പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു

Posted on: July 20, 2017 10:31 pm | Last updated: July 21, 2017 at 9:47 am
SHARE

കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയ പ്രതീഷിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ഓഫീസിലെത്തി കൈമാറിയെന്നു സുനില്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നടപടി ചട്ടം 41 (എ) പ്രകാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടിസ് നല്‍കി. എന്നാല്‍ നോട്ടിസ് ലഭിച്ചതിനു പിന്നാലെ പ്രതീഷ് ചാക്കോ ഒളിവില്‍ പോകുകയായിരുന്നു.

തുടര്‍ന്ന് പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, നിലവില്‍ പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള രേഖകള്‍ പ്രകാരം ഹര്‍ജിക്കാരനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണുള്ളതെന്നു കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുചെയ്യുകയുമായിരുന്നു.