Connect with us

Articles

ഉഴവൂര്‍ എന്ന ചിരി

Published

|

Last Updated

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ അവസാനനാളുകള്‍. തിരഞ്ഞെടുപ്പിന് നിലമൊരുക്കി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ജാഥകളുടെ തിരക്കിലാണ്. എന്‍ സി പിയും കാസര്‍കോട് നിന്നൊരു യാത്ര പ്രഖ്യാപിച്ചു. ഉണര്‍ത്തുയാത്ര. ക്യാപ്റ്റന്‍ ഉഴവൂര്‍ വിജയന്‍ തന്നെ. യു ഡി എഫിനെ കടന്നാക്രമിച്ച് പതിവ് ശൈലിയില്‍ കാസര്‍കോട് പ്രസംഗം തുടങ്ങി. “ഇനിയും ഈ ഭരണം അനുവദിക്കില്ല, ജനങ്ങള്‍ ഒന്നിച്ച് ഉമ്മന്‍ചാണ്ടിയോട് പറയുകയാണ്, വഴി മാറടെ മുണ്ടക്കല്‍ ശേഖരാ… ഉഴവൂരിന്റെ ഈ വാക്കുകള്‍ക്കൊപ്പം ഒരു പല്ലും താഴെ വീണു. ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി കാണിച്ചതോടെ വീഡിയോ വൈറലായി. ഉമ്മന്‍ചാണ്ടിയെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമ്പോള്‍ ഇങ്ങിനെയൊക്കെ സംഭവിക്കുമെന്നായി ഉഴവൂര്‍. “ഇതുകൊണ്ടൊന്നും ചന്തുവിനെ തോല്‍പ്പിക്കാനാവില്ലെന്നും” അദ്ദേഹം പറഞ്ഞുവെച്ചു.

രാഷ്ട്രീയത്തിലെ ഈ ചിരിയാണ് മായുന്നത്. രാഷ്ട്രീയത്തിലെ ഹാസ്യസാമ്രാട്ടായിരുന്നു ഉഴവൂര്‍ വിജയന്‍. നര്‍മത്തിലൂടെ രാഷ്ട്രീയ വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്ന അസാധാരണ പ്രതിഭ. നര്‍മത്തെയും ആക്ഷേപഹാസ്യത്തെയും ഉപയോഗപ്പെടുത്തി സങ്കീര്‍ണമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ലളിതമായി കൈകാര്യം ചെയ്തു. അപ്പോഴും ലളിതവും സൗമ്യവുമായ ഇടപെടലുകളിലൂടെ എതിര്‍ ചേരിയിലുള്ളവരുടെ സ്‌നേഹവും സൗഹൃദവും പിടിച്ചുപറ്റി.

ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുമെന്ന ഒരു നോട്ടീസ് മതി. അല്ലെങ്കില്‍ ഒരു അനോണ്‍സ്‌മെന്റ്. പൊതുയോഗത്തിന് ആളുകള്‍ കൂടും. ഇതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കാലത്ത് ഒരു ഒഴിവും ഉണ്ടായിരുന്നില്ല. സ്വന്തം മണ്ഡലത്തില്‍ പ്രസംഗിക്കാന്‍ എല്ലാവര്‍ക്കും ഉഴവൂര്‍ തന്നെ വേണം. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ സ്ഥാനാര്‍ഥിയേക്കാളും തിരക്ക് വിജയനായിരുന്നു. ഉഴവൂര്‍ വിജയനെ പ്രസംഗത്തിനായി കിട്ടാന്‍ പാര്‍ട്ടികള്‍ മത്സരിച്ചു. അവരെയൊന്നും നിരാശരാക്കാതെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ വിജയന്‍ ഓടി കൊണ്ടിരുന്നു.

സമരമുഖങ്ങളിലും നിറസാന്നിധ്യമായിരുന്നു വിജയന്‍. എല്‍ ഡി എഫ് നടത്തുന്ന ഏത് പ്രക്ഷോഭമായാലും ഉഴവൂരിന്റെ പ്രസംഗം അവിഭാജ്യഘടകം. പൊതുയോഗമായാലും സമരമായാലും ഉദ്ഘാടനം കഴിഞ്ഞാല്‍ ആളുകള്‍ മടങ്ങുന്ന പതിവുണ്ട്. ഇത് തടഞ്ഞ് നിര്‍ത്താനുള്ള ഒറ്റമൂലിയായിരുന്നു ഉഴവൂര്‍. ഓരോ പ്രസംഗം കഴിയുമ്പോഴും ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കാനുണ്ടെന്ന് സംഘാടകര്‍ ഉണര്‍ത്തിക്കൊണ്ടിരിക്കും.

ചിലപ്പോള്‍ നേതാക്കള്‍ എത്തും മുമ്പ് പ്രസംഗം തുടങ്ങും. പിന്നാലെ പ്രവര്‍ത്തകരുടെ ഒഴുക്കായിരിക്കും. എതിരാളികള്‍ക്കെതിരെ ചെറിയ കൊട്ടുകള്‍ നല്‍കി തുടങ്ങുന്ന പ്രസംഗം കത്തിക്കയറുമ്പോഴേക്കും സദസാകെ പൊട്ടിച്ചിരിക്കും. കൃത്യമായ തയ്യാറെടുപ്പോടെയാണ് പ്രസംഗം. രാവിലെ പത്രങ്ങള്‍ വായിച്ചും ടി വി കണ്ടും അല്‍പം നേരം ഇരിക്കും. പ്രസംഗത്തിന്റെ “വിഭവങ്ങള്‍” തയ്യാറാക്കുന്നത് ഈ സമയത്താണ്. ആലോചിച്ച് കണ്ടെത്തുന്നതു കുറിക്കുകൊള്ളുന്ന വാക്കുകളായിരിക്കും. ടി വിയിലെ സറ്റയര്‍ പരിപാടിയില്‍ ഇടംപിടിക്കാനല്ലേ ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നതെന്ന് കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിപാടിയില്‍ ഉഴവൂരിനോട് ചോദ്യം. അതിനെന്താകുഴപ്പമെന്ന് മറുപടി. കാരണവും പറഞ്ഞു. “ടി വി പരിപാടികളില്‍ റേറ്റിംഗ് കൂടുതല്‍ ക്രൈം വാര്‍ത്തകള്‍ക്കും തമാശപരിപാടികള്‍ക്കുമാണ്. ഈ പ്രായത്തില്‍ ഇനി കുറ്റകൃത്യം ചെയ്ത് വാര്‍ത്തകളില്‍ വരാനുള്ള പ്രാപ്തിയില്ല. അത് കൊണ്ടാണ് തമാശയില്‍ കയറി പിടിച്ചത്”.

എന്‍ സി പി, മുന്നണിയിലെ ചെറുകക്ഷിയായിരുന്നെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും “വലിയ” കക്ഷിയായി. ഒരു കാലത്ത് രാഷ്ടീയ സഹപ്രവര്‍ത്തകനായിരുന്ന ഉമ്മന്‍ചാണ്ടി മുതല്‍ എതിര്‍ചേരിയിലെ എല്ലാ നേതാക്കളും പാര്‍ട്ടികളും ഉഴവൂരിന്റെ നര്‍മത്തിനിരയായി. നാട്ടുകാരനായ കെ എം മാണി തന്നെയായിരുന്നു ഉഴവൂര്‍ നര്‍മത്തിന്റെ പ്രധാന ഇരകളിലൊരാള്‍. പാലയില്‍ 2001ല്‍ മാണിക്കെതിരെ മത്സരിച്ചിട്ടുമുണ്ട്. 23000 ലധികം വോട്ടിന് തോറ്റു. തോറ്റതിനെക്കുറിച്ചുള്ള ചോദ്യത്തിന് സ്വതസിദ്ധശൈലിയില്‍ ഉഴവൂരിന്റെ മറുപടി. പാലായില്‍ മാണിയെ പോലൊരാളുടെ ഭൂരിപക്ഷം കുറച്ചാല്‍ തന്നെ വിജയിക്കുന്നതിന് തുല്ല്യമല്ലേ. “വിജയസാധ്യത മുന്നില്‍ കണ്ടല്ല കെ എം മാണിക്കെതിരെ മത്സരിച്ചത്. എന്നെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അന്ന് വിജയ സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോള്‍ സാധാരണ ഒരു സ്ഥാനാര്‍ഥിയും പറയാത്ത കാര്യം ഞാന്‍ പറഞ്ഞു; തോറ്റുപോകും. മറ്റൊരാള്‍ ചോദിച്ചു എന്തായിരുന്നു അനുഭവമെന്ന്. ഞാന്‍ പറഞ്ഞു ബെന്‍സ് ഇടിച്ചാണല്ലോ മരിച്ചത്, ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ?

ഇനിയുള്ള കാലം മാണി സാറെ പ്രസംഗിച്ച് തോല്‍പ്പിക്കുമെന്ന ശപഥവും. പിന്നീടങ്ങോട്ട് എല്ലാ പ്രസംഗങ്ങളിലും മാണിയെ നന്നായി കൈകാര്യം ചെയ്തു. ബാര്‍കോഴ കാലത്ത് കണക്കിന് കൊടുത്തു. യു ഡി എഫ് സര്‍ക്കാര്‍ ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുന്ന വേളയില്‍ ഉഴവൂര്‍ പറഞ്ഞു. മന്ത്രി പി കെ ജയലക്ഷ്മി ഒഴികെ എല്ലാവരും പണം വാങ്ങിയിട്ടുണ്ട്. ജയലക്ഷ്മി വാങ്ങിയിട്ടില്ല. അവര്‍ക്ക് എണ്ണാന്‍ അറിയാത്തത് കൊണ്ടാണിതെന്നും ഉഴവൂര്‍. “ഉഡായിപ്പ് ഡവലപ്‌മെന്റ് ഫ്രണ്ട്” എന്നാണ് യു ഡി എഫിനെ അന്ന് ഉഴവൂര്‍ വിശേഷിപ്പിച്ചത്. പ്രസംഗങ്ങളില്‍ മാണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ഇരയായപ്പോഴും അവരോടെല്ലാം നല്ല സൗഹൃദത്തിലുമായിരുന്നു. “തനിക്ക് പ്രസംഗിക്കാനുള്ള ഉത്പന്നമാണല്ലോ ഞാനെ”ന്ന് ഒരിക്കല്‍ ഉമ്മന്‍ചാണ്ടി നേരില്‍ പറഞ്ഞ കാര്യം ഉഴവൂര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.

പിന്നീടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉഴവൂരിനോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ഞാന്‍ നടന്ന് പോകുമ്പോള്‍ സ്ഥിരം തോല്‍ക്കുന്ന പാര്‍ട്ടിയാണെന്ന് നാട്ടുകാര്‍ പറയില്ലേയെന്നായിരുന്നു അതിനുള്ള മറുപടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിപിടിക്കരുതെന്നും നിലപാട്.”എല്ലാവരും അസംബ്ലിയിലേക്ക് പോയാല്‍ പുറത്തും ആളുവേണ്ടേ”–അദ്ദേഹം ചോദിച്ചു. സീറ്റ് കിട്ടിയില്ലെങ്കില്‍ മരിക്കാനൊന്നും പോകുന്നില്ല. പക്ഷേ, എല്‍ ഡി എഫിനായി മരിക്കാനും തയ്യാറാണ്. പറയുന്നത് നര്‍മത്തോടെയാണെങ്കിലും മുന്നണിയോടുള്ള അചഞ്ചലമായ കൂറ് വ്യക്തമാക്കുന്നതായിരുന്നു വാക്കുകള്‍.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തൃപ്പൂണിത്തുറയില്‍ എം സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉദ്ഘാടനം ചെയ്യുന്നത് വി എസ് അച്യുതാനന്ദനാണ്. നേതാവെത്തുന്നതുവരെ ജനത്തെ പിടിച്ചിരുത്തേണ്ട ചുമതല സംഘാടകര്‍ ഉഴവൂരിനെ ഏല്‍പ്പിച്ചു. വിജയന്‍ കത്തികയറി–””മാണി സാറിനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. അതേ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. സ്വരാജും സ്വര്‍ഗത്തിലായിരിക്കും. സ്വരാജ് സ്വര്‍ഗം.. എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ അവിടെ കാണും. കാരണം ഞാനാണല്ലോ ഇവരെക്കുറിച്ച് കാര്യങ്ങള്‍ പറയുന്നത്. ഇവരൊന്നും പെട്ടെന്നൊന്നും ഇവിടെ നിന്ന് പോകാന്‍ പാടില്ല. ഇപ്പോള്‍ യു ഡി എഫ് ഐ സി യുവിലായിരിക്കുന്നു. ബാര്‍ കേസിന്റെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ വെന്റിലേറ്റര്‍ വച്ചു. ഇനി അച്ചന്‍ വന്ന് ഒരു അന്ത്യകൂദാശ കൊടുക്കുക. പിന്നെ പള്ളിമേടയിലേക്ക് എടുക്കുക. അപ്പോഴാണ് തൃപ്പൂണിത്തറക്കാരും കേരളത്തിലെ എല്ലാവരും പറയുന്നത് “അടി കപ്യാരെ കൂട്ടമണി””.

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനുമായി നാട്ടുകാരനെന്ന നിലയില്‍ ഉഴവൂരിന് അടുത്ത ബന്ധമുണ്ടായിരുന്നു. അക്കാലത്താണ് ഉഴവൂരിനൊരു അപകടം സംഭവിക്കുന്നത്. തൊടുപുഴയില്‍ പി ജെ ജോസഫിന്റെ പ്രചാരണത്തിനു പോകുകയായിരുന്നു ഉഴവൂര്‍ വിജയന്‍. നെല്ലാപ്പാറ വളവില്‍ വച്ചു നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞപ്പോള്‍ വിജയനു പരുക്കേറ്റു. പ്രഥമ ശുശ്രൂഷക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു. അപകടവിവരം രാഷ്ട്രപതി ഭവനിലുമെത്തി. വിവരമറിഞ്ഞ കെ ആര്‍ നാരായണന്‍ കോട്ടയം ജില്ലാ കലക്ടറായിരുന്ന സത്യജിത് രാജനെ വിവരം അറിയാന്‍ ആശുപത്രിയിലേക്ക് അയച്ചു. ആശുപത്രിയിലെത്തിയ കലക്ടര്‍ അപകടവിവരം അറിഞ്ഞില്ലല്ലോയെന്ന് ചോദിച്ചു. നര്‍മത്തില്‍ പൊതിഞ്ഞായിരുന്നു ഉഴവൂരിന്റെ മറുപടി. “ഇനി വിവരമറിയിച്ചിട്ട് അപകടത്തില്‍പ്പെടാന്‍ പറ്റുമോയെന്നു നോക്കാം”.

ദുഷ്ടമൃഗങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കാനിറങ്ങിയ പുലിമുരുകനെ പോലെ ദുഷ്ടശക്തികളില്‍ നിന്നും കേരളത്തെ രക്ഷിക്കാനെത്തിയ പുലിമുരുകനാണ് പിണറായി വിജയനെന്നായിരുന്നു ഉഴവൂരിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ “തള്ള്”. പൊതുവെ ചിരി കുറവുള്ള പിണറായി വിജയനടക്കം ഉഴവൂരിന്റെ പ്രസംഗം കേട്ട് ഊറി ചിരിച്ചു. തന്റെ പ്രസംഗത്തെ വെറും കോമഡിയായി കാണുന്നവര്‍ക്കും ഉഴവൂര്‍ കൃത്യമായ ഉത്തരം നല്‍കി. സാധാരണക്കാരാണ് പ്രസംഗം കേള്‍ക്കാന്‍ വരുന്ന കൂടുതല്‍ പേരും. പച്ച മനുഷ്യര്‍. അവരോട് കടുകട്ടിയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ ഗുണമുണ്ടാകില്ല. മനസ്സിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറയും. മേമ്പൊടിയായി കാലിക സംഭവങ്ങള്‍ ചേര്‍ക്കും. തമാശയിലൂടെ കാര്യങ്ങള്‍ പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നില്‍ക്കും.

കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. പഠിക്കുമ്പോള്‍ തന്നെ വിജയനൊപ്പം നര്‍മവുണ്ടായിരുന്നു. രാഷ്ട്രീയം തുടങ്ങിയത് കെ എസ് യുവില്‍. സംസ്ഥാനസെക്രട്ടറി പദവിയിലെത്തി. പിന്നീട് യൂത്ത് കോണ്‍ഗ്രസിലും സംസ്ഥാനസെക്രട്ടറി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ എ കെ ആന്റണിക്കൊപ്പം. പിന്നീട് കോണ്‍ഗ്രസ് എസില്‍. ഒടുവില്‍ എന്‍ സി പിയിലും. കോണ്‍ഗ്രസില്‍ നിന്ന് മാറിയപ്പോള്‍ ഇടത് പക്ഷത്തെത്തിയതാണ്.
പിന്നെ തിരിഞ്ഞ് നോക്കിയില്ല. രാഷ്ട്രീയത്തിനതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതില്‍ താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു ഉഴവൂര്‍. പ്രായോഗിക രാഷ്ട്രീയത്തേക്കാളുപരി ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായി. പ്രായോഗിക രാഷ്ട്രീയം കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ വലിയ പദവികള്‍ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു.

---- facebook comment plugin here -----

Latest