Connect with us

Ongoing News

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി; വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്തു

Published

|

Last Updated

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സങ്കീര്‍ണമായ നടപടികളുമായി ഇറക്കിയ വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂറിന് മുമ്പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇറക്കിയ വിവാദ സര്‍ക്കുലറിനെതിരെ അബൂദബിയിലെ മലയാളിയായ പ്രവാസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കോടതി പറഞ്ഞു.

മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍ ഒ സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഹാജരാക്കണമെന്ന വിവാദ സര്‍ക്കുലറിനെതിരെ പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. മൃതദേഹത്തോടൊപ്പം വരുന്നവര്‍ എമിഗ്രേഷന് സമീപമുള്ള ഹെല്‍ത്ത് കൗണ്ടറില്‍ രേഖകളുടെ ഒറിജിനലുകള്‍ കാണിക്കണം, സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം, കാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ ബാധിച്ചല്ല മരണമെന്ന് അതതു രാജ്യത്തെ ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തണം എന്നതുള്‍പ്പെടെ നടപടിക്രമങ്ങളെ സങ്കീര്‍ണമാക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ സര്‍ക്കുലറില്‍ ഉണ്ടായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇ- മെയിലായോ ആരുടെയെങ്കിലും കൈവശമോ വിമാനത്താവളത്തിലെ ഹെല്‍ത്ത് കൗണ്ടറില്‍ എത്തിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും മൃതദേഹം കൊണ്ടുവരുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കൂടെയുള്ളവര്‍ ഹാജരാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് യു എ ഇയിലെ എംബാമിംഗ് കേന്ദ്രങ്ങളില്‍ നിന്ന് എംബാം സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ നല്‍കി വരുന്നത്.

നിലവിലെ സാഹചര്യത്തില്‍ മരണം നടന്ന രാജ്യത്തെ പോലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മരിച്ച ദിവസമോ അല്ലെങ്കില്‍ പിറ്റേ ദിവസമോ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുന്നുണ്ടെന്നിരിക്കെയാണ് ഇതിന് തടസ്സം സൃഷ്ടിക്കുന്ന പുതിയ നിര്‍ദേശങ്ങളുമായി സര്‍ക്കുലര്‍ ഇറങ്ങിയത്. പുതിയ സര്‍ക്കുലര്‍ ഇറങ്ങിയതിനെ തുടര്‍ന്ന് നേരത്തേ ഷാര്‍ജക്കടുത്ത് ദൈദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ ഷാര്‍ജ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തിയപ്പോള്‍ കരിപ്പൂരില്‍ നിന്ന് ഇ മെയിലില്‍ എത്തിയ നിര്‍ദേശം ചൂണ്ടിക്കാട്ടി അവര്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു. അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങള്‍ അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

Latest