ലിവ ഈന്തപ്പഴ മഹോത്സവത്തില്‍ സന്ദര്‍ശകരുടെ ഒഴുക്ക്

Posted on: July 27, 2017 8:59 pm | Last updated: July 27, 2017 at 8:59 pm
SHARE

അബുദാബി: ലിവ അന്താരാഷ്ട്ര ഈന്തപ്പഴ മഹോത്സവത്തില്‍ സന്ദര്‍ശകരുടെ ഒഴുക്ക്. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പുറമെ ഒമാന്‍, സഊദി അറേബ്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ ലിവയില്‍ എത്തുന്നുണ്ട്. 34,000 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ വിശാലമായ വേദിയിലാണ് മേള നടക്കുന്നത്.

ഈന്തപ്പഴങ്ങളുടെ രുചി, വലിപ്പം, രൂപം, നിറം, ശ്രേണി എന്നിവയെല്ലാം പരിഗണിച്ചാണ് മികച്ചവ കണ്ടെത്തുക. ഖല്ലാസ്, ഫര്‍ദ്, ഖുനൈസി, ബൊവു മാന്‍, ഷിഷി തുടങ്ങി നിരവധി ഇനം ഈന്തപ്പഴങ്ങളാണ് മേളയിലുള്ളത്. ഈന്തപ്പഴത്തില്‍നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാക്കുന്ന നിത്യോപയോഗവസ്തുക്കളുടെ പ്രദര്‍ശനം എന്നിവയെല്ലാം പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയിലുണ്ട്.
അബുദാബി പോലീസ്, പരിസ്ഥിതി ഏജന്‍സി തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ പ്രത്യേക പ്രദര്‍ശനങ്ങളും ബോധവത്കരണ പരിപാടികളും മേളയുടെ പ്രത്യേകതയാണ്. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. യു.എ.ഇ. പരിസ്ഥിതി ഏജന്‍സിയുടെ പ്രത്യേക സ്റ്റാളില്‍ ജല ഉപഭോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രീയമായി വിശദമാക്കിയിട്ടുണ്ട്. യു.എ.ഇ.യിലെ ഈന്തപ്പന കൃഷിരീതിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വെള്ളം ക്രമമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ഇതില്‍ പ്രധാനമാണ്.
കൃഷിരീതി, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മറ്റ് വിളകള്‍, മികച്ച ഈന്തപ്പഴം, ഏറ്റവും വലിപ്പം കൂടിയ ഈന്തപ്പനക്കുല, എന്നിവയ്ക്കടക്കം വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 5.2 കോടി ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്.

ഭൂഗര്‍ഭജല സ്രോതസുകളിലെ വെള്ളത്തിന്റെ അളവില്‍ ക്രമാതീതമായ കുറവുണ്ടാകുന്ന പശ്ചാതലത്തില്‍ ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായി പരിസ്ഥിതി ഏജന്‍സിയിലെ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് ദാവൂദ് പറഞ്ഞു. ഏറെ ഉത്തരവാദിത്വബോധത്തോടെയും ഗൗരവത്തോടെയും മാത്രമേ ഭൂഗര്‍ഭ ജലസ്രോതസുകളുടെ ഉപയോഗം പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. യു എ ഇയില്‍ വളരെ സമൃദ്ധമായി വളരുന്ന മരമാണ് ഈന്തപ്പന. ഈന്തപ്പനയുടെ ജലസേചനത്തിനാണ് യു എ ഇയില്‍ മൊത്തം കൃഷിക്കുപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ മൂന്നിലൊന്നും ഉപയോഗിക്കുന്നത്. ലിവയിലെ ജനങ്ങളുടെയും സന്ദര്‍ശകരുടെയും സംഭാവനകളും സൃഷ്ടിയില്‍ പ്രതിഫലിക്കും. മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജനപങ്കാളിത്തവും സംഭാവനകളും രാജ്യത്തിന്റെ മൂല്യമാണ് വ്യക്തമാക്കുന്നതെന്ന് ആഘോഷക്കമ്മിറ്റി ഡയറക്ടര്‍ അബ്ദുല്ല ബാത്തി അല്‍ ഖുബൈസി പറഞ്ഞു. ഈ മാസം 29 വരെ നടക്കുന്ന മേള വൈകിട്ട് നാല് മുതല്‍ രാത്രി പത്ത് വരെയാണ്. യു എ ഇ ദാന വര്‍ഷാചരണത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേര്‍ന്ന് പൈതൃകാഘോഷക്കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക സേവന പരിപാടിയും മേളയിലുണ്ട്. ഏഴ് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള പ്രത്യേക ക്യാന്‍വാസില്‍ ഒരുക്കുന്ന സൃഷ്ടിയാണിത്. ഇതില്‍ യു എ ഇയുടെ പൈതൃകവും ദാന വര്‍ഷ സന്ദേശങ്ങളും ഉള്‍കൊള്ളിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here