Connect with us

Editorial

രാഷ്ട്രീയ മറുപടി നല്‍കണം

Published

|

Last Updated

അധികാരത്തിനും സ്വാര്‍ഥ നേട്ടങ്ങള്‍ക്കും വേണ്ടി നേതാക്കള്‍ എന്തും ചെയ്യുമെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ക്കറിയാം, ഈ പദ്ധതിയും ഗൂഢാലോചനയും മൂന്നാല് മാസമായി നടക്കുന്നതാണ്” കോണ്‍ഗ്രസ്, ആര്‍ ജെ ഡി, ജെ ഡി യു കൂട്ടുകെട്ട് പൊളിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി ജെ പിയോടൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ചതിന് പിറകേ രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണമാണ് ഇത്. ഈ വാക്കുകളില്‍ എല്ലാം അടങ്ങിയിരിക്കുന്നു. ഫാസിസ്റ്റ്‌വിരുദ്ധ ചേരിക്ക് ഒടുങ്ങാത്ത ഊര്‍ജം പകര്‍ന്ന ബീഹാറിലെ മഹാസഖ്യത്തെ പിന്നില്‍ നിന്ന് കുത്തി ബി ജെ പി പാളയത്തിലേക്ക് ചാടി വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ അവസരവാദ രാഷ്ട്രീയം ജനാധിപത്യ സംവിധാനത്തെ തന്നെ അപഹസിക്കുകയാണ് ചെയ്തത്. കാരണം, ബീഹാറിലെ ജനങ്ങള്‍ നിതീഷിനല്ല വോട്ട് ചെയ്തത്. തന്റെ ചിരകാല ശത്രുവായി അറിയപ്പെട്ട ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളുമായും ഏറെക്കാലം എതിരാളികളായിരുന്ന കോണ്‍ഗ്രസുമായും കൂട്ടുചേരാനുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശാലതക്കായിരുന്നു വോട്ട്. ആ മഹാസഖ്യത്തിന്റെ ജീവനാഡിയായ രാഷ്ട്രീയ മൂല്യം അത്രമേല്‍ ശക്തമായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ചോരപുരണ്ട കൈകളുമായി പ്രധാനമന്ത്രിപദത്തിലേക്ക് കുതിക്കാന്‍ നരേന്ദ്ര മോദിയെ ബി ജെ പി നിയോഗിച്ചപ്പോഴാണ് എന്‍ ഡി എ ബാന്ധവം ഉപേക്ഷിച്ച് നിതീഷ് പുറത്തുകടന്നത്. അന്ന് അദ്ദേഹം നെഞ്ചത്ത് കൈവെച്ച് ജനങ്ങളോട് പറഞ്ഞത് ജീവനുള്ള കാലത്തോളം ഫാസിസ്റ്റുകളോട് കൂട്ടില്ലെന്നാണ്.

ദേശീയതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ശക്തിമത്തായ പ്രഖ്യാപനമായിരുന്നു അത്. മറ്റെന്ത് വിമര്‍ശങ്ങളുണ്ടെങ്കിലും ലാലു ഒരിക്കലും തന്റെ മതേതര നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. അതുകൊണ്ട് വര്‍ഗീയതയെ തള്ളിപ്പറഞ്ഞ് ഇറങ്ങിവരുന്ന നിതീഷിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. കോണ്‍ഗ്രസ് കൂടി ചേര്‍ന്നപ്പോള്‍ ആ കൂട്ടുകെട്ട് യഥാര്‍ഥ ഫാസിസ്റ്റ്‌വിരുദ്ധ, മതേതര, ജനാധിപത്യ മഹാസഖ്യമായി മാറുകയായിരുന്നു. സഖ്യത്തെ തിരഞ്ഞെടുപ്പില്‍ തറപറ്റിക്കാന്‍ ബി ജെ പി വര്‍ഗീയ വിഭജനത്തിന്റെ എല്ലാ സാധ്യതകളും പയറ്റി. എന്നിട്ടും നിലം തൊട്ടില്ല. 243 അംഗസഭയില്‍ 178 സീറ്റ് നേടി സഖ്യം ജയിച്ച് കയറി. 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രിപദം നിതീഷിന് നല്‍കാന്‍ ലാലു തയ്യാറായി.
കഴിഞ്ഞ വര്‍ഷം പകുതിയില്‍ തന്നെ നിതീഷ് ചാഞ്ചാട്ടം തുടങ്ങിയിരുന്നു. സാധാരണ ജനങ്ങള്‍ക്ക് മേല്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് നോട്ട് നിരോധനമെന്ന് രാജ്യം മുഴുവന്‍ പറഞ്ഞപ്പോള്‍ നിതീഷ് കുമാറിന് മാത്രം ഭിന്നാഭിപ്രായമായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംകിട്ടുമ്പോഴെല്ലാം വാഴ്ത്തി. പരസ്പരം വിരുന്നുണ്ടു. പോരാത്തതിന്, രാംനാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കി ബി ജെ പി ദളിത് കാര്‍ഡിറക്കിയപ്പോള്‍ നിതീഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചു. അപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകനും നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ വന്ന സി ബി ഐ കേസ് ഒരു അവസരമായി ഉപയോഗപ്പെടുത്തുകയാണ് നിതീഷ് ചെയ്തത്. സ്വന്തം വരുതിലുള്ള സി ബി ഐയെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ അത്തരമൊരു അവസരം സൃഷ്ടിച്ചുനല്‍കിയെന്നതാണ് സത്യം. അഴിമതിയാണ് യഥാര്‍ഥ പ്രശ്‌നമെങ്കില്‍ കാലിത്തീറ്റ കുംഭകോണമടക്കമുള്ള കേസില്‍ ഉള്‍പ്പെട്ട ലാലുവിന്റെ സഹായം സ്വീകരിച്ചതിന് എന്തുണ്ട് മറുപടി? അഴിമതി കണ്ടില്ലെന്ന് നടിക്കണമെന്നല്ല പറയുന്നത്. എന്നാല്‍ കൃത്യം സമയം നോക്കി പൊങ്ങി വരുന്ന കേസുകളുടെ രാഷ്ട്രീയം മനസ്സിലാക്കണം. ഇവിടെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി ആയുധമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലാലുവിനും കുടുംബത്തിനുമെതിരായ കേസുകള്‍, പ്രത്യേക പാക്കേജ് അടക്കമുള്ള പ്രലോഭനങ്ങള്‍, ഭാവിയില്‍ വന്നുചേരുന്ന സിംഹാസനങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍, ശിഥിലീകരണ രാഷ്ട്രീയത്തിന്റെ കള്ളക്കോലുകളില്‍ വിദഗ്ധനായ അമിതാ ഷാക്ക് നിതീഷിനെ വരുതിയിലാക്കാന്‍ ഇത്രയൊക്കെ ധാരാളം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡിയെ തഴഞ്ഞ് നിതീഷിനെ തന്നെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണറും മോദി കൂറ് തെളിയിച്ചു. അങ്ങനെ നിതീഷെന്ന മതേതര രാഷ്ട്രീയത്തിന്റെ പതാകവാഹകന്‍ ഒടുവില്‍ അവസരവാദത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു. അന്ന് നിതീഷ് എന്‍ ഡി എ വിട്ടത് മൂല്യാധിഷ്ഠിതമായിരുന്നില്ല എന്നുകൂടി ഇവിടെ വ്യക്തമാകുകയാണ്.

വര്‍ഗീയ ഫാസിസം അതിന്റെ എല്ലാ ക്രൗര്യങ്ങളോടെയും ഉദിച്ചു നില്‍ക്കുന്ന ഈ ഘട്ടത്തില്‍ നിതീഷ് കുമാറിനെപ്പോലെയുള്ള ഒരു നേതാവിന് ഇങ്ങനെ അധഃപതിക്കാനും പഴയ ലാവണത്തിലേക്ക് തിരിച്ചു പോകാനും സാധിക്കുമെങ്കില്‍ ന്യൂനപക്ഷ, ദളിത് സമൂഹം എവിടെയാണ് പ്രതീക്ഷയര്‍പ്പിക്കുക? മതേതര മേല്‍വിലാസത്തില്‍ അറിയപ്പെടുന്ന ഏത് പാര്‍ട്ടിയെയാണ് അവര്‍ വിശ്വസിക്കുക? വല്ലാത്ത ശൂന്യതയാണ് ഇത്. ഈ സ്തംഭനാവസ്ഥ മറികടന്നേ തീരൂ. ബഹുസ്വരതയിലൂന്നിയ പൈതൃകത്തില്‍ രാജ്യത്തെ ഉറപ്പിച്ച് നിര്‍ത്താന്‍ മതേതര മഹാസഖ്യം ആര്‍ജവത്തോടെ നിലനില്‍ക്കണം. ജെ ഡി യുവില്‍ നിന്ന് തന്നെ ശരത് യാദവിന്റെ നേതൃത്വത്തില്‍ അതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നത് അങ്ങേയറ്റം ആശാവഹമാണ്. ഈ വഞ്ചനക്ക് രാഷ്ട്രീയമായ മറുപടി നല്‍കാന്‍ സാധിക്കണം. കോണ്‍ഗ്രസ് തന്നെയാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കേണ്ടത്. അതിന് ആ പാര്‍ട്ടി കുറേക്കൂടി സജ്ജമാകേണ്ടതുണ്ട്. മറ്റ് കക്ഷികളുടെ നേതാക്കള്‍ കേവല സ്ഥാനമോഹങ്ങള്‍ വെടിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുകയും വേണം.

Latest