ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നു

Posted on: July 21, 2017 12:01 am | Last updated: July 21, 2017 at 12:01 am
SHARE

ജറൂസലം: സംഘര്‍ഷം നിലനില്‍ക്കെ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ യുവാവിനെ വെടിവെച്ചു കൊന്നു. വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ സൈനികനെ കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് യുവാവിനെ സൈന്യം വെടിവെച്ചു കൊന്നത്. എന്നാല്‍ ഫലസ്തീന്‍ യുവാവിന്റെ ആക്രമണത്തില്‍ ഏതെങ്കിലും ഇസ്‌റാഈല്‍ സൈനികന് പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. തെക്കന്‍ ബെത്‌ലഹേമിലെ തുഖുവിലാണ് സംഭവം അരങ്ങേറിയത്.

വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നതെങ്കിലും ദൃക്‌സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിന് മേല്‍ വാഹനം കയറ്റിക്കൊല്ലുകയായിരുന്നു. മുഹമ്മദ് ഹുസൈന്‍ അഹ്മദ് എന്ന 26കാരനായ ഫലസ്തീന്‍ യുവാവിനെയാണ് ഇസ്‌റാഈല്‍ സൈന്യം ദാരുണമായി കൊലപ്പെടുത്തിയതെന്ന് ഫലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു. മുഹമ്മദ് ഹുസൈന്‍ അഹ്മദിനടുത്തേക്ക് ഫലസ്തീന്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സിന് ഇസ്‌റാഈല്‍ സൈന്യം പ്രവേശനം നിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം ഇസ്‌റാഈല്‍ സൈന്യം വധിച്ച ഫലസ്തീനികളുടെ എണ്ണം 46 ആയി. ഇതേ കാലയളവില്‍ പത്ത് ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2015 മുതല്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 250 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here