മെഡിക്കല്‍ കോഴ: വിജിലന്‍സ് അന്വേഷണം തുടങ്ങി

Posted on: July 21, 2017 11:37 am | Last updated: July 21, 2017 at 2:07 pm

കണ്ണൂര്‍: മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ വേണ്ടി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.  മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയനില്‍ പാസിങ് ഓൗട്ട് പരേഡിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.’

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്‌ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാന്‍ സംസ്ഥാന ബി ജെ പി നേതാക്കള്‍ ഉള്‍പ്പെടെ 5.6 കോടി രൂപ കോഴ വാങ്ങിയെന്ന് പാര്‍ട്ടി തന്നെ നടത്തിയ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരടക്കം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തായത്. കോഴ വാങ്ങിയെന്ന് സ്ഥിരീകരിച്ചതിനൊപ്പം ഇത് കുഴല്‍പ്പണമായി ഡല്‍ഹിയിലെത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ആര്‍ ഷാജി ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെയാണ് പണം എല്‍പ്പിച്ചത്.