Connect with us

Gulf

ശസ്ത്രക്രിയയിലൂടെ നട്ടെല്ലു നിവര്‍ത്തി എച്ച് എം സി വിദഗ്ധരുടെ അപൂര്‍വനേട്ടം

Published

|

Last Updated

ദോഹ: ഒമ്പത് വയസ്സുകാരന്റെ നട്ടെല്ലിന്റെ വളവ് ആധുനിക ശസ്ത്രക്രിയയിലൂടെ നേരെയാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ (എച്ച് എം സി) വിദഗ്ധര്‍ മികവു തെളിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ഗുരുതരമായ സ്‌കോളിയോസിസ് രോഗത്തെ തുടര്‍ന്ന് പ്രയാസം നേരിട്ട ആണ്‍കുട്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ജനിതക അവസ്ഥയെ തുടര്‍ന്ന് സ്‌കോളിയോസിസ് മസിലുകളെ ദുര്‍ബലമാക്കുന്ന അവസ്ഥയായിരുന്നു പ്രശ്‌നം. ഓര്‍ത്തോപീഡിയാക് ശസത്രക്രിയ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുല്‍ അസീസ് അല്‍ കുവാരിയുടെ നേതൃത്വത്തില്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. അലാ സക്കൗട്ട്, ഡോ. ഉമര്‍ അല്‍ നൂരി, ഡോ. നാസര്‍ ഖാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. നട്ടെല്ലില്‍ മജെക് റോഡുകള്‍ വെച്ചുപിടിപ്പിച്ചാണ് വളവ് നിവര്‍ത്തിയത്. കുട്ടികളിലെ നട്ടെല്ല് തകരാറുകള്‍ ശരിയാക്കുന്നതിനായുള്ള അത്യാധുനിക ചികിത്സാ രീതിയാണ് മജെക് റോഡുകളെന്ന് ഡോ. അല്‍ കുവാരി വ്യക്തമാക്കി. പരമ്പരാഗത കമ്പികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയോജനകരമാണ് മജെക് റോഡുകളെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ മജെക് റോഡുകളുടെ നീളം കൂട്ടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വേദനരഹിതമാണ് മജെക് റോഡുകള്‍ വെച്ചുപിടിപ്പിക്കുന്നത്. ഒരിക്കല്‍ മജെക് റോഡ് ഉള്ളില്‍ കടത്തിയാല്‍ പിന്നീട് തുടര്‍ ശസ്ത്രക്രിയ നടപടികള്‍ വേണ്ടതില്ല. കഴിഞ്ഞ വര്‍ഷം തുറന്ന ഹമദ് ജനറല്‍ ആശുപത്രിയുടെ പുതിയ ശസ്ത്രക്രിയ സമുച്ചയത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.