77 അസാധു വോട്ടുകള്‍; 21 പേര്‍ എം പിമാര്‍

Posted on: July 21, 2017 9:33 am | Last updated: July 21, 2017 at 9:33 am
SHARE

ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറില്‍ തന്റെ സ്ഥാനാര്‍ഥിക്ക് നേരെ 1 (ഒന്ന്) എന്ന് എഴുതേണ്ട കാര്യമേയുള്ളൂ. എന്നാല്‍ ഇക്കാര്യത്തില്‍ 77 ജനപ്രതിനിധികളാണ് തെറ്റു വരുത്തിയത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ 77 അസാധു വോട്ടുകളില്‍ 21 എണ്ണം എം പിമാരുടേതാണ്. 56 എണ്ണം എം എല്‍ എമാരുടേതും. അസാധു വോട്ടിന്റെ മൊത്തം മൂല്യം 20,942 വരും. 1997ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 171 ആയിരുന്നു അസാധു വോട്ടുകള്‍ (32 എം പിമാര്‍). 2002ല്‍ ഇത് 174 ആയി ഉയര്‍ന്നു (42 എം പിമാര്‍). 2012ല്‍ 69 ആയി അസാധു താഴ്ന്നു (15 എം പിമാര്‍).

ഏറ്റവും കൂടുതല്‍ എം എല്‍ എമാര്‍ വോട്ട് അസാധുവാക്കിയത് പശ്ചിമ ബംഗാളില്‍ നിന്നാണ്-10. തൊട്ടു പിറകേ ഡല്‍ഹിയാണ്- ആറ്. ഇത് മിക്കവാറും എ എ പി. എം എല്‍ എമാരുടേതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും മൂന്ന് വീതം അസാധുക്കള്‍ വന്നു. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് അസാധു വോട്ടില്ല.