ഉപഭോക്തൃ പരാതികള്‍; ഏറെയും സേവന വ്യവസായങ്ങള്‍ക്കെതിരെ

Posted on: July 28, 2017 10:45 am | Last updated: July 28, 2017 at 10:38 am
SHARE

ദുബൈ: ഏഴു വര്‍ഷത്തിനിടയില്‍ ഒരു ലക്ഷത്തിലേറെ ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കണ്ടിട്ടുണ്ടെന്ന് ദുബൈ എക്കണോമി അറിയിച്ചു.

അഹ്‌ലന്‍ ദുബൈ (6000545555) വഴി പ്രതിവര്‍ഷം 15000 ഓളം പരാതികളാണ് വാണിജ്യബന്ധ, ഉപഭോക്തൃ സംരക്ഷണ (സി സി സി പി) വിഭാഗത്തിന് ലഭിക്കുന്നതെന്ന് സി സി സി പി സി ഇ ഒ മുഹമ്മദ് അലി റാശിദ് ലൂത്ത വ്യക്തമാക്കി. സ്മാര്‍ട്‌ഫോണ്‍, വീട്ടു സാമഗ്രികള്‍, റെസ്റ്റോറന്റ് ഭക്ഷണം എന്നിങ്ങനെ വിവിധ മേഖല സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നുവരാറുണ്ട്. സേവന വ്യവസായ രംഗത്തു നിന്നാണ് കൂടുതലും ലഭിക്കുന്നത്. ഇത് 35 ശതമാനത്തോളം വരും. രണ്ടാമത് ഇലക്ട്രോണിക് ഉപഭോക്താക്കളില്‍ നിന്നാണ്, 22 ശതമാനം. മൂന്നാം സ്ഥാനത്തു കാര്‍ വാങ്ങുന്നവരില്‍ നിന്നാണ്. 12 ശതമാനം.

തുണിത്തരങ്ങള്‍, വീട്ടു സാമഗ്രികള്‍, വാടക കാര്‍ എന്നിവ സംബന്ധിച്ചും ധാരാളം പരാതികള്‍ ലഭിക്കും. വാങ്ങിയ ഉല്‍പന്നം പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. കരാര്‍ പാലിക്കുന്നില്ല എന്ന പരാതിയും വ്യാപകമായി ഉയര്‍ന്നുവരും. വാറണ്ടി വാഗ്ദാനം അംഗീകരിക്കുന്നില്ല എന്ന പരാതിയും ഉണ്ടാകും, അധികൃതര്‍പറഞ്ഞു.