Connect with us

Articles

രാജ്യസ്‌നേഹം, അതല്ലേ എല്ലാം

Published

|

Last Updated

മഹാത്മന്‍,
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച്, ഇന്ത്യന്‍ യൂണിയനില്‍ നിന്ന് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിന് അങ്ങ് ശ്രമിച്ചത്, രാജ്യം ഹര്‍ഷോന്മാദത്തോടെ സ്വീകരിക്കുകയും പുളകിതഗാത്രരായ ജനം ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ ശാന്തരായി വരിനില്‍ക്കുകയും ചെയ്തത് ലോക ചരിത്രത്തിലെ തന്നെ അപൂര്‍വതയായിരുന്നു. വധശിക്ഷ വിധിക്കാന്‍ പരമോന്നത കോടതി നിശ്ചയിച്ച മാനദണ്ഡപ്രകാരമാണെങ്കില്‍ അപുര്‍വങ്ങളില്‍ അപൂര്‍വം. അന്നാ ചെയ്ത മഹദ്കൃത്യത്തിന് ശേഷം ഇന്ത്യന്‍ യൂണിയനാകെ മാറിപ്പോയി. വിപണിയില്‍ നിന്ന് തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ യന്ത്രങ്ങള്‍ക്ക് കഴിയാത്തിടത്തോളം മാറി.

സ്വതേ ദുരിതത്തിലായിരുന്ന കര്‍ഷകര്‍, കൂടുതല്‍ ദുരിതത്തിലാകകൊണ്ട് കടമെഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി. അനുസരണമാണ് പ്രധാനമെന്നും അതിലാണ് ദേശീയതയും രാജ്യസ്‌നേഹവുമെന്ന് ഉറപ്പുള്ള അങ്ങയുടെ പ്രതിപുരുഷന്‍ മധ്യപ്രദേശിലിരുന്ന് കാഞ്ചി വലിച്ചു. തൃണസമാനരായ ആറേഴെണ്ണം ഉടനടി തീര്‍ന്നു. എന്നാലും പ്രഖ്യാപിച്ചു കടമെഴുതിത്തള്ളല്‍. അവിടെ മാത്രമല്ല മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലുമൊക്കെ. വിപണിയിലുള്ള നോട്ടൊക്കെ പിന്‍വലിച്ചതോടെ ഖജാന നിറഞ്ഞുകവിയുമെന്നും ബാങ്കുകളാകെ കരുത്താര്‍ജിച്ച് ഇന്ത്യക്കാരല്ലാത്തവര്‍ക്കുവരെ കടം നല്‍കാന്‍ പാകത്തിലാകുമെന്നുമൊക്കെയാണ് നവംബര്‍ എട്ടിന് ശേഷമുള്ള ദിനങ്ങളില്‍ അങ്ങില്‍ തുടങ്ങി ഇങ്ങ് താഴെ തെക്കേയറ്റത്തുള്ള “ഗോ”പാലകൃഷ്ണന്‍മാര്‍ വരെ പറഞ്ഞിരുന്നത്. ഇത്ര കരുത്താര്‍ജിച്ചിട്ടും കാര്‍ഷിക കടം എഴുത്തിത്തള്ളണമെങ്കില്‍ അതിനുള്ള വെള്ളം സംസ്ഥാനങ്ങള്‍ തന്നെ വെക്കണമെന്ന് മേലധികാരത്തിലെ കണക്കപ്പിള്ള വിധിച്ചു. ആയിരവും അഞ്ഞൂറും പിന്‍വലിച്ചതോടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുമെന്ന കണക്ക് പിഴച്ചതാണോ, ഇവ്വിധം കൈകഴുകാന്‍ പ്രേരിപ്പിച്ചതെന്ന സംശയം ബലത്തില്‍ തന്നെയുണ്ട്.
പ്രഥമവും പ്രധാനവുമായി പറഞ്ഞ രണ്ട് ലക്ഷ്യങ്ങള്‍, അത് നിറവേറ്റിയെന്നതില്‍ തര്‍ക്കം വേണ്ട. അതില്‍ പരസ്യമായി തിളങ്ങിയത്, അടുത്തകാലത്തൊന്നും അധികാരം കണികാണില്ലെന്ന് ദേശീയാധ്യക്ഷന്‍ അമിത് ഷാ നേരിട്ട് വിലയിരുത്തിയ കേരളത്തിലായിരുന്നുവെന്നത് അങ്ങേക്ക് സമ്മാനിക്കുന്ന പുളകം എത്രത്തോളമായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഇരുപത്തിയേഴായിരത്തോളം സീറ്റില്‍ ആയിരത്തഞ്ഞൂറോളം മാത്രം ജയിച്ച, 140 അംഗ നിയമസഭയില്‍ ഒരിടത്ത് മാത്രം താമര വിരിയിച്ച, പാര്‍ലിമെന്റിലേക്ക് അങ്ങയുടെ ദയാദാക്ഷിണ്യമായ നാമനിര്‍ദേശം കൊണ്ട് മാത്രം അംഗത്വം ലഭിച്ച കേരളത്തില്‍ നിന്ന് ഇത്രയും സാധിച്ചുവെങ്കില്‍ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് എന്തൊക്കെ സാധിച്ചിട്ടുണ്ടാകും! കേന്ദ്രാധികാരം കൈയാളുന്നവര്‍ എത്ര നേട്ടമുണ്ടാക്കിയിട്ടുണ്ടാകും!
കേരളത്തിലെ നേട്ടത്തെ, അറിഞ്ഞ വിവരമനുസരിച്ച്, ഇങ്ങനെ സംഗ്രഹിക്കാം. പിന്‍വലിച്ച നോട്ട് എണ്ണിത്തീര്‍ക്കാന്‍ പ്രയാസപ്പെടുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പുതുതായി നോട്ട് അച്ചടിച്ചിറക്കുക ബുദ്ധിമിട്ടാണെന്ന് മനസ്സിലാക്കി തൃശൂരില്‍ (പാറമേക്കാവും തിരുവമ്പാടിയും വടക്കുംനാഥനെ സാക്ഷിയാക്കി പൂരം കൊള്ളുന്ന നാടാകയാല്‍ സ്ഥലം അങ്ങ് അറിയാതിരിക്കാന്‍ വഴിയില്ല) അങ്ങയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വന്തം കമ്മട്ടത്തില്‍ നോട്ട് അച്ചടിച്ചതാണ് അതില്‍ പ്രഥമം. രാജ്യസ്‌നേഹത്താല്‍ പ്രചോദിതമായ ഒന്നായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. തെറ്റായ പ്രചാരണം നടത്തുന്നവരുടെ സംതൃപ്തിക്ക് വേണ്ടി വേണമെങ്കില്‍ ഇതിനെ വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റമായി പാര്‍ട്ടി കണക്കാക്കും. നോട്ട് ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ പാകത്തില്‍ സ്വകാര്യ കമ്മട്ടം പ്രവര്‍ത്തിപ്പിക്കാതിരുന്നത് രാജ്യത്തോടുള്ള വഞ്ചനയായും കണക്കാക്കും.
മൂത്രമുള്‍പ്പെടെ ഗോക്കളുടെ അവശിഷ്ടങ്ങളുടെ ഔഷധമൂല്യം കണ്ടെത്താന്‍ കൊണ്ടുപിടിച്ച ശ്രമം അങ്ങയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടല്ലോ. ഇതിനുള്ള പഠനം കഴിഞ്ഞുവേണം മയില്‍ മുതല്‍ എലി വരെയുള്ളവയിലെ ഔഷധഗുണങ്ങള്‍ കണ്ടെത്താന്‍. അത് സാധിക്കണമെങ്കില്‍ രാജ്യത്ത് കൂടുതല്‍ ഭിഷഗ്വരന്‍മാരുണ്ടാകണം, ഗവേഷകന്‍മാരുണ്ടാകണം. അതിനുള്ള എളിയ ശ്രമമാണ് കേരളത്തിലെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി (മറ്റിടങ്ങളിലെ കണക്ക് വൈകാത വരുമെന്ന് കരുതാം) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിക്കൊടുക്കാന്‍ മുന്‍കൈ എടുത്തപ്പോള്‍ സംസ്ഥാന ബി ജെ പി ഘടകം നടത്തിയത്. ഇവിടെയും പ്രേരകഘടകം രാജ്യസ്‌നേഹം തന്നെ, സംശയം വേണ്ട. അംഗീകാരം വേഗത്തിലാക്കുക എന്ന ഉദ്ദേശ്യത്തില്‍ ഏതാനും കോടികള്‍ ആവശ്യപ്പെട്ടു, ഉദ്ദേശ്യശുദ്ധിയോടെ ഉത്തമവിശ്വാസത്തില്‍. അതുകൊണ്ട് അതിനെ അഴിമതിയായി കാണാനേ കഴിയില്ല. അങ്ങനെ കാണുന്നതും അഴിമതിയില്‍ ബി ജെ പിയുടെ സംസ്ഥാന നേതാക്കളില്‍ പലര്‍ക്കും പങ്കുണ്ടെന്ന് പറയുന്നതും തെറ്റായ പ്രചാരണമാണ് (കുപ്രചാരണമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നില്ല).
പണം വാങ്ങിയാല്‍ കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നത് സംഘചര്യയാണ്. അതില്‍ ഭംഗമുണ്ടായാല്‍ വഞ്ചന. വ്യക്തിയധിഷ്ഠിതമായ ക്രിമിനല്‍ കുറ്റം. പാര്‍ട്ടിയില്‍ നിന്ന് ഉടനടി പുറത്താക്കി. ഏതന്വേഷണവുമായും സഹകരിക്കാനും തീരുമാനിച്ചു. ഈ വഞ്ചനയന്വേഷിച്ച കമ്മീഷന്‍ ഒരു കാര്യം വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച പണം ഡല്‍ഹിയിലെത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ മുസ്‌ലിം ഹവാലക്കാരനിലൂടെയാണെന്ന്. നേരിട്ട് ഡല്‍ഹിയിലെത്തിക്കാന്‍ മാര്‍ഗമുണ്ടായിരിക്കെ, സംഗതി ഹവാലയാക്കാന്‍ ബി ജെ പി നേതാവിനെ/നേതാക്കളെ നിര്‍ബന്ധിച്ച, അവരെ വഴിതെറ്റിച്ച മുസ്‌ലിം ഹവാലക്കാരന്റെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതാണ്. അതുകൊണ്ടാണ് എന്‍ ഐ എ യെ തന്നെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ടത്. സംഗതി അഴിമതിയല്ലെന്ന് ഉറപ്പായിട്ടും അഴിമതിയാണെന്ന് തോന്നിപ്പിക്കും വിധത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മീഷന്‍ അംഗങ്ങള്‍ ദേശീയബോധത്തില്‍ നിന്ന് വ്യതിചലിച്ചോ എന്നതില്‍ സംശയമുണ്ട്. റിപ്പോര്‍ട്ട് ചോരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അവരിലൊരാളെയെങ്കിലും പുറത്താക്കേണ്ടത്, ഭാവിയില്‍ ഇത്തരം വ്യതിചലനമുണ്ടാകുന്നത് തടയാന്‍ പ്രധാനമാണ്.
അഴിമതിയുടെ കാര്യത്തില്‍ ബി ജെ പിയുടെ കേരള ഘടകം മുന്നോട്ടുവെക്കുന്ന, ദേശീയതയിലും രാജ്യസ്‌നേഹത്തിലും അധിഷ്ഠിതമായ ദര്‍ശനം അങ്ങ് അംഗീകരിക്കുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ദേശീയ നേതൃത്വത്തിന്റെ പ്രതിനിധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ ദര്‍ശനം ആവിഷ്‌കരിച്ചത് എന്നതിനാല്‍ ഇക്കാര്യം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായി അങ്ങയെ അറിയിക്കേണ്ട ഉത്തരവാദിത്തം അമിത് ഷായില്‍ നിക്ഷിപ്തവുമാണ്. ഈ ദര്‍ശനം അംഗീകരിക്കുന്നതോടെ ടെലികോം, കല്‍ക്കരി, കോമണ്‍വെല്‍ത്ത് എന്നിങ്ങനെ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകള്‍ പിന്‍വലിക്കാം. പണം വാങ്ങുകയോ സര്‍ക്കാര്‍ ഖജാനക്ക് നഷ്ടം വരുത്തുകയോ ചെയ്ത ഈ ഇടപാടുകളിലൊക്കെ എല്ലാ കമ്പനികള്‍ക്കും കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട്. കാര്യസാദ്ധ്യമുണ്ടായ സ്ഥിതിക്ക് വഞ്ചനാക്കുറ്റം പോലും നിലനില്‍ക്കില്ല. പുതിയ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമം ഭേദഗതി ചെയ്യുക എന്നത് അടിയന്തര ബാധ്യതയാണ്. അഴിമതി എന്നത് പണവുമായി ബന്ധപ്പെട്ട സംഗതിയായതിനാല്‍ ഭേദഗതി മണി ബില്ലായി അവതരിപ്പിച്ച്, തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്ക് ഭൂരിപക്ഷം ഇപ്പോഴുമുള്ള രാജ്യസഭയെ മറികടക്കാനും സാധിക്കും.

കാര്യസാദ്ധ്യമുണ്ടായാല്‍ അഴിമതിയല്ലെന്ന ദര്‍ശനം അങ്ങ് പ്രഖ്യാപിച്ച കള്ളപ്പണത്തോടുള്ള യുദ്ധത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കണം. വികാരം മുറ്റി നില്‍ക്കുന്ന ശബ്ദത്തില്‍ കാലാധന്‍ എന്ന് വിശേഷിപ്പിക്കുന്ന പണത്തില്‍ വലിയൊരു ഭാഗം സൃഷ്ടിക്കപ്പെടുന്നത് അഴിമതിയിലൂടെയാണ്. കാര്യസാദ്ധ്യം ലാക്കാക്കി പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് അഴിമതിയല്ലെന്ന ദര്‍ശനം അംഗീകരിക്കപ്പെടുന്നതോടെ കള്ളപ്പണത്തിന്റെ വലിയൊരു ഭാഗം ഉടനില്ലാതാകും. നോട്ട് പിന്‍വലിക്കുക, ആദായ നികുതി നിയമം ഭേദഗതി ചെയ്യുക, ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് കൂടാതെ പരിശോധനക്ക് അനുമതി നല്‍കുക തുടങ്ങിയ വിഷമകരമായ നടപടികളിലൂടെ അങ്ങ് ഇല്ലാതാക്കാന്‍ ശ്രമിച്ച കള്ളപ്പണത്തില്‍ വലിയൊരു ഭാഗത്തെ നിമിഷനേരം കൊണ്ട് അസാധുവാക്കാന്‍ പാകത്തില്‍ ദര്‍ശനമവതരിപ്പിച്ച ബി ജെ പിയുടെ കേരള ഘടകത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രത്യേക ദേശീയ കൗണ്‍സില്‍ വിളിച്ച് അഭിനന്ദനം ഔപചാരികമായി അറിയിക്കണം. ദേശീയ കൗണ്‍സില്‍ വിജയിക്കുന്നതിനൊപ്പം അതിന്റെ സംഘാടകരായ പാര്‍ട്ടി നേതാക്കളും വിജയിക്കണമെന്നത് മര്യാദ. ഔദ്യോഗിക പിരിവിനൊപ്പം അനൗദ്യോഗിക പിരിവ് നടത്തിയത് അതുകൊണ്ടാണ്. അനുകരണീയമായ മാതൃകയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ദേശീയബോധമില്ലാത്തതുകൊണ്ടും രാജ്യസ്‌നേഹത്തിന്റെ കുറവുമൊണ്ടുമാകണം. തെറ്റായ പ്രചാരണത്തിന്റെ മറ്റൊരു മുഖം. കാര്യസാദ്ധ്യമുണ്ടായിട്ടുണ്ട് എന്നതിനാല്‍ ഇവിടെ അഴിമതിയോ വഞ്ചനയോ നടന്നിട്ടില്ലെന്നത് പ്രത്യേകം സ്മരണീയമാണ്.

പിന്നെയുള്ളതൊക്കെ പഴങ്കഥകളാണ്. എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ അധികാരത്തിലിരുന്ന കാലത്ത് പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും അനുവദിക്കാന്‍ പണം വാങ്ങിയെന്നതാണ് അതിലൊന്ന്. പണം നല്‍കിയവര്‍ക്കൊക്കെ പമ്പോ എജന്‍സിയോ ലഭിച്ചതിനാല്‍ അഴിമതിയോ വഞ്ചനയോ ആരോപിക്കാനാകില്ല. അന്നത്തെ ഇടപാടിന് പണം വാങ്ങിയെന്ന് ആരോപിക്കപ്പെടുന്ന ചിലരൊക്കെ ഇന്ന് സംസ്ഥാന നേതൃത്വത്തിലുണ്ട്. കാര്യസാദ്ധ്യം ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞ് എന്ത് യോഗ്യതയാണ് ഉന്നത നേതൃതലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള യോഗ്യത! അത് മനസ്സിലാക്കാത്തവരാണ് പഴങ്കഥകള്‍ പാടി, തെറ്റായ പ്രചാരണം നടത്തുന്നത്.

അങ്ങ് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂമി ഇടപാടുകള്‍ ഈ ഘട്ടത്തില്‍ പ്രസക്തമാണ്. കണ്ണായ ഭൂമി തുച്ഛവിലക്ക് അദാനിക്കും ടാറ്റക്കുമൊക്കെ പാട്ടത്തിന് നല്‍കിയെന്നും ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ആരോപണം. അദാനി തുറമുഖം പണിതു, ടാറ്റ
കാര്‍ കമ്പനിയുണ്ടാക്കി… അങ്ങനെ കാര്യസാദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതേക്കുറിച്ചൊന്നും അന്വേഷണം പോലുമുണ്ടായില്ല. വികസനത്തിലെ ഗുജറാത്ത് മാതൃക എന്ന് ശരിയായി പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങയുടെ മാതൃക പിന്തുടര്‍ന്ന് തന്നെയാണ് കേരള ഘടകം പുതിയ ദര്‍ശനം അവതരിപ്പിച്ചിരിക്കുന്നത് എന്നത് കൂടുതല്‍ പുളകം സമ്മാനിക്കുന്നുണ്ടാകും. കേരളത്തില്‍ അധികാരത്തിലെത്തുക എന്നത് മോഹമായി സൂക്ഷിക്കാന്‍ പോലും ത്രാണിയില്ലാത്ത നേതൃനിര വികസനരംഗത്ത് ഇത്രയും സംഭാവനകള്‍ നല്‍കുന്നുണ്ടല്ലോ എന്നതിലും അങ്ങേക്ക് അഭിമാനിക്കാം.

 

---- facebook comment plugin here -----

Latest