അടുത്ത ജൂണോടെ മുഴുവന്‍ ടാക്‌സികളിലും സ്മാര്‍ട് മീറ്ററുകള്‍

Posted on: July 26, 2017 4:27 pm | Last updated: July 26, 2017 at 4:27 pm

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ കീഴിലുള്ള ടാക്‌സികളില്‍ പുതിയ സ്മാര്‍ട് മീറ്ററുകള്‍ ഘടിപ്പിച്ചു തുടങ്ങി. 6.9 കോടി ദിര്‍ഹമിന്റെ ഉപകരണങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ അവസാനത്തോടെ എല്ലാ ടാക്‌സികളിലും മീറ്ററുകള്‍ ഘടിപ്പിക്കും. പദ്ധതിയുടെ പുരോഗതികള്‍ ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ സന്ദര്‍ശിച്ചു വിലയിരുത്തി. ഉപകരണങ്ങളുടെ പ്രവര്‍ത്തന രീതികള്‍ അദ്ദേഹം നിരീക്ഷിച്ചു. ദുബൈ നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ ആവരണം ചെയ്യുന്ന മകാനി സംവിധാനവും ആധുനിക മീറ്ററുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ടോള്‍ ഗേറ്റുകളിലൂടെ കടന്ന് പോകുമ്പോള്‍ സ്വമേധയാ നിരക്കുകള്‍ നിര്‍ണയിക്കാനുള്ള കഴിവ്, നഗരത്തിന്റെ മാപ് പൂര്‍ണമായും മീറ്ററുകളിലൂടെ ലഭ്യമാക്കി യാത്രക്കാരന് എത്തേണ്ട സ്ഥലത്തെകുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവ പുതിയ മീറ്ററുകളുടെ പ്രത്യേകതയാണ്.

ടാക്‌സി ജീവനക്കാരുടെ ജോലിമാറ്റ വേളയില്‍ 90 മിനുറ്റുകളോളം ഔട് ഓഫ് സര്‍വീസ് സന്ദേശം മീറ്ററിന്റെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ ടാക്‌സി ഓടിക്കുന്ന ഡ്രൈവറിന്റെ ജോലി സമയം പൂര്‍ത്തീകരിച്ചു മറ്റൊരു ജീവനക്കാരന് വാഹനം കൈമാറുന്നത്‌വരെ എന്‍ഡ് ഓഫ് ഷിഫ്റ്റ് സന്ദേശമാണ് സ്‌ക്രീനില്‍ ലഭിക്കുക. സുഗമമായ ഷിഫ്റ്റ് കൈമാറ്റത്തിനായി 45 മിനിറ്റുകള്‍ വരെ ഈ സന്ദേശം സ്‌ക്രീനില്‍ തെളിയും.

യാത്രക്കാര്‍ വാഹനത്തില്‍ കയറുന്ന മുറക്ക് വാഹനത്തില്‍ പ്രത്യകം സ്ഥാപിച്ചിട്ടുള്ള ഒപ്റ്റിക് സെന്‍സറുകള്‍ മീറ്ററുകളിലേക്ക് പ്രത്യേക സന്ദേശം അയക്കും. ഇതിലൂടെ ഡ്രൈവര്‍ മീറ്റര്‍ ഓണ്‍ ആക്കാന്‍ മാറാന്നാലും മീറ്റര്‍ സ്വമേധയാ പ്രവര്‍ത്തിക്കും. സുഗമമായ പേയ്‌മെന്റ് സംവിധാനവും മീറ്റര്‍ വഴി നടക്കും. നഗരത്തിലെ ഉള്‍മേഖലാ റോഡുകളിലെയും പ്രധാന റോഡുകളിലെയും വേഗത നിര്‍ണയിച്ചു ഡ്രൈവര്‍ക്ക് സന്ദേശം നല്‍കല്‍ എന്നിവ മീറ്ററുകളുടെ പ്രത്യേകതകളാണ്.
കഴിഞ്ഞ മാസമാവസാനത്തോടെ വിവിധ ടാക്‌സികളിലായി 4850 മീറ്ററുകള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ 7850 മീറ്ററുകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ ലക്ഷ്യം. 5010 ടാക്‌സികള്‍ ദുബൈ അധികൃതര്‍ പുറത്തിറക്കിയ സ്ഥല നിര്‍ണയ സംവിധാനമായ മകാനി സംവിധാനവുമായി ബന്ധപെടുത്തിയിട്ടുണ്ട്. 118,000 ടാക്‌സി ബുക്കിങ്ങുകളാണ് നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ ലഭിച്ചത്.
ആഗോള തലത്തില്‍ ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുന്നതിനുള്ള പദ്ധതിക്ക് കരുത്തുപകരുന്നതിനാണ് അധികൃതരുടെ നടപടി.