മുക്കം നഗരസഭയില്‍ അഞ്ച് വര്‍ഷത്തിനകം 500 വീടുകള്‍ ലക്ഷ്യംവെച്ച് ഭവന പദ്ധതി

Posted on: July 22, 2017 10:07 am | Last updated: July 22, 2017 at 10:07 am
SHARE

മുക്കം: ഭവനരഹിതര്‍ക്ക് കൈതാങ്ങായി മുക്കം നഗരസഭയില്‍ പി എം എ വൈ പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. 2022 ഓടെ ഭവനരഹിതരില്ലാത്ത മുക്കമാണ് നഗരസഭ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേ പ്രകാരം നഗരസഭയില്‍ 126 കുടുംബങ്ങളാണ് വീടില്ലാത്തവരായി കണ്ടെത്തിയത്. ഇവര്‍ക്ക് ഈ വര്‍ഷം പദ്ധതി പ്രകാരം വീട് നല്‍കും.

മൂന്ന് ലക്ഷമാണ് അനുവദിക്കുക. ഇതില്‍ ഒന്നര ലക്ഷം കേന്ദ്ര സര്‍ക്കാറും അന്‍പതിനായിരം രൂപ വീതം സംസ്ഥാന സര്‍ക്കാറും നഗരസഭയും നല്‍കും. അന്‍പതിനായിരം ഗുണഭോക്തൃവിഹിതമാണ്. 5 സെന്റ് ഭൂമി സ്വന്തമായുള്ളവര്‍ക്ക് പദ്ധതി പ്രകാരം വീട് ലഭിക്കും. 5 വര്‍ഷം കൊണ്ട് 500 കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ പറഞ്ഞു.
നഗരസഭയായതോടെ നിലവില്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്ന് ലഭിച്ചിരുന്ന നിരവധി പദ്ധതികളും സഹായങ്ങളും നിലച്ചിരുന്നു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം അയ്യങ്കാളി പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി പുതിയ നഗരസഭകളില്‍ അംഗീകാരം വാങ്ങാന്‍ മുക്കം നഗരസഭക്കായിരുന്നു. ഇതിന് പിറകെയാണിപ്പോള്‍ ഭവന പദ്ധതിക്കും അംഗീകാരം ലഭിച്ചത്.

പദ്ധതിയുടെ ആദ്യ ഗഡു വിതരണം ഇന്ന് രാവിലെ 10ന് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തില്‍ നടക്കും. ജോര്‍ജ് എം തോമസ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here