അഴിമതിയില്‍ കുരുങ്ങി ബിജെപി; വ്യാജ രസീത് ഉണ്ടാക്കി വന്‍തുക തട്ടി

Posted on: July 22, 2017 11:26 am | Last updated: July 22, 2017 at 6:30 pm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് വിവാദം കത്തിനില്‍ക്കുന്നതിനിടെ ബിജെപി നേതൃത്വത്തെ പരുങ്ങലിലാക്കി പുതിയ ആരോപണം. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ വേളയില്‍ വ്യാജ രസീത് ഉപയോഗിച്ചു ചില നേതാക്കള്‍ വന്‍ തുക പിരിച്ചുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാന സമിതി അംഗം എം മോഹനന്റെ നിര്‍ദേശപ്രകാരം വടകരയിലെ ഒരു പ്രസിലാണ് രസീത് അടിച്ചത്. 5,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്നുംമറ്റുമായി വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍. ദേശീയ കൗണ്‍സില്‍ സമ്മേളനം സമാപിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത് ഇപ്പോഴാണ്. രസീതിന്റെ ഒറിജിനല്‍ പ്രസ് ഉടമക്ക് വാട്‌സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും ഇതേ രീതിയിലുള്ള രസീത് അടിച്ച് നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവത്ര. വ്യാജരസീത് ഉപയോഗിച്ചുള്ള പിരിവിനെക്കുറിച്ചു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം നേരിട്ട് അന്വേഷണം നടത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. ഇതില്‍ പ്രസിന്റെ ഉടമയില്‍ നിന്നുള്ള രേഖകളും ഉള്‍പ്പെടുന്നു. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ എന്നിവര്‍ക്കായിരുന്നു ദേശീയ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ ചുമതല. ആരോപണത്തെ തുടര്‍ന്ന് ഇരുവരോടും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ വിശദീകരണം തേടി.