Connect with us

Kerala

അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് എം എല്‍ എയുടെ ഭാര്യ; ഗൂഢാലോചനയുണ്ടെന്ന് പരാതിക്കാരിയുടെ സഹോദരിയും

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എം എല്‍ എക്ക് പിന്തുണയുമായി ഭാര്യയും പരാതിക്കാരിയുടെ സഹോദരിയും പുരോഹിതനും രംഗത്ത്. എം എല്‍ എയുടെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഭാര്യ ശുഭ പ്രതികരിച്ചു. ഒരു എം എല്‍ എക്കും സി പി എം പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഗൂഢാലോചനയെക്കുറിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. പരാതിക്കാരി വിന്‍സന്റിന്റെയും തന്റെയും ഫോണുകളില്‍ വിളിച്ചിരുന്നു. കുടുംബപ്രശ്‌നം കാരണം ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. വിന്‍സന്റിനൊപ്പം ഉറച്ചുനില്‍ക്കുന്നു. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും വിന്‍സന്റിന്റെ ഭാര്യ ശുഭ പറഞ്ഞു.

എം എല്‍ എയെ പിന്തുണച്ച് ഇരയായ വീട്ടമ്മയുടെ സഹോദരിയും രംഗത്തെത്തി. വിന്‍സന്റിനെതിരായ ആരോപണം അവിശ്വസനീയമെന്നു പരാതിക്കാരിയുടെ സഹോദരി പ്രതികരിച്ചു. പരാതിക്കാരി മാനസികസമ്മര്‍ദത്തിന് ചികില്‍സ തേടിയിരുന്നു. കുറേവര്‍ഷമായി മരുന്ന് കഴിക്കുന്നതായി അറിയാം. പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വിശ്വസിക്കുന്നു. സഹോദരീ ഭര്‍ത്താവ് എല്‍ ഡി എഫിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പിന്തുണയുണ്ടെന്നാണ് കരുതുന്നതെന്നും പരാതിക്കാരിയുടെ സഹോദരി പറഞ്ഞു.

കോവളം എം എല്‍ എ. എം വിന്‍സന്റിനെതിരെ മൊഴി നല്‍കിയില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെവന്നു കണ്ടിരുന്നു. എന്നാല്‍, എം എല്‍ എ പീഡിപ്പിച്ചെന്ന് പറഞ്ഞില്ലെന്നും ഫാ. ജോയ് മത്യാസ് പറഞ്ഞു. പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രീയും മൊഴികൊടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുരോഹിതന്റെ പ്രതികരണം.

അതേസമയം, എം വിന്‍സന്റ് എം എല്‍ എയെ സോണിയാ ഗാന്ധി ഇടപെട്ട് രാജിവെപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. വിന്‍സെന്റിന്റെ അറസ്റ്റില്‍ അസ്വാഭാവികത ഇല്ല. അറസ്റ്റ് രാഷ്ട്രീയപ്രേരിതമല്ല. മെഡിക്കല്‍ കോഴവിവാദത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വിന്‍സന്റിനെതിരായ കേസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയെന്നായിരുന്നു വിന്‍സന്റിനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം കെ മുരളീധരന്‍ എം എല്‍ എയുടെ പ്രതികരണം.

Latest