കോഴ വിവാദം കത്തുന്നു; ബിജെപി നേതൃയോഗം ഇന്ന്

Posted on: July 22, 2017 8:58 am | Last updated: July 22, 2017 at 11:31 am
SHARE

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം കത്തിനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് ചേരും. രാവിലെ പത്ത് മുതല്‍ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലാണ് യോഗം. സംസ്ഥാന ഭാരവാഹികളെ കൂടാതെ ജില്ലാ പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജ് അഴിമതി കൂടാതെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഒരുപിടി അഴിമതി ആരോപണങ്ങളാകും ഇന്നത്തെ യോഗത്തിലുണ്ടാകുക. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ജാഗ്രത കുറവുണ്ടായെന്ന വിമര്‍ശവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഒരുപിടി പുതിയ ആരോപണങ്ങളാണ് പാര്‍ട്ടിയെ തിരിഞ്ഞ് കുത്തുന്നത്. അതിനാല്‍ തന്നെ ഇന്നതെ യോഗം സംഭവബഹുലമാകും. ആരോപണ- പ്രത്യാരോപണങ്ങളുമായി ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ കേന്ദ്ര നേതൃത്വത്തിന് പരാതി അയക്കുകയാണ്. പാര്‍ലിമെന്റില്‍ രണ്ടാം ദിവസവും അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടതോടെ ദേശീയ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടു. റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ദേശീയ സെക്രട്ടറി എച്ച് രാജ, കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരോടാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശഖരനെ ഫോണില്‍ ബന്ധപ്പെട്ട അമിത് ഷാ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന സംസ്ഥാന സെക്രട്ടറി എ കെ നസീറിനെതിരെ നടപടിയെടുക്കും.എ കെ നസീറില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. നസീറിന്റെ ഇമെയിലില്‍ നിന്ന് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ ആലുവയിലുള്ള ഹോട്ടലിന്റെ ഇ മെയിലിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നാണ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചതെന്ന പ്രാഥമിക വിലയിരുത്തലിലാണ് പാര്‍ട്ടി സംസ്ഥാന ഘടകം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്റെ ഇ മെയിലിലൂടെ ചോര്‍ത്തി നല്‍കി, കുമ്മനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് നസീറിനെതിരെ നടപടിയെടുക്കുക.

അതേസമയം, നടപടി പ്രതിരോധിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അഴിമതി നടത്തിയ വിഷയത്തെ മാറ്റിനിര്‍ത്തി, റിപ്പോര്‍ട്ട് ചോര്‍ച്ച മാത്രം ചര്‍ച്ച ചെയ്യുന്നതില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധര പക്ഷത്തിന് എതിര്‍പ്പുണ്ട്. ജൂണ്‍ ആറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടിയൊന്നും എടുക്കാതെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടായതെന്നതടക്കമുള്ള വാദങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.
പണമിടപാടുകളുടെ പേരില്‍ നോട്ടപ്പുള്ളിയായിരുന്ന ആര്‍ എസ് വിനോദിന്റെ പ്രവര്‍ത്തനങ്ങളെ വേണ്ടവണ്ണം തിരിച്ചറിയാന്‍ രമേശിനായില്ല. തന്റെ വിശ്വസ്തനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിനോദ് നടത്തിയ കോടികളുടെ അഴിമതി മനസ്സിലാക്കാനോ, തടയാനോ രമേശിനായില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. ഒരു ഘടകത്തിലും ചുമതലയില്ലാത്ത രാകേഷ് ശിവരാമന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെ സ്ഥിരം സാന്നിധ്യമായതെങ്ങനെ എന്ന ചോദ്യമാണ് കുമ്മനത്തിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ വരുന്നതും നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ ആറ് ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന പരാതി ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിന് അനധികൃതമായി രശീതി അടിച്ച് പണം പിരിച്ചെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ബേങ്ക് ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പത്ത് ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുമുണ്ട്. സംസ്ഥാന ഘടകത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.