ധവാനും,പൂജാരക്കും സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Posted on: July 26, 2017 6:37 pm | Last updated: July 27, 2017 at 10:00 am
SHARE

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ശിഖര്‍ ധവാന്റെയും മധ്യനിരതാരം ചേതേശ്വര്‍ പുജാരയുടെയും സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ഒന്നാം ദിനം 399/3 എന്ന നിലയില്‍ ബാറ്റിംഗ് അവസാനിപ്പിച്ചു.
ഇന്നിംഗ്‌സിന് അടിത്തറയിട്ട് രണ്ടാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ ഇരട്ടസെഞ്ചുറി 253 കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. വിദേശത്ത് ആദ്യദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഗോളില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്.

ശിഖര്‍ ധവാന്‍ 168 പന്തില്‍ 190 റണ്‍സെടുത്താണ് മടങ്ങിയത്. 31 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. നങ്കൂരമിട്ട് കളിക്കുന്ന ചേതേശ്വര്‍ പൂജാര 247 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് 144 റണ്‍സെടുത്തത്. 94 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെയാണ് രഹാനെ 39 റണ്‍സെടുത്തത്.
ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടോട്ടലാണ് ഇന്നത്തെ 399.

26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 12 റണ്‍സെടുത്ത ഓപ്പണര്‍ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ധവാന്‍ പുറത്തായതിനു തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മടങ്ങിയെങ്കിലും പൂജാര-രഹാനെ സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. നുവാന്‍ പ്രദീപാണ് ഇന്ത്യയുടെ മൂന്ന് വിക്കറ്റും സ്വന്തമാക്കിയത്.