Connect with us

National

'ഇനി നമുക്ക് റോഡ് വരും, ആശുപത്രിയും; ആഘോഷിക്കൂ'

Published

|

Last Updated

രാംനാഥ് കോവിന്ദിന് വേണ്ടി ജന്‍മഗ്രാമത്തില്‍ പൂജ നടത്തുന്ന ബി ജെ പിക്കാര്‍

കാണ്‍പൂര്‍ ദേഹാത് (യു പി): ഇന്നലെ ഉച്ചയോടെ തന്നെ ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ദേഹാത് ജില്ലയിലെ പരൗഖ് ഗ്രാമം ആഘോഷം തുടങ്ങിയിരുന്നു. രാജ്യത്തിന്റെ 14ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിന്റെ ജന്‍മ ഗ്രാമമാണ് പരൗഖ്. ജനങ്ങള്‍ തെരുവിലിറങ്ങി നൃത്തം ചെയ്യുകയും പാടുകയും ധോലുകള്‍ മുഴക്കുകയും ചെയ്തു. നാച് ലേനെ മെയ്‌നു…നാച് ലേനെ ദെ… ബാബാ കി ബനി സര്‍ക്കാര്‍… കി ആജ് മെയ്‌നു നാച്ച് ലേനെ ദെ (നമുക്ക് നൃത്തം വെക്കാം… നമുക്ക് ഇന്ന് നൃത്തം ചെയ്യാം… ബാബയുടെ സര്‍ക്കാര്‍ വരുന്നു)- ഹൃദയം നിറഞ്ഞ സന്തോഷത്തില്‍ അവര്‍ പാടി. നെയ്ത്തുകാരുടെ കുടുംബത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് രാജ്യത്തെ പ്രഥമ പൗരന്റെ അത്യുന്നതങ്ങളിലേക്ക് രാംനാഥ് കോവിന്ദ് വളരുമ്പോള്‍ അവര്‍ക്ക് ആഘോഷിക്കാതിരിക്കാനാകില്ല.
യുവാക്കളും കോവിന്ദിനെ നേരിട്ട് അറിയുന്ന മുതിര്‍ന്നവരും ഗ്രാമവാസികള്‍ ഒന്നാകെയും ചേര്‍ന്നപ്പോള്‍ തെരുവ് ജനനിബിഡമായി. അന്ന് രാംനാഥിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന കുടിലിന്റെ സ്ഥാനത്ത് ഇന്നുള്ളത് താന്‍ പണികഴിപ്പിച്ച രണ്ട് മുറി കമ്യൂണിറ്റി സെന്റര്‍ ആണ്. സാധാരണഗതിയില്‍ ഈ കേന്ദ്രത്തില്‍ വലിയ ആളനക്കമുണ്ടാകാറില്ല. എന്നാല്‍ ഇന്നലെ വലിയ ആള്‍ക്കൂട്ടമായിരുന്നു. തൊട്ടടുത്ത് രാംനാഥ് കോവിന്ദ് പഠിച്ച പ്രൈമറി സ്‌കൂളുണ്ട്. അവിടെ ഇന്നലെ രാത്രി രാമായണ കഥയാട്ടത്തിന്റെ ആവേശമായിരുന്നു. ഗ്രാമത്തിലുള്ളവര്‍ ഒന്നാകെ പണം പിരിച്ചാണ് പരിപാടി നടന്നത്. ഗ്രാമത്തിന്റെ സ്വന്തം മകന്‍ രാജ്യത്തിന്റെ സര്‍വസൈന്യാധിപനാകുന്നതിന്റെ ആഘോഷം തന്നെയാണ് രാമകഥയാട്ടവും.

“ഇതാ ഞങ്ങളുടെ ഗ്രാമം ലോക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുകയാണ്. അതിന് മറ്റ് യോഗ്യതകളൊന്നും ഈ ഗ്രാമത്തിനില്ല. രാംനാഥ് കോവിന്ദിന്റെ മികവാണ് ഈ ഗ്രാമത്തിന് മേല്‍വിലാസം ഉണ്ടാക്കിയിരിക്കുന്നത്. ഇനിയിപ്പോള്‍ ഇവിടെ നല്ല റോഡുകളുണ്ടാകും. ആശുപത്രികള്‍ ഉണ്ടാകും. ഒരു പക്ഷേ കോളജ് തന്നെ ഉണ്ടായേക്കാം”- കോവിന്ദിന്റെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തിയ ഗൗരി ശങ്കര്‍ ശ്രീവാസ്തവ പറഞ്ഞു.
ഇവിടെ നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഝിഞ്ചാക് പട്ടണത്തില്‍ എത്താം. അവിടെയാണ് രാംനാഥിന്റെ മൂത്ത സഹോദരന്‍ പ്യാരേലാല്‍ കോവിന്ദ് താമസിക്കുന്നത്. അദ്ദേഹം മാത്രമല്ല നിയുക്ത രാഷ്ട്രപതിയുടെ മറ്റ് രണ്ട് സഹോദരന്‍മാരും ഇവിടുത്തെ ഓം നഗറില്‍ അടുത്തടുത്ത വീടുകളിലാണ് കുടുംബ സമേതം കഴിയുന്നത്. നാല് മക്കളില്‍ ഇളയ ആളാണ് കോവിന്ദ്. വീടുകള്‍ക്ക് ഒട്ടും ആര്‍ഭാടമില്ല. എന്നാല്‍ ഉത്സവ ദിനത്തിലെന്നപോലെ ഇന്നലെ അലങ്കാരങ്ങളില്‍ തിളങ്ങി നിന്നു ഈ വീടുകള്‍.
ഡി ജെ സംഘമാണ് ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. അവര്‍ ചടുല താളത്തിലുള്ള പാട്ടുകള്‍ പാടി. ഭോജ്പൂരി മാതൃകയില്‍ പാട്ടും നൃത്തവും. “രാംനാഥ് ഒരിക്കലും ഒരു റബ്ബര്‍ സ്റ്റാമ്പ് ആയിരിക്കില്ല. അവന് തന്റേതായി അഭിപ്രായങ്ങളുണ്ടായിരുന്നു, എല്ലാ കാര്യത്തിലും. കൂടുതല്‍ ഇടപെടല്‍ ഇഷ്ടപ്പെടാത്ത പ്രകൃതം.

കൈപിടിച്ചു നടത്തുന്നതും ഇഷ്ടമല്ല”- അവേശഭരിതനായി പ്യാരേലാല്‍ പറഞ്ഞു. 76കാരനായ പ്യാരേലാല്‍ രാം നാഥ് കോവിനേക്കാള്‍ അഞ്ച് വയസ്സ് മൂത്തതാണ്. പട്ടണത്തില്‍ ചെറിയ തുണിക്കട നടത്തുകയാണ് പ്യാരേലാല്‍. ഗോല്‍ഗപ്പ വില്‍പ്പനക്കാരനാണ് പ്യാരേലാലിന്റെ പുതിയ സുഹൃത്തായ പവന്‍. അദ്ദേഹം ഒരു ഉന്തു വണ്ടിയില്‍ കൊണ്ട് നടന്ന് പലഹാരം വില്‍ക്കുന്നു. തനിക്ക് വ്യക്തിപരമായി രാംനാഥ് കോവിന്ദിനെ അറിയില്ലെന്ന് പറയുന്നു പവന്‍. എന്നാല്‍ ഇന്നലെ മുഴുവന്‍ അദ്ദേഹം ഗോല്‍ഗപ്പ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുത്തു. എന്റെ സുഹൃത്തിന്റെ സഹോദരന്‍ പ്രഥമപദമേറുമ്പോള്‍ ഞാന്‍ അത്രയെങ്കിലും ചെയ്യേണ്ടേ- പവന്‍ ചോദിക്കുന്നു.

---- facebook comment plugin here -----

Latest