Connect with us

Editorial

പാളം തെറ്റുന്ന റെയില്‍വേ

Published

|

Last Updated

സുരക്ഷിതത്വം, സമയനിഷ്ഠ, കുറഞ്ഞ നിരക്ക് തുടങ്ങിയവയാണ് ജനങ്ങള്‍ക്ക് തീവണ്ടിയാത്ര ജനകീയമായി തീര്‍ന്നതിന്റെ പ്രധാന കാരണങ്ങള്‍. എന്നാല്‍ സുരക്ഷിതമായ യാത്രാ സംവിധാനമെന്ന വിശേഷണം റെയില്‍വേക്ക് എന്നോ നഷ്ടമായിക്കഴിഞ്ഞതാണ്. ട്രെയിന്‍ അപകടങ്ങളും യാത്രക്കാര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളും സര്‍വ സാധാരണമാണിന്ന്. ഇതിനപ്പുറം ട്രെയിനുകളുടെ ഓട്ടത്തില്‍ സമയകൃത്യതയും റെയില്‍വേ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ ഗുണനിലവാരവും പാടേ ഇല്ലാതായിക്കഴിഞ്ഞെന്നാണ് സി എ ജിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രെയിനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സി എ ജി ഉന്നയിക്കുന്നത്. ശരാശരിയിലും താഴ്ന്ന ഗുണനിലവാരത്തിലുള്ളതാണ് യാത്രക്കാര്‍ക്കായി വിതരണം ചെയ്യുന്ന ഭക്ഷണങ്ങളെല്ലാം തന്നെ. റെയില്‍വെയുടെ അറിയിപ്പിലുള്ള അളവില്‍ ഭക്ഷണം നല്‍കുന്നുമില്ല. പാചകം ചെയ്യുന്നതും സൂക്ഷിച്ചു വെക്കുന്നതും എലികളും പാറ്റകളും നിറഞ്ഞതും വൃത്തിഹീനവുമായ ഇടങ്ങളിലും സാഹചര്യങ്ങളിലുമാണെന്നും പലയിടത്തും ചായക്കും കാപ്പിക്കും ഉപയോഗിക്കുന്നത് മലിനജലമാണെന്നും കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ഐ ജി കുറ്റപ്പെടുത്തുന്നു. മിക്ക റെയില്‍വേ സ്‌റ്റേഷനുകളിലും ഒരുക്കിയ കുടിവെള്ളസൗകര്യം രോഗഹേതുകമായ മാലിന്യങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കാറ്ററിംഗ് രംഗത്തെ കുത്തകവത്കരണമാണ് ഗുണനിലവാരക്കുറവിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതേക്കുറിച്ചു യാത്രക്കാര്‍ പരാതി നല്‍കിയാല്‍ റെയില്‍വേ അത് ഗൗരവത്തിലെടുക്കുന്നുമില്ല.

കൃത്യസമയത്ത് ഓഫീസിലോ മറ്റു ജോലി സ്ഥലങ്ങളിലോ എത്താമെന്ന വിശ്വാസത്തില്‍ ട്രെയിനില്‍ കയറിയാലും വലഞ്ഞതു തന്നെ. സൂപ്പര്‍ ഫാസ്റ്റ് ഗണത്തില്‍ വരുന്ന ട്രെയിനുകളടക്കം 95 ശതമാനവും വൈകിയാണ് ഓടുന്നതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. മണിക്കൂറില്‍ 55 കിലോമീറ്ററോ അതിന് മുകളിലോ വേഗതയില്‍ ഓടുന്ന ട്രെയിനുകളാണ് റെയില്‍വേയുടെ വിശദീകരണമനുസരിച്ചുസൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍. മറ്റു ട്രെയിനുകളെ അപേക്ഷിച്ചു ഇവയുടെ വേഗത ഏറെ കൂടുതലാണ്. യാത്രക്കാരില്‍ നിന്ന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതിലല്ലാതെ സമയ നിഷ്ഠയില്‍ സൂപ്പര്‍ ഫാസ്റ്റുകള്‍ അവയുടെ ധര്‍മം പാലിക്കുന്നില്ല. ട്രെയിന്‍ താമസിച്ചെത്തിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം കൊടുക്കാനുള്ള സംവിധാനവുമില്ല.

തീവണ്ടി യാത്രയുടെ സുരക്ഷ ഇപ്പോഴും ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ഓരോവര്‍ഷവും രാജ്യത്ത് 15,000 ത്തോളം പേര്‍ തീവണ്ടി അപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് 2012 ല്‍ റെയില്‍വേ നിയോഗിച്ച ഉന്നതതല സമിതികണ്ടെത്തിയത്. പാതകളുടെ കാലപ്പഴക്കമാണ് അപകടങ്ങളുടെ കാരണങ്ങളിലൊന്ന്. 25 വര്‍ഷം കൂടുമ്പോള്‍ റെയില്‍ പാളങ്ങള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ചട്ടം. എന്നാല്‍ കേരളമുള്‍പ്പെടെ പല പ്രദേശങ്ങളിലും നിലവിലുള്ള പാതകളുടെ ശേഷി അവസാനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും മാറ്റി സ്ഥാപിച്ചിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്തെ റെയില്‍ പാളങ്ങളില്‍ 238 വിള്ളലുകള്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെയും പൂര്‍ണമായും പരിഹരിച്ചിട്ടില്ല. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റയില്‍വേ അധികൃതരോട് വിശദീകരണം തേടിയിരുന്നു. യാത്രക്കിടയിലെ സാമൂഹിക വിരുദ്ധരുടെയും കൊള്ളക്കാരുടെയും അക്രമങ്ങളും അടിക്കടി വര്‍ധിക്കുന്നു. പ്രധാനമായും രാത്രി സമയങ്ങളിലെ യാത്രകള്‍ തീരെ സുരക്ഷിതമല്ല. 814 കൊള്ള കേസുകളാണ് 2015ല്‍ മാത്രം റെയില്‍വേയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാലര വര്‍ഷം മുമ്പ് സമര്‍പ്പിച്ച അനില്‍ കകോദ്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിവര്‍ഷം 20,000 കോടി രൂപവീതം അഞ്ചുവര്‍ഷത്തേക്കു ചെലവഴിച്ചു റെയില്‍വേയെ സുരക്ഷിതമാക്കണമെന്ന നിര്‍ദേശമു ണ്ടായിരുന്നു. 2015ല്‍ അവതരിപ്പിച്ച റെയില്‍ ബജറ്റിലെ പഞ്ചവത്സര ദര്‍ശനരേഖയിലുള്ള നാലു ലക്ഷ്യങ്ങളിലൊന്ന് ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷിതത്വമായിരുന്നു. ഇങ്ങനെ രാജ്യത്തെ വന്‍ ട്രെയിന്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിച്ച റെയില്‍വേ സുരക്ഷാ കമ്മീഷണര്‍മാരും ജുഡീഷ്യല്‍ കമ്മീഷനുകളും ഒട്ടേറെ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും മിക്കതും നടപ്പിലായിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേയുടേത് , ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. 16 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലും നല്‍കുന്നുണ്ട് ഈ സ്ഥാപനം. രാജ്യത്തെ സമ്പദ്ഘടനക്ക് വലിയൊരു മുതല്‍കൂട്ടുകൂടിയായ റെയില്‍ യാത്ര സുഖകരവും സുരക്ഷിതത്വവുമാക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. ട്രെയിന്‍ സര്‍വീസുകളുടെ എണ്ണവും വേഗവും വര്‍ധിക്കുന്നതിനനുസരിച്ചു സുരക്ഷാകാര്യത്തിലെ ശ്രദ്ധയും വര്‍ധിക്കേണ്ടതുണ്ട്. പഴക്കമേറിയതും അപകടസാധ്യതയുള്ളതുമായ പാളങ്ങള്‍ മാറ്റുന്നതിനും സാമൂഹിക വിരുദ്ധരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും യാത്രക്കാരെ രക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണം. വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊള്ളാവുന്നതാണെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളുമുണ്ടാകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest