Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: മുഖ്യആസൂത്രകന്‍ ദിലീപെന്ന് പ്രോസിക്യൂഷന്‍

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യആസൂത്രകന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍. എല്ലാ പ്രതികളുടേയും മൊഴികള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിലേക്കാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ അവശ്യപ്പെട്ടു.

പള്‍സര്‍ സുനി നാലുതവണ ദിലീപിനെ കണ്ടതിന് തെളിവുണ്ട്. ഫോണില്‍ വിളിക്കുകയും ചെയ്തു. ദിലീപിനെ കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണം. ചരിത്രത്തിലെ ആദ്യത്തെ മാനഭംഗ ക്വട്ടേഷനാണ് ഇതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) കോടതിയില്‍ വാദിച്ചു. കേസിലെ നിര്‍ണായക തെളിവുകളടങ്ങിയ കേസ് ഡയറി പ്രോസിക്യൂഷന്‍ ഹാജരാക്കി. പള്‍സര്‍ സുനി ദിലീപിനയച്ച കത്തും പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി.

ആക്രമിക്കപ്പെട്ട നടി പോലും വ്യക്തിവിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ തടവില്‍ വെച്ചിരിക്കുന്നത് എന്തിനാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ രാംകുമാര്‍ ചോദിച്ചു. പ്രതിയെ കണ്ടാല്‍ ഗൂഢാലോചനയാകില്ലെന്നും അദ്ദേഹം വാദിച്ചു. കുറ്റം ചെയ്യാനുള്ള മാനസികഐക്യം ഉണ്ടെങ്കിലേ ഗൂഢാലോചനയാകൂ. സുനിയുമായി ദിലീപ് സംസാരിച്ചിട്ടില്ല. പോലീസിന്റെ വാദങ്ങള്‍ക്ക് തെളിവില്ല. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ലെന്നും ജാമ്യാപേക്ഷയില്‍ വാദിച്ചു.