കൂരിരുള്‍ നീങ്ങും, സൂര്യനുദിക്കും, താമര വിരിയും, പോക്കറ്റു നിറയും- ബിജെപിയെ പരിഹസിച്ച് ജയശങ്കര്‍

Posted on: July 21, 2017 11:08 am | Last updated: July 21, 2017 at 1:13 pm
SHARE

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജിന് അനുമതി നേടിക്കൊടുക്കാന്‍ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണത്തില്‍ ബിജെപിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി. പണമാണ് ഈശ്വരന്‍ എന്നു വിശ്വസിക്കുന്നവരുടെ പാര്‍ട്ടിയാണ് ബിജെപി. ഈ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒരിക്കലും ദരിദ്രരാകില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഞ്ച് കോടി അറുപതു ലക്ഷം രൂപ കോഴ വാങ്ങിയ വിനോദിനെ ബിജെപിയില്‍ നിന്ന് പടിയടച്ചു പിണ്ഡംവെച്ചത് കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണെന്നും ജയശങ്കര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യ മേടിക്കല്‍ കോളജിന് അംഗീകാരം മേടിച്ചു കൊടുക്കാന്‍ വെറും അഞ്ചു കോടി അറുപതു ലക്ഷം മേടിച്ച് പാര്‍ട്ടിയുടെ ദുഷ്‌പേരിനു കളങ്കം ചാര്‍ത്തിയ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെ ബിജെപിയില്‍ നിന്ന് പടിയടച്ചു പിണ്ഡംവെച്ചു.
കാശുമേടിച്ചതിനല്ല, കാര്യം നടത്തിക്കൊടുക്കാതെ ചീത്തപ്പേരുണ്ടാക്കിയതിനാണ് ഈ ശിക്ഷ.
ടൂജീ സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ്.. കോണ്‍ഗ്രസിന്റെ അഴിമതികള്‍ എണ്ണിപ്പറഞ്ഞവരാണ്, രാജ്യസ്‌നേഹികള്‍. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കള്‍.
പണമാണ് ഈശ്വരന്‍ എന്നു വിശ്വസിക്കുന്നവരുടെ പാര്‍ട്ടിയാണ് ബിജെപി. ഈ പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒരിക്കലും ദരിദ്രരാവില്ല.
കൂരിരുള്‍ നീങ്ങും, സൂര്യനുദിക്കും, താമര വിരിയും, പോക്കറ്റു നിറയും.

 

LEAVE A REPLY

Please enter your comment!
Please enter your name here