Connect with us

Articles

സ്വാശ്രയം: മാനേജ്‌മെന്റുകള്‍ മീന്‍ പിടിക്കും

Published

|

Last Updated

ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ പ്രവേശനത്തില്‍ കടുത്ത അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിച്ചതിന് പിന്നിലെ സര്‍ക്കാറിന്റെ കള്ളക്കളി പ്രവേശന പ്രക്രിയയുടെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മറനീക്കി പുറത്തു വരികയാണ്. അലോട്ട്‌മെന്റിന് ശേഷം അവശേഷിക്കുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും സ്‌പോട്ട് അഡ്മിഷനിലൂടെ തങ്ങള്‍ അത് നികത്തുമെന്നും മാനേജ്‌മെന്റുകള്‍ ഉന്നയിച്ചിരിക്കുന്ന വാദം പൂച്ചയെ പുറത്ത് ചാടിച്ചിരിക്കുന്നു. ബോധപൂര്‍വം സൃഷ്ടിച്ച കൂട്ടക്കുഴപ്പം മാനേജ്‌മെന്റുകള്‍ക്ക് ഇങ്ങനെ ഒരു അവസരം സൃഷ്ടിച്ച് നല്‍കാനായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മൂന്ന് അലോട്ടമെന്റുകളാണ് നടത്തുന്നതെങ്കിലും സ്വകാര്യ സ്വാശ്രയ കോളജുകളില്‍ ഒരൊറ്റ അലോട്ട്‌മെന്റ് മാത്രം മതി എന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത് മാനേജ്‌മെന്റുകള്‍ക്ക് കൊള്ള നടത്താന്‍ അവസരം സൃഷ്ടിക്കാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണ്? ആദ്യ അലോട്ട്‌മെന്റിന് ശേഷം കുറഞ്ഞത് 40 ശതമാനം സീറ്റുകളെങ്കിലും ഒഴിഞ്ഞു കിടക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്രയും സ്‌പോട്ട് അഡ്മിഷനിലേക്ക് മാറുമ്പോള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് പ്രവേശനം നല്‍കാനാവും. സ്‌പോട്ട് അഡ്മിഷന്‍ തങ്ങള്‍ തന്നെ നടത്തുമെന്ന് സര്‍ക്കാറും പ്രവേശന കമ്മീഷണറും പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം പ്രയോഗികമാവുമെന്ന് കണ്ടറിയണം. സുപ്രീംകോടതി വിധി അതിന് അനുകൂലമല്ല. അലോട്ടമെന്റിന് ശേഷമുള്ള ഒഴിവുകളുടെ പത്തിരട്ടി വിദ്യാര്‍ഥികളുടെ പട്ടിക മാനേജ്‌മെന്റുകള്‍ക്ക് കൈമാറുകയും അതില്‍ നിന്ന് മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തുകയും വേണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. ആകെ കലങ്ങി മറിയാന്‍ പോവുകയാണ്. ആ കലക്ക വെള്ളത്തില്‍ മാനേജ്‌മെന്റുകള്‍ മീന്‍ പിടിക്കും.

സ്വാശ്രയ മെഡിക്കല്‍ കോഴ്‌സിന് ഇത്തവണ എത്ര രൂപയാണ് ഫീസ് എന്ന ് ഈ അവസാന ഘട്ടത്തിലെത്തുമ്പോഴും നിശ്ചയമില്ല. അഞ്ചര ലക്ഷമായിരുന്നു ആദ്യം നിശ്ചയിച്ചത്. പിന്നീട് അഞ്ചു ലക്ഷമാക്കി. കുട്ടികള്‍ ഓപ്ഷന്‍ നല്‍കിത്തുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടന നടപ്പാക്കാനായി മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടങ്ങി. കുറെ കോളജുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനയില്‍ അഡ്മിഷന്‍ നടത്താന്‍ തയ്യാറായെന്ന് സര്‍ക്കാര്‍ പറയുന്നു. അപ്പോള്‍ ഏത് ഫീസാണ് ശരിയായുള്ളത്? ഏത് നിലനില്‍ക്കും? സര്‍ക്കാറിന്റെ ഓര്‍ഡിനന്‍ന്‍സ് അനുസരിച്ച് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച് കോടതിയില്‍ നല്‍കിയ ഏകീകൃത ഫീസോ, അതോ സര്‍ക്കാര്‍ ഇപ്പോള്‍ ചില മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കുന്ന കഴിഞ്ഞ വര്‍ഷത്തെ ഫീസോ? ഏതിനാണ് നിയമസാധുത? മാനേജ്‌മെന്റുകളുമായി കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ കരാര്‍ ഉണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ എന്തു കൊണ്ട് ആദ്യം അതിന് ശ്രമിച്ചില്ല? ഇത്തവണത്തെ ഫീസ് താങ്ങാനാവാതെ വലിയ വിഭാഗം കുട്ടികള്‍ പ്രവേശനം വേണ്ടെന്ന് വെച്ച ശേഷം വേണമായിരുന്നോ ഈ അഭ്യാസം? സ്വാശ്രയ കാര്യത്തില്‍ തത്വാധിഷ്ഠിത നിലപാടാണാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷത്തിരിക്കുമ്പോഴൊക്കെ മേനി നടിക്കുന്ന സി പി എമ്മും ഇടതു മുന്നണിയും ഭരണത്തിലേറുമ്പോര്‍ മാനേജ്‌മെന്റുകളുടെ തോഴന്മാരായി നിറം മാറുന്നത് വിചിത്രമാണ്.

കഴിഞ്ഞ വര്‍ഷം സ്വാശ്രയ മാനേജ്‌മെന്റുകള്‍ പോലും പ്രതീക്ഷിക്കാത്തത്ര ഉയര്‍ന്ന ഫീസ് നിശ്ചയിച്ചു നല്‍കി അവര്‍ക്ക് കൊള്ള ലാഭം സമ്മാനിച്ച സര്‍ക്കാര്‍ ഇത്തവണ പാവപ്പെട്ടവരെയും സാധാരണക്കാരെയും പൂര്‍ണമായി സ്വാശ്രയ വിദ്യാഭ്യാസ രംഗത്തു നിന്ന് അടിച്ച് പുറത്താക്കുകയാണ് ചെയ്തിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത ഫീസ് കാരണം പാവപ്പെട്ടവര്‍ക്കോ സാധാരണക്കാര്‍ക്കോ സ്വാശ്രയ കോളജുകളുടെ മതില്‍ക്കെട്ടിനുള്ളിലേക്ക് എത്തി നോക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. എം ബി ബി എസ് കോഴ്‌സിന് അഞ്ചര ലക്ഷം രൂപയാണ് ആദ്യം നിശ്ചയിച്ചത്. അത് കൂടിപ്പോയെന്ന് സ്വന്തം കക്ഷികള്‍ പോലും മുറവിളി കൂട്ടിയപ്പോള്‍ അരലക്ഷം കുറച്ച് അഞ്ചു ലക്ഷമാക്കി. ഈ കുറച്ച ഫീസ് വച്ച് നോക്കിയാല്‍ തന്നെ ഒരു കുട്ടി എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കാന്‍ ഫീസിനത്തില്‍ മാത്രം കാല്‍ കോടി രൂപ വേണ്ടിവരും. ഹോസ്റ്റല്‍ ഫീസ്, പുസ്തകങ്ങള്‍, പഠന സമാഗ്രികള്‍ തുടങ്ങി മറ്റ് ചിലവുകള്‍ക്കായി പതിനഞ്ച് 20 ലക്ഷമെങ്കിലും വേറെ വേണം. അതായത് എം ബി ബി എസ് പഠനത്തിന് അരക്കോടി രൂപയെങ്കിലും മുടക്കേണ്ടി വരുമെന്നര്‍ഥം. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഇത് എങ്ങനെ താങ്ങാന്‍ കഴിയും? കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് 11 ലക്ഷമായിരുന്നു ഫീസ്. അത് ഇത്തവണ അഞ്ചു ലക്ഷമാക്കി കുറച്ചു കൊടുത്തിരിക്കുകയാണ്. അതായത് പണമുള്ളവന് വര്‍ഷം ആറു ലക്ഷം രൂപ ലാഭം.

ഇത്തവണ ഒരു ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. മൂന്ന് തവണയാണ് അത് പുതുക്കി പുറപ്പെടുവിച്ചത്. മൂന്നാം തവണ വെട്ടിത്തിരുത്തുകയും ചെയ്തു. ഇത്രയും പ്രധാനപ്പെട്ട കാര്യത്തില്‍ ഓര്‍ഡിന്‍സ് പുറപ്പെടുവിക്കുമ്പോള്‍ അതില്‍ എന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് ചുരുങ്ങിയത് മന്ത്രിയെങ്കിലും വായിക്കണ്ടേ? അതുണ്ടായില്ല. അത് കാരണം ഒര്‍ഡിനന്‍സ് ഒരു വഴിക്കും നടപടികള്‍ മറ്റൊരു വഴിക്കും പോയി. ഓര്‍ഡിനന്‍സില്‍ പറയുന്നത് പത്തംഗ ഫീസ് നിര്‍ണയ സമിതി രൂപവത്കരിക്കണം എന്നാണ്. പക്ഷേ രൂപീകരിച്ച്ത് അഞ്ചംഗ കമ്മിറ്റിയെ. അത് ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്ന് ഓര്‍ഡിനന്‍സില്‍ എഴുതി വച്ചു. പക്ഷേ എക്‌സിക്യൂട്ടീവ് ഉത്തരവായി അത് പുറപ്പെടുവിച്ചു. അത് കൊണ്ടു തന്നെ ഫീസ് നിര്‍ണ്ണയ സമിതിയും അത് നിര്‍ണ്ണയിച്ച ഫീസ് ഘടനയും അസാധുവായി. ഈ അകപാകതകളെല്ലസാം ഞാന്‍ പ്രതിപക്ഷ നേതാവെന്ന നിലയക്ക് എണ്ണിയെണ്ണി നിരത്തിയപ്പോഴാണ് ഓര്‍ഡിന്‍സ് തന്നെ വെട്ടിത്തിരുത്തിയത്. ഇതാണോ കാര്യക്ഷമത?
ഇനിയുമുണ്ട് കാര്യങ്ങള്‍. ഓരോ കോളേജിന്റെയും പ്രത്യേകത കണക്കിലെടുത്ത് പ്രത്യേകം പ്രത്യേകം ഫീസ് നിശ്ചയിക്കണമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. പക്ഷേ നിശ്ചയിച്ചത് എല്ലാവര്‍ക്കും ഒരൊറ്റ ഫീസ്. അത് കൊണ്ട് തന്നെ അത് നിനിലനില്‍ക്കുമെന്നും തോന്നുന്നില്ല.

---- facebook comment plugin here -----

Latest