Connect with us

Kerala

പുതിയ വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍

Published

|

Last Updated

ശബരിമല തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് മധ്യ തിരുവിതാംകൂറില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്റ്റേറ്റില്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇവിടെ വിമാനത്താവളം നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കി. റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ നേതൃത്വത്തിലുള്ള നാലംഗ ഉദ്യോഗസ്ഥ സമിതിയുടെ ശിപാര്‍ശ പരിഗണിച്ചാണ് തീരുമാനം.
രണ്ട് ദേശീയ പാതകളുടെയും അഞ്ച് പൊതുമരാമത്ത് റോഡുകളുടെയും സമീപത്തെ നിര്‍ദിഷ്ട മേഖലയില്‍ 2263 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെനിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്ററാണ് ദൂരം. കൊച്ചിയില്‍ നിന്ന് 113 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ചെറുവള്ളിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന് ഹാരിസണ്‍ കമ്പനി മറിച്ചുവിറ്റതാണ് ഈ ഭൂമി. ഉടസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പേര് ഒഴിവാക്കിയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
അതേസമയം, വിമാനത്താവള പദ്ധതി സ്വാഗതം ചെയ്യുന്നുവെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതരുടെ പ്രതികരണം. നിലവിലുള്ള നിയമക്കുരുക്കില്‍ വ്യക്തത വരുത്തണം. ഈ ഭൂമി സര്‍ക്കാറിന്റേതെന്ന വാദത്തില്‍ സ്റ്റേ വാങ്ങിയിട്ടുണ്ടെന്നും ബിലീവേഴ്‌സ് ചര്‍ച്ച് വിശദമാക്കി.

Latest