ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളില്‍ മൂന്നാമത് വടക്കന്‍ കേരളം

ടൂറിസം വകുപ്പിന് ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി കടകംപള്ളി
Posted on: July 26, 2017 9:24 am | Last updated: July 26, 2017 at 11:32 am

തിരുവനന്തപുരം: ഏഷ്യയില്‍ കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ലോണ്‍ലി പ്ലാനറ്റ് പട്ടികയില്‍ വടക്കന്‍ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സംസ്ഥാന ടൂറിസം വകുപ്പിന് ലഭിച്ച അംഗീകാരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വടക്കന്‍ കേരളത്തിലെ ടൂറിസം വികസനത്തിനായി 600 കോടിയോളം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് ഈ ലോകോത്തര അംഗീകാരം കൂടുതല്‍ പ്രോത്സാഹനമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ചൈനയിലെ ഗാന്‍ഷു, ജപ്പാനിലെ സൗത്ത് ടോക്കിയോ എന്നിവ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് വടക്കന്‍ കേരളത്തിന് അന്താരാഷ്ട്ര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റ് തയ്യാറാക്കിയ വാര്‍ഷിക പട്ടികയില്‍ നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ശ്രദ്ധേയരായ വിനോദസഞ്ചാര കോളമിസ്റ്റുകള്‍ക്ക് വടക്കന്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാന്‍ അവസരം നല്‍കിയത് ലോകത്തിന്റെ ശ്രദ്ധയില്‍ വടക്കന്‍ കേരളത്തിന്റെ മനോഹാരിത പരിചയപ്പെടുത്താന്‍ സഹായകമായി.

കേവലം ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വടക്കന്‍ മലബാറിന്റെ ടൂറിസം വികസനത്തിന് 600 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കി. മുന്നൂറ് കോടിയോളം രൂപ മുതല്‍ മുടക്ക് കണക്കാക്കുന്ന മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടികള്‍, പുഴയോര നടപ്പാത എന്നിവ നിര്‍മിക്കുന്നതിന് 15 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വളപട്ടണം, കുപ്പം, പെരുമ്പ, അഞ്ചരകണ്ടി, മാഹി, തലശ്ശേരി, നീലേശ്വരം, തേജസ്വിനി, വിലയ, പറമ്പാതടാകം, ചന്ദ്രഗിരി എന്നീ ജലാശയങ്ങളും, അവിടുത്തെ കലാരൂപങ്ങളും, പ്രകൃതി വിഭവങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന നദീതട ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇവിടേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹം തന്നെയുണ്ടാകും. 197 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദീയാത്രയില്‍, ഓരോ തീരത്തും ആ പ്രദേശത്തിന്റെ സവിശേഷ കലാരൂപങ്ങളും, കരകൗശല സാമഗ്രി നിര്‍മാണവുമെല്ലാം ഒരുക്കും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിക്കുമെന്നത് കൂടി കണക്കിലെടുത്താണ് മലബാറിലെ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചത്. വടക്കന്‍ കേരളത്തിലെ ബീച്ചുകള്‍ ഗോവന്‍ ബീച്ചുകളേക്കാള്‍ ഭംഗിയും വൃത്തിയുമുള്ളതാണെന്ന ലോണ്‍ലി പ്ലാനറ്റിന്റെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. മുഴുപ്പിലങ്ങാട് ബീച്ചില്‍ ഏറ്റെടുത്തിട്ടുള്ള 3.5 ഏക്കര്‍ സ്ഥലത്ത് 43.20 കോടി രൂപ മുതല്‍ മുടക്കില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ റിസോര്‍ട്ട് നിര്‍മിക്കുന്നതും പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണവും ബീച്ച് ടൂറിസത്തിന് പ്രോത്സാഹനമാകും.
ലോണ്‍ലി പ്ലാനറ്റ് പ്രത്യേകം പരാമര്‍ശിക്കുന്ന വയനാട്ടിലും നിരവധി ടൂറിസം പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. കല്‍പ്പറ്റയിലെ എന്‍ ഊര് ടൂറിസം പദ്ധതിക്ക് നാലരക്കോടി രൂപയാണ് അനുവദിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ റോക്ക് അഡ്വെഞ്ചര്‍ പദ്ധതി, പഴശ്ശി സ്മാരകം, കുറുവാ ദ്വീപ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി എന്നിവയ്ക്കും ഫണ്ട് വകയിരുത്തിയത് വയനാടിന്റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.