Connect with us

Kerala

ബിജെപി സംസ്ഥാന നേതാക്കളുടെ മെഡിക്കല്‍ കോഴ: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്‌

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷിക്കും. വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്. ആര്‍എസ് വിനോദ് വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ഷാജിയില്‍ നിന്ന് അഞ്ച് കോടി അറുപത് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു കണ്ടെത്തല്‍.

ബിജെപി സംസ്ഥാന നേതാവ് എംടി രമേശിന്റെ പേരും മൊഴിപ്പകര്‍പ്പിലുണ്ട്. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എംടി രമേശിന്റെ പേര് പറയുന്നത്.

കെ.പി ശ്രീശന്‍, എ.കെ നസീര്‍ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നു ആരോപണം അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാനചുമതലയുള്ള ആര്‍. സുഭാഷിനും കൈമാറിയിരുന്നു.

കോഴ വാങ്ങിയത് വിവാദമായതോടെ ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പാര്‍ട്ടിയുടെ പ്രാഥ്മിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും കേന്ദ്ര നേതൃത്വം അന്വേഷിക്കുമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.