Connect with us

National

നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറില്‍  ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയിലെ സുശീല്‍കുമാര്‍ മോദിയും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിച്ച ശേഷം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ബീഹാറില്‍ ആര്‍ ജെ ഡി- ജെ ഡി യു ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്നലെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളായ സുശീല്‍കുമാര്‍ മോദി, നിത്യാനന്ദ റായ് എന്നിവരുടെ നേതൃത്വത്തിലുള്ള എം എല്‍ എമാരുടെ സംഘം ഇന്നലെ രാത്രി നിതീഷ് കുമാറിന്റെ വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചു.

സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി യുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ രാജി. രാജ്ഭവനിലെത്തി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ട നിതീഷ് അപ്രതീക്ഷിതമായാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.
സി ബി ഐ അന്വേഷിക്കുന്ന അഴിമതി കേസില്‍ ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നിതീഷ് അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയിരുന്നത്. തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാട് നിതീഷ് കുമാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ ജെ ഡിയും ലാലു പ്രസാദും തള്ളുകയാണുണ്ടായത്. അമിത്ഷായും മോദിയും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നാണ് ലാലു പ്രസാദ് ആരോപിച്ചിരുന്നു.

ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്നും താനും നിതീഷ് കുമാറും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നുമാണ് ലാലു പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ ജെ ഡി യു എം എല്‍എമാരുടെ യോഗം നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. തേജസ്വി യാദവ് രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രിപദം രാജിവെക്കുമെന്ന് ഈ യോഗത്തില്‍ തന്നെ നിതീഷ് അംഗങ്ങളെ അറിയിച്ചു.
ബീഹാര്‍ നിയമസഭയില്‍ മൊത്തം 243 സീറ്റില്‍ ആര്‍ ജെഡിക്ക് 80 സീറ്റുകളുണ്ട്. ബി ജെ പിയുടെ 53 അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ 122 സീറ്റുകള്‍ മറികടക്കാകുമെന്നുറപ്പാണ്. ആര്‍ ജെ ഡിക്ക് 71 ഉം കോണ്‍ഗ്രസിന് 27യും എല്‍ എസ് പി , ആര്‍ എല്‍ സി പി എന്നിവര്‍ക്ക് രണ്ട് സീറ്റ് വീതവും എച്ച് എ എമ്മിന് ഒരു സീറ്റുമാണുള്ളത്.

നേരത്തെ എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് ജെ ഡി യു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മോദി തരംഗത്തെപ്പോലും വെല്ലുവിളിച്ച് ബീഹാറില്‍ അധികാരം പിടിച്ച മഹാസഖ്യത്തില്‍ വിള്ളല്‍ വീണു തുടങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ഇടപെടലുകളുമായി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Latest