Connect with us

Kerala

മെഡിക്കല്‍ കോളജ് കോഴ: ബിജെപി കേന്ദ്ര നേതൃത്വം വിശദീകരണം തേടി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തോട് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരണം തേടി. ആരോപണ വിധേയര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നുവെന്ന കാര്യവും ബിജെപി അന്വേഷിക്കും. സംഭവം ഏറെ ഗൗരവമുള്ളതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാന്‍ സംസ്ഥാന ബി ജെ പി നേതാക്കള്‍ കോഴ വാങ്ങിയെന്ന് പാര്‍ട്ടി തന്നെ നടത്തിയ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പേരടക്കം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് പുറത്താകുകയും ചെയ്തു.

സംസ്ഥാന ബി ജെ പിയില്‍ വന്‍പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് റിപ്പോര്‍ട്ട്. കോഴ വാങ്ങിയെന്ന് സ്ഥിരീകരിച്ചതിനൊപ്പം ഇത് കുഴല്‍പ്പണമായി ഡല്‍ഹിയിലെത്തിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. വര്‍ക്കല എസ് ആര്‍ കോളജ് ഉടമ ആര്‍ ഷാജി ബി ജെ പി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെയാണ് പണം എല്‍പ്പിച്ചത്. പുതുതായി മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷിക്കാന്‍ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരടങ്ങിയ സമിതിയെ ബി ജെ പി നിയോഗിച്ചത്. ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്.