിക്കല്‍ കഴിയില്ലെന്ന് വാശി പിടിച്ചവര്‍ ഒറ്റ രാത്രി കൊണ്ട് നിലപാട് മാറ്റി. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവര്‍ മിനിമം ശമ്പളം 20,000 എന്നത് അംഗീകരിച്ചു. എല്ലാം ശുഭം. പണിമുടക്ക് തീര്‍ന്നു.
ഇത്രയൊക്കെ തൊഴിലാളി വിരുദ്ധ നിലപാടെടുത്തെങ്കിക്കുലും ഒടുവില്‍ അവര്‍ക്കനുകൂലമായി നിന്നതിന്റെ പേരില്‍ മുഖ്യമന്ത്രി ജയ് വിളിക്കുന്നവര്‍ അത് ചെയ്യട്ടെ. പക്ഷേ ഒന്നും അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ അവര്‍ പാലിക്കുമോ എന്ന പ്രധാന ചോദ്യം ബാക്കിയാകുന്നു. നാളിതുവരെ അവര്‍ എടുത്ത സമീപനം പെട്ടെന്ന് മാറി എല്ലാം അഗീകരിച്ചതാണോ? ഈ ശമ്പളം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും? ആശുപത്രി ഉടമകളുടെ സ്വാധീനം പരിഗണിക്കുമ്പോള്‍ അത്ര ശുഭ പ്രതീക്ഷയുള്ള ഒരാളല്ല ഈ ലേഖകന്‍. നഴ്‌സുമാരുടെ മറ്റു സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാന്‍ സമിതിയെ നിയോഗിക്കമെന്ന ഉറപ്പ് സര്‍ക്കാര്‍ എന്ന് പാലിക്കും? അവര്‍ ആരൊക്കെയാകും? അങ്ങനെ ഒരു സമിതി തീരുമാനിച്ചാല്‍ തന്നെ അതെല്ലാം നടപ്പാക്കുമെന്നു എന്തുറപ്പാണുള്ളത്? ഇതിനൊക്കെ വേണ്ടി ഇനിയും സമരത്തിലേക്കു ഇവര്‍ക്കിറങ്ങേണ്ടി വരുമോ? അതുണ്ടാകാതിരിക്കട്ടെ. ഈ സമരത്തിന്റെ പാഠങ്ങള്‍ പഠിക്കേണ്ടവര്‍ പഠിക്കും എന്ന് പ്രതീക്ഷിക്കുക. (അവസാനിച്ചു)