ഗാസയിലെ 600 അമ്മമാര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഖത്വര്‍ ചാരിറ്റി

Posted on: July 20, 2017 7:41 pm | Last updated: July 20, 2017 at 7:41 pm
SHARE

ദോഹ: ഗാസയിലെ 600 അമ്മമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഖത്വര്‍ ചാരിറ്റിയുടെ വിദ്യാഭ്യാസ പദ്ധതി. പണം കൈകാര്യം ചെയ്യുന്നത്, കുട്ടികളെ പരിപാലിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് അമ്മമാരെ പഠിപ്പിക്കുക. സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ, മനഃശാസ്ത്രപരമായ സമീപനങ്ങള്‍ ഉള്‍പ്പെട്ടതാണു പദ്ധതി.

ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബോധവത്കരണം നല്‍കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങളെ എങ്ങനെ മറികടക്കാമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് അമ്മമാര്‍ക്കു വിദ്യാഭ്യാസം നല്‍കുകയെന്നു ഗാസ മുനമ്പിലെ ഖത്വര്‍ ചാരിറ്റി ഓഫിസിലെ ഡയറക്ടര്‍ മുഹമ്മദ് അബു ഹലബ് പറഞ്ഞു. കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്ന രീതികളെക്കുറിച്ച് അമ്മമാരെ ബോധവത്കരിക്കുകയാണ് പ്രധാന ലക്ഷ്യം.
അനാഥരുടെ അമ്മമാര്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ പ്രാധാന്യമുണ്ടെന്ന് അബു ഹലബ് ചൂണ്ടിക്കാട്ടി. പലസ്തീന്‍ ഡെമോക്രസി കോണ്‍ഫല്‍റ്റ് റെസലൂഷന്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഗാസ മുനമ്പിലെ അനാഥ കുട്ടികള്‍ക്ക് മനഃശാസ്ത്ര സഹായം നല്‍കാനുള്ള പദ്ധതിയും ഖത്വര്‍ ചാരിറ്റി അടുത്തിടെ നടപ്പാക്കിയിരുന്നു. 250 ഓളം കുട്ടികള്‍ക്കാണ് പദ്ധതി പ്രയോജനപ്പെട്ടത്. അനാഥ കുട്ടികളുടെ പരിചരണത്തിന്റെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ പദ്ധതിയിലൂടെ 1,250 അനാഥര്‍ക്കാണ് പ്രയോജനം ലഭിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here