Connect with us

Gulf

ഫാക്ടറികള്‍ക്ക് മൂന്നാഴ്ചക്കുള്ളില്‍ യോഗ്യത നല്‍കാന്‍ തഅ്ഹീല്‍ പദ്ധതി

Published

|

Last Updated

ക്യു ഡി ബി, അശ്ഗാല്‍ പ്രതിനിധികള്‍ കരാര്‍ ഒപ്പുവെച്ച ശേഷം

ദോഹ: ഖത്വരി ഫാക്ടറികളുടെ ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മ സാക്ഷ്യപത്രവും അംഗീകാരവും നല്‍കുന്നതിന് ഖത്വര്‍ ഡെവലപ്‌മെന്റ് ബേങ്കു (ക്യു ഡി ബി)മായി ചേര്‍ന്ന് തഅ്ഹീല്‍ എന്ന പദ്ധതിക്ക് അശ്ഗാല്‍ തുടക്കം കുറിച്ചു. അശ്ഗാലിന്റെ അംഗീകൃത വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തി അതോറിറ്റിയുടെ പദ്ധതികളല്‍ പങ്കെടുക്കാന്‍ ഖത്വരി ഫാക്ടറികള്‍ക്ക് അവസരം നല്‍കുന്നതാണ് പദ്ധതി. സാങ്കേതിക നിലവാരവും മാനദണ്ഡങ്ങളും വ്യവസ്ഥകളുമെല്ലാം പാലിക്കുന്ന വ്യവസായ ഉത്പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കലും പദ്ധതിയുടെ ഭാഗമാണ്.

വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്താനും യോഗ്ത നല്‍കാനും അംഗീകാരം നല്‍കുന്നതിനും കാര്യക്ഷമമായ നടപടിക്രമങ്ങള്‍ അശ്ഗാല്‍ സംവിധാനിച്ചിട്ടുണ്ട്. മാനദണ്ഡങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ഫാക്ടറികള്‍ അശ്ഗാലിന് അപേക്ഷ സമര്‍പ്പിച്ച് മൂന്ന് ആഴ്ചക്കുള്ളില്‍ യോഗ്യത ലഭിക്കും. ഖത്വറിന്റെ ശേഷിയിലും വിഭവങ്ങളിലും വ്യവസായങ്ങളിലും മാനവവിഭവ ശേഷിയിലും വിശ്വാസം ചെലുത്തി പൂര്‍ണമായും അവലംബിക്കുകയും പുതിയ ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അശ്ഗാലും മറ്റ് ഏജന്‍സികളും നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ രാജ്യത്ത് തന്നെ നിര്‍മിക്കാന്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് പുതിയ ആളുകള്‍ ഇനിയും മുന്നോട്ടുവരേണ്ടതുണ്ട്.
ക്യു ഡി ബിയുടെ “പ്രാദേശികോത്പന്നങ്ങള്‍ വാങ്ങൂ” എന്ന പ്രചാരണത്തിന്റെ രണ്ടാം പതിപ്പിന്റെ പശ്ചാത്തലത്തിലാണ് അശ്ഗാലുമായി ധാരണാപത്രം ഒപ്പുവെച്ചത്. അടുത്ത ഘട്ടത്തിലുള്ള വികസനത്തിന് ആവശ്യമായ വസ്തുക്കള്‍ നേടുന്നതിന് കഠിനമായി ശ്രമിക്കുകയാണെന്ന് അശ്ഗാല്‍ പ്രസിഡന്റ് സഅദ് ബിന്‍ അഹ്മദ് അല്‍ മുഹന്നദി പറഞ്ഞു.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനാണ് പുതിയ സംരംഭമെന്ന് ക്യു ഡി ബി. സി ഇ ഒ അബ്ദുല്‍ അസീസ് ബിന്‍ നാസര്‍ അല്‍ ഖലീഫ പറഞ്ഞു. സാധ്യത പഠനം, നിയമ സഹായം, ഓഡിറ്റിംഗ്, അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ്, പൊതു സമ്പര്‍ക്ക സേവനം, പരിശീലനം, ഐ എസ് ഒ 9001 നേടുന്നതിനുള്ള യോഗ്യത തുടങ്ങിയ കാര്യങ്ങളിലൂടെ ആവശ്യമായ കണ്‍സള്‍ട്ടിംഗ് സേവനം ക്യു ഡി ബി ഫാക്ടറികള്‍ക്ക് നല്‍കും. രണ്ടാം ഘട്ടത്തിലെത്തിയ മുശ്തറയാത് പദ്ധതിയിലൂടെ നിരവധി ഖത്വരി ഫാക്ടറികളെ പ്രാദേശിക വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്താന്‍ ക്യു ഡി ബിക്ക് സാധിച്ചിട്ടുണ്ട്.

 

Latest